Tuesday, November 20, 2018

നേർവഴി #8
************

     ഒരു ഉപനിഷത്തിലെ ശാന്തിമന്ത്രത്തിന്റെ ഭാഗമാണ്:

        " വാക്കുകൾ സമ്പുഷ്ടമായിരിക്കട്ടെ "

           ആശയവിനിമയമാണ് സംഭാഷണത്തിന്റെ ധർമ്മം. പറയുമ്പോൾ പ്രോക്താവിനും ശ്രോതാവിനും സന്തോഷം ഉളവാകണം. അർത്ഥമില്ലാത്ത വാക്കുകളോ സഭ്യമല്ലാത്ത വാക്കുകളോ സംസാരത്തിൽ ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. വാക്കുകൾ തിരഞ്ഞെടുക്കുമ്പോൾ സന്ദർഭവത്തിന് ഏറ്റവും അനുയോജ്യമായിരിക്കണം. വലിച്ചു നീട്ടുകയോ കണക്കിൽ കവിഞ്ഞ് ചുരുക്കുകയോ ചെയ്താൽ ശ്രോതാവിന് അരോചകമായിത്തീരും. വളരെ വേഗത്തിൽ പറയുന്നതും പാട്ടു പാടുന്ന വിധം മെല്ലെ മെല്ലെ പറയുന്നതും ബുദ്ധിമുട്ടായിത്തീരും. വളരെ ഉച്ചത്തിൽ പറയുന്നതും വളരെ പതിഞ്ഞ സ്വരത്തിൽ പറയുന്നതും പ്രയാസമുണ്ടാക്കും. ആരെ ഉദ്ദേശിച്ച് പറയുന്നുവോ അയാൾക്ക് മാത്രം കേൾക്കാനുതകുന്ന അത്രയും ഉച്ചത്തിലായിരിക്കണം പറയുന്നത്. പറയുന്നത് വ്യക്തമായിരിക്കണം.ആവശ്യമെങ്കിൽ ആവർത്തിക്കാൻ തയ്യാറാവണം. ആവർത്തിക്കാൻ ആവശ്യപ്പെട്ടാൽ നീരസം തോന്നുന്ന ശീലം ഒഴിവാക്കണം.

       നല്ലൊരു പ്രോക്താവ് നല്ലൊരു ശ്രോതാവായിരിക്കണം. പ്രോക്താവ് വ്യക്തമായി പറയുകയും ശ്രോതാവ് ശ്രദ്ധിച്ച് കേൾക്കുകയും ചെയ്യുമ്പോഴാണ് സംവേദനക്ഷമത പാരമ്യത്തിലെത്തുന്നത്. ഒരാൾ പറയുമ്പോൾ കേൾക്കേണ്ടയാൾ പറയുന്നത് കേൾക്കാതെ പറയേണ്ട മറുപടിയെപ്പറ്റി ആലോചിക്കുകയാവാം. ഒരാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ മറ്റൊരാൾ ഇടയിൽ കയറി പറയുന്നത് ഏറ്റവും വലിയ അപാകമാണ്. ഇടയ്ക്ക് കയറി ശല്യം ചെയ്യുന്നത് ആരും ഇഷ്ടപ്പെടില്ല. പറയുന്നയാൾ തുടർച്ചയായി പറഞ്ഞ് കേൾക്കുന്നയാൾക്ക് അവസരം നിഷേധിക്കരുത്. പറയുകയും കേൾക്കുകയും ചെയ്യുന്ന പ്രക്രിയകളുടെ പൂർണ്ണ സന്തുലിതാവസ്ഥയാണ് ഏറ്റവും നല്ല സംഭാഷണം.

        മധുരമായും ഹൃദ്യമായും മിതമായും മൃദുവായും സംസാരിച്ചാൽ സന്തോഷം വർദ്ധിക്കും.

          ചിലരുടെ ശബ്ദം കേൾക്കാൻ സുഖമുള്ളതായിരിക്കും. അവർ അനുഗൃഹീതർ തന്നെ. ചിലരുടെ ശബ്ദം പരുപരുത്തതാവാം. കേൾക്കാൻ സുഖമില്ലാത്തതാവാം. സ്വന്തം ശബ്ദം റിക്കാർഡ്‌ ചെയ്ത് കേൾക്കാൻ ഇക്കാലത്ത് സൗകര്യമുണ്ടല്ലൊ. ശബ്ദം അത്ര നന്നല്ല എന്ന് തോന്നിയാൽ അതിനെ അല്പമൊന്ന് മയമുള്ളതാക്കാൻ സാധിക്കും. മോഡുലേറ്റ് ചെയ്ത് പരിശീലിച്ചാൽ കാലക്രമേണ മാറ്റം വരും. പദ്യപാരായണം, കവിതാപാരായണം, സംഗീതാഭ്യസനം തുടങ്ങിയവ ശബ്ദമാധുരി കൂട്ടാൻ സഹായിക്കും. അല്പം ഉറക്കെ കുറച്ചു നേരം പതിവായി വായിക്കുന്നതും ഗുണം ചെയ്യും.

        സംഭാഷണം വ്യക്തി ബന്ധം സുദൃഢമാക്കാൻ സഹായിക്കട്ടെ!

No comments: