Wednesday, November 14, 2018

ഹനുമാൻ പറഞ്ഞു:
“ദേഹബുദ്ധ്യാതു ദാസോഹം
ജീവ ബുദ്ധ്യാ ത്വദംശക:
ആത്മബുദ്ധ്യാ ത്വമേവാഹം
ഇതിമേ നിശ്ചിതാമതി:”
വളരെ ലളിതമായ നാലുവരികളിൽ ഹനുമാൻ പറഞ്ഞത് മലയാളത്തിൽ ഇങ്ങിനെ പരിഭാഷപ്പെടുത്താം:
“ദേഹബുദ്ധിയിൽ ഞാനവിടുത്തെ ദാസനായി കൃതാർത്ഥനായ്
ജീവഭാവത്തിൽ താവകാത്മാവിൻ ഭാഗമായ് ഞാൻ വിലോലനായ്
ആത്മഭാവേന ഞാനവിടുത്തെ സത്തയിൽ വിലയിക്കവേ
ഞാനും ചൈതന്യ ധാരയും നിത്യമേകമാം സത്തതൊന്നല്ലോ”
ശരീരബുദ്ധി വച്ചുനോക്കുമ്പോൾ അങ്ങു സ്വാമി, ഞാൻ അങ്ങയുടെ സേവകൻ; ജീവബുദ്ധിയിൽ നോക്കുമ്പോൾ ഞാൻ അങ്ങയുടെ അംശം. അങ്ങയുടെ പ്രാഭവത്തിന്റെ ഒരംശം എന്നിൽ ജ്വലിക്കുന്നു. ആത്മഭാവത്തിൽ നോക്കുമ്പോൾ അങ്ങും ഞാനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. എല്ലാം ഒരേയൊരു പരം പൊരുൾ മാത്രം. അവിടെ ഞാനും നീയുമില്ല.
വാസ്തവത്തിൽ നാമെല്ലാവരും ഒരുദിവസത്തിൽ പലതവണ ഈ മൂന്നവസ്ഥ കളിലൂടെ കടന്നുപോവുന്നുണ്ട്. മനസ്സും ശരീരവും മുഴുവനായി അർപ്പിച്ചു കൊണ്ട് കർമ്മങ്ങളിലും സേവനങ്ങളിലും മുഴുകിയിരിക്കുന്ന സമയങ്ങളും, ചിലപ്പോഴെങ്കിലും നമ്മിലതീതമായ ഏതോ ശക്തിവിശേഷത്തിന്റെ ഭാഗമാണു ഞാൻ എന്ന തോന്നലും നമുക്കുണ്ടാവും. എന്നാൽ ഇതു രണ്ടുമല്ലാതെ സമയദൂരങ്ങൾ നിശ്ചലമായി എല്ലാമലിഞ്ഞുചേരുന്ന ചിലനിമിഷങ്ങളും നമുക്കുണ്ടാവും ഇതാണ്‌ ഹനുമാൻ പറയുന്ന മൂന്നാമത്തെ ‘തത്വമസി’ എന്ന അവസ്ഥ. ‘അതു നീയാണ്‌’. എന്ന നിറവ്.

No comments: