Thursday, November 08, 2018

*ഗരുഡന്റെ അഹങ്കാരം*
🌲🔥🌲🔥
'
*ദേവേന്ദ്രന്റെ തേരാളിയായ മാതലിക്ക് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. ഗുണകേശിനി എന്നായിരുന്നു അവളുടെ പേര്*
*ഗുണകേശിനിക്ക് വിവാഹപ്രായമായി. മാതലി അവൾക്കായി ഒരു വരനെ തിരഞ്ഞ് മൂന്നു ലോകങ്ങളിലും സഞ്ചരിച്ചു. പക്ഷേ എത്ര തിരഞ്ഞിട്ടും സുന്ദരനും, സത്'സ്വഭാവിയും, ധീരനുമായ ഒരു ചെറുപ്പക്കാരനെ കണ്ടെത്താൻ മാതലിക്ക് കഴിഞ്ഞില്ല*
*അപ്പോഴാണ് നാരദൻ മാതലിയുടെ സഹായത്തിനെത്തിയത്. നാരദൻ പറഞ്ഞു " പാതാളത്തിൽ സുമുഖൻ എന്നു പേരായ ഒരു യുവാവുണ്ട്. ഐരാവതത്തിന്റെ പേരക്കിടാവാണ് സുമുഖൻ. എല്ലാ ഗുണങ്ങളും തികഞ്ഞ ആ യുവാവ് ഗുണകേശിനിക്ക് ചേർന്നവൻ തന്നെ.*
*അങ്ങനെ മാതലി പാതാളത്തിലെത്തി സുമഖനെ കണ്ടു .ആ ചെറുപ്പക്കാരനെ മാതലിക്ക് വളരെഇഷ്ടപ്പെട്ടു.'ഇവൻ തന്നെ ഗുണകേശിനിയുടെ വരൻ', മാതലി മനസ്സിൽ ഉറപ്പിച്ചു. വിവാഹാലോചനയുമായി മാതലി ഐരാവതത്തെ സമീപിച്ചു. ദേവേന്ദ്രന്റെ വാഹനമായ താനും ദേവേന്ദ്രന്റെ തേരാളിയായ മാതലിയും തമ്മിൽ ഒരു ബന്ധുത്വം വരുന്നത് നല്ലതുതന്നെ.' ഇങ്ങനെ കരുതി ഐരാവതം സന്തോഷത്തോടെ സമ്മതം മൂളി.*
*അപ്പോഴാണ് ഒരു പ്രശ്നം! പക്ഷിരാജാവായ ഗരുഡൻ മാസംതോറും നാഗലോകത്തിൽ ചെന്ന് ഓരോ പാമ്പിനെ പിടികൂടി തിന്നാറുണ്ട്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ സുമുഖനെ നോട്ടമിട്ടു കൊണ്ടാണ് ഗരുഡൻ തിരികെ പോയത്. അടുത്ത തവണ സുമുഖന്റെ ഊഴമാണെന്നു തീർച്ച! സുമുഖനെ രക്ഷിക്കാൻ എന്തുണ്ട് വഴി ?എല്ലാവരും കൂടി തലപുകഞ്ഞാലോചിച്ചു.*
*ഒടുവിൽ നാരദമുനിയും മാതലിയും സുമുഖനേയും കൂട്ടി ദേവേന്ദ്രന്റെ സഭയിലേക്കു ചെന്നു. ഇന്ദ്രസഭയിൽ മഹാവിഷ്ണുവും ഇരിപ്പുണ്ടായിരുന്നു.അങ്ങനെ ദേവേന്ദ്രനും മഹാവിഷ്ണവും സുമുഖന് ദീർഘായുസ്സ് വരമായി കൊടുത്തു.*
*ഗരുഡൻ ഇതറിഞ്ഞു കോപിച്ചു.അദ്ദേഹം ഇന്ദ്രസഭയിലേക്ക് ചെന്നു. അവിടെയതാ ദേവേന്ദ്രനും മഹാവിഷ്ണുവും തമാശ പറഞ്ഞ് രസിച്ചിരിക്കുന്നു.!ഗരുഡൻ ദേവേന്ദ്രനെ ശകാരിച്ചു. പക്ഷേ മഹാവിഷ്ണുവിനെ ശകാരിക്കാൻ ഗരുഡന് ധൈര്യം വന്നില്ല. ഈ കോപ പ്രകടനം കുറേ നേരം കണ്ടുമടുത്തപ്പോൾ മഹാവിഷ്ണു ഗരുഡനെ അടുത്തേക്ക് വിളിച്ച് ചോദിച്ചു. "വീരശൂരപരാക്രമിയാണല്ലൊ നീ! ആട്ടെ, എന്റെ ഒരു കൈതാങ്ങാൻ നിന്നെ കൊണ്ട് സാധിക്കുമോ?*
*ഇത് കേട്ട് ഗരുഡൻ അഹങ്കാരത്തോടെ ചിരിച്ചു.' അങ്ങ് എന്താണീ ചോദിക്കുന്നത്? അങ്ങയുടെ വാഹനമല്ലേ ഞാൻ?*
*ഇതു കേട്ട് മഹാവിഷ്ണു ഒരു പുഞ്ചിരിയോടെ തന്റെ കൈത്തലം ഗരുഡന്റെ തോളത്തു വെച്ചു. എന്തൊരു ഭാരം! ആ ഭാരം താങ്ങാനാവാതെ ഗരുഡൻ കുഴഞ്ഞുവീണു. മഹാവിഷ്ണു ഉടനെ ഗരുഡനെ പിടിച്ചെഴുന്നേല്പിച്ചു.അതോടെ അഹങ്കാരമൊക്കെ മാറിയ ഗരുഡൻ വിഷ്ണുഭഗവാനോടും ദേവേന്ദ്രനോടും ക്ഷമ ചോദിച്ചു.*
*താമസിയാതെ തന്നെ ഗുണകേശിനിയും സുമുഖനും തമ്മിലുള്ള വിവാഹം ആഘോഷപൂർവ്വം നടക്കുകയും ചെയ്തു*
*ലളിതാ കൈമൾ*

No comments: