അധർമ്മം സടകുടഞ്ഞു നില്ക്കുമ്പോൾ മൗനം ദീക്ഷിക്കുന്നത് അധർമ്മം ചെയ്യുന്നതിനേക്കാൾ നീചമായ പ്രവൃത്തിയാണ്.
കൗരവരാജസദസിന്റെ മദ്ധ്യത്തിലേക്ക് പാഞ്ചാലിയെ വലിച്ചിഴച്ചുകൊണ്ടുവന്ന് ദുശ്ശാസനൻ വസ്ത്രാക്ഷേപം ചെയ്യാനൊരുങ്ങുമ്പോൾ ഉന്നതകുലജാതയായ, ഉത്തമോത്തമയായ ആ പാഞ്ചാലി തിരിഞ്ഞു നിന്ന് മൗനം ദീക്ഷിക്കുന്ന ഭീഷ്മപിതാമഹനോടും, കൃപാചാര്യരോടും, ശല്യരോടും, ദ്രോണരോടുമൊക്കെയായി കേണപേക്ഷിച്ചു :
“ഞാൻ ഒരു സ്ത്രീയാണ്. രാജകന്യകയാണ്. രജസ്വലയാണ്. ഏതു രാഷ്ട്രമീമാംസയനുസരിച്ചാണ് എന്നെ ഇവിടെ വലിച്ചിഴച്ചുകൊണ്ടുവന്നത്?”
“എന്റെ ഭർത്താവ്, യുധിഷ്ഠിരൻ, ആദ്യംതന്നെ അടിമയായതാണ്. സ്വയം അടിമയായിക്കഴിഞ്ഞ ഒരാൾക്ക് തന്റെ ഭാര്യയെ അടിമയാക്കാനുള്ള സ്വാതന്ത്ര്യം ഏതു രാജനീതിയാലാണുള്ളത്?”
“നിങ്ങൾ ഈ അധർമ്മത്തെ തടയൂ”
മൗനം ദീക്ഷിക്കുന്ന ഭീഷ്മാദികളുടെ മുഖത്തു നോക്കി ആ സതീരത്നം പറഞ്ഞു.
നോക്കൂ…
അധർമ്മം സടകുടഞ്ഞു നില്ക്കുമ്പോൾ മൗനം ദീക്ഷിക്കുന്നത് അധർമ്മം ചെയ്യുന്നതിനേക്കാൾ നീചമായ പ്രവർത്തിയാണ്.
മഹാഭാരതയുദ്ധാന്ത്യത്തിൽ ശരശയ്യയിൽ കിടന്നുകൊണ്ട് ദു:ഖിക്കുന്ന ഭീഷ്മരുടെ മനോമുകുരത്തിലേക്കു കടന്നുവന്ന ആദ്യത്തെ ചിത്രമായിരിക്കണം ഈ ദ്രൗപദീവസ്ത്രാക്ഷേപം.
അതുകൊണ്ടുതന്നെയാവണം ഭീഷ്മർ യുധിഷ്ഠിരനു കൊടുക്കുന്ന ഉപദേശത്തിൽ പറയുന്നു:
“വിജനമായ രാജവീഥിയിൽ രാത്രിയുടെ അന്ത്യയാമത്തിൽ സുന്ദരിയും സർവ്വാലങ്കാരഭൂഷിതയുമായ ഒരു യോഷിത്ത് ഏകയായി വിശ്രമിച്ചാലും അവളുടെ സ്വത്തിനോ, ജീവനോ, മാനത്തിനോ യാതൊരു ഭംഗവും വരാത്ത രാജ്യം ഉത്തമവും അത് ഭരിക്കുന്ന രാജാവ് ഉത്തമനുമാണ്”
ഇതുകേട്ടുനിന്ന പാഞ്ചാലി ഉടൻ ചോദിച്ചു.
“എന്തേ പിതാമഹാ, അന്ന് എൻെ വസ്ത്രാക്ഷേപസമയത്ത് ഇതു മറന്നുപോയത്?”
ഭീഷ്മർ ഉടൻ മറുപടിയും നൽകി:
“അന്നു ഞാൻ ദുര്യോധനന്റെ അന്നം കഴിച്ച്, മനസ്സ് കലുഷിതമായ അവസ്ഥയിലായിരുന്നു. ഇന്ന് അമ്പുകളേറ്റ് ആ രക്തമെല്ലാം വാർന്നു പോയതിനാൽ ബുദ്ധിക്ക് സ്ഥൈര്യം വന്നിരിക്കുന്നു”.
“യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ:” – എന്നുദ്ഘോഷിക്കുന്ന മനുസ്മൃതി നിലനിന്നിരുന്ന കാലത്ത് ഇത് അത്യപൂർവ്വമായി സംഭവിച്ചതാണെങ്കിൽ,
ഇന്ന്,
ആധുനികഭാരതത്തിൽ
ആഭരണമൊന്നുമണിയാതെ,
സുന്ദരിയല്ലാത്ത ഒരു സ്ത്രീയ്ക്കു പോലും,
പകൽ സമയത്തായാൽ പോലും,
വഴിയിലൂടെ ഒറ്റയ്ക്കു നടക്കാൻ പറ്റാത്ത സ്ഥിതിവിശേഷം സംജാതമായതിന്റെ ഉത്തരവാദിത്വം ആയിരക്കണക്കിന് ദുര്യോധനന്മാരുടെ ഉരുള വാങ്ങിയുണ്ണുന്ന ഭീഷ്മന്മാർ മൗനം ദീക്ഷിക്കുന്നതു കൊണ്ടാവില്ലേ?
അധർമ്മം സടകുടഞ്ഞു നില്ക്കുമ്പോൾ മൗനം ദീക്ഷിക്കുന്നത് അധർമ്മം ചെയ്യുന്നതിനേക്കാൾ നീചമായ പ്രവൃത്തിയാണ്.
നിർമ്മലാനന്ദം
youtube.com/nirmalanandam
No comments:
Post a Comment