Wednesday, November 21, 2018

യഥാർത്ഥ ഈശ്വരവിശ്വാസി
************************************
ഞാൻ വലിയ ഈശ്വരവിശ്വാസി ആയിരുന്നെന്നും അമ്പലങ്ങളായുള്ള അമ്പലങ്ങൾ മുഴുവൻ സന്ദർശിച്ചു തനിക്കും തന്നെ സ്നേഹിക്കുന്നവർക്കും വേണ്ടി പ്രാർഥിക്കുമായിരുന്നെന്നും എന്നാൽ എനിക്ക് ഒരു ദുരന്തം വന്നപ്പോൾ മരവിച്ചു പോയ മനസ്സിൽ ഈശ്വരനുള്ള സ്ഥാനം കുറഞ്ഞുപോയതിനാൽ അമ്പലത്തിൽ പോക്കു തന്നെ കുറഞ്ഞെന്നും ഇനി പോയാൽ തന്നെ ഒന്നും പ്രാർഥിക്കാൻ തോന്നാത്ത അവസ്ഥയിലാണ് തന്റെ മനസ്സ് എന്നുമാണ് ബഹുഭൂരിപക്ഷം ഭക്തരും ചിന്തിക്കുന്നത്;
തനിക്കനുകൂലമായതു സംഭവിക്കുമ്പോൾ ഈശ്വരനോട്‌ സ്നേഹവും പ്രതികൂലമായതു സംഭവിക്കുമ്പോൾ ഈശ്വരനോടു ദ്വേഷവും തോന്നുക. നമ്മുടെ സുഖദുഖങ്ങൾക്കു കാരണക്കാരൻ നമ്മിൽ നിന്നന്ന്യനായ ഈശ്വരനാണ് എന്ന നമ്മുടെ തെറ്റായ ചിന്തയിൽ നിന്നാണ് ഈ ഈശ്വരസ്നേഹവും ഈശ്വരവിദ്വേഷവും ജനിക്കുന്നത്.
നമ്മുടെ കർമ്മങ്ങൾക്കുള്ള (പൂർവജന്മ കർമ്മങ്ങൾക്കും എന്നും പറയാം) ഫലങ്ങളാണ് നമുക്ക് കിട്ടുന്നതെന്നും അത് അനുഭവിക്കാൻ നാം ബാധ്യസ്ഥരാണെന്നും ഇതിനൊന്നും ഈശ്വരനുമായി യാതൊരു ബന്ധവുമില്ലെന്നും നമ്മുടെ ആത്മീയഗ്രന്ഥങ്ങൾ (സനാതനധർമ്മം) അടിവരയിട്ടു പറയുന്നുണ്ട്. പക്ഷെ നമ്മൾ അതൊന്നും കേൾക്കുന്നില്ല, കേൾക്കാൻ താത്പര്യം കാണിക്കുന്നില്ല. കിട്ടിയ ജന്മത്തിനും അതിന്മൂലം വന്നു ഭവിക്കുന്ന സുഖദുഖങ്ങൾക്കും നന്ദി പറയാൻ മാത്രമേ മനുഷ്യന്‌ കഴിയൂ. ഈശ്വരാരോപിതാമാകുന്ന മറ്റെല്ലാ ഭയാശങ്കകളും സ്നേഹവിദ്വേഷഭാവങ്ങളും എല്ലാം സമൂഹവും ഇതുകൊണ്ടൊക്കെ ഗുണമുണ്ടാകുന്ന കുറെ ആളുകളും ചേർന്ന് നമ്മുടെ മനസ്സിൽ അടിച്ചേൽപ്പിക്കുന്നതാണെന്ന് മനസ്സിലാക്കാനുള്ള വിവേക ബുദ്ധിയാണ് ഭക്തനു വേണ്ടത്.
ദുഖത്തിലും സുഖത്തിലും ഭഗവത് കീർത്തനങ്ങൾ പാടുകയും , എല്ലാം ഭഗവാനിൽ സമർപ്പിക്കുകയും ചെയ്യുവാൻ കഴിയുന്നവനാണ് യഥാർത്ത ഈശ്വരവിശ്വാസി , മറ്റു ജീവജാലങ്ങൾക്കും സമൂഹത്തിനും ദോഷം വരുന്ന കർമ്മങ്ങൾ ചെയ്യാതിരിക്കുകയും ഗുണം ഉണ്ടാകുന്ന കർമ്മങ്ങൾ ചെയ്യുകയും ചെയ്യുക അതാകട്ടെ നമ്മുടെ ലക്ഷ്യവും.
rajeev kunnekkatt

No comments: