Thursday, November 01, 2018

സദ്ഗുരു:- ശ്രീരാമകൃഷ്ണദേവന്‍ അത്യന്തം തീവ്രതയുള്ള ഒരു ഭക്തനായാണ് കാലം കഴിച്ചത്. അദ്ദേഹം കാളിമാതാവിനെയാണ് ആരാധിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ മനസ്സില്‍ കാളി ഒരു ദേവത മാത്രമായിരുന്നില്ല..... ഏറ്റവും തീക്ഷണമായ യഥാര്‍ത്ഥ്യമായിരുന്നു.... ജീവസ്വരൂപം തന്നെ! അദ്ദേഹത്തിന്‍റെ കണ്‍മുമ്പില്‍ കാളി നൃത്തം വെച്ചു. ആ കൈകളില്‍ നിന്നും നൈവേദ്യങ്ങള്‍ വാങ്ങി ഭക്ഷിച്ചു. അദ്ദേഹം വിളിച്ചപ്പോള്‍ വിളികേട്ട് മുമ്പിലെത്തി. അദ്ദേഹത്തെ ആനന്ദപരവശനാക്കി തിരോധാനം ചെയ്തു. അത് യഥാര്‍ത്ഥത്തില്‍ സംഭവിക്കുകയാരുന്നു. അതൊരു മിഥ്യാസങ്കല്പമായിരുന്നില്ല. സ്വന്തം കൈകൊണ്ട് പരമഹംസന്‍ കാളിയെ ഊട്ടി. അദ്ദേഹത്തിന്‍റെ ഉള്ളുണര്‍വ് അത്രയും തെളിവുറ്റതായിരുന്നു. എന്തു സങ്കല്പിച്ചുവോ അത് തന്‍റെ മുമ്പില്‍ സത്യമായി ഭവിക്കുമായിരുന്നു. ഒരു മനുഷ്യന്‍ എത്തിച്ചേരാവുന്ന ഏറ്റവും സുന്ദരമായ അവസ്ഥയാണത്. പരമഹംസന്‍റെ ശരീര മനോബുദ്ധികള്‍ പരമാനന്ദത്തില്‍ ആണ്ടിരിക്കുമ്പോഴും അദ്ദേഹത്തിന്‍റെ ജീവന്‍ തുടിച്ചത് അതിനെല്ലാം അപ്പുറത്തേക്കു കടക്കാനായിരുന്നു. ഉള്ളിന്‍റെ ഏതോ ഒരു കോണില്‍ അദ്ദേഹത്തിന് ആ ബോദ്ധ്യമുണ്ടായിരുന്നു...... ഈ ആനന്ദ ലഹരിയും ഒരു തരത്തില്‍ ഒരു ബന്ധനമാണെന്ന്   ഒരു ദിവസം രാമകൃഷ്ണന്‍ ഹുഗ്ളീ നദിയുടെ തീരത്ത് ഇരിക്കുകയായിരുന്നു. ആ നേരത്താണ് തോതാപുരി എന്ന മഹായോഗി അവിടെ വന്നെത്തിയത്. അദ്ദേഹത്തിന്‍റെയത്രയും ഉന്നത നിലവാരം പുലര്‍ത്തുന്ന യോഗികള്‍ അത്യപൂര്‍വ്വമായിരുന്നു. രാമകൃഷ്ണനെ കണ്ടതും അദ്ദേഹം തിരിച്ചറിഞ്ഞു. ആ മനസ്സിലെ ഭാവതീക്ഷണത. പരമജ്ഞാനം നേടാനുള്ള എല്ലാ സാദ്ധ്യതയും അദ്ദേഹം രാമകൃഷ്ണനില്‍ തെളിഞ്ഞുകണ്ടു. പക്ഷെ ഒരു പ്രശ്നമുണ്ടായിരുന്നു. കാളിമാതാവിനെ പ്രതിയുള്ള ഭക്തിയില്‍ ആ മനസ്സ് കുരുങ്ങികിടക്കുകയായിരുന്നു.
കാളിമാതാവല്ലാതെ രാമകൃഷ്ണന്‍റെ മനസ്സില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. ഭക്തിയുടെ നിറവില്‍ അദ്ദേഹം സ്വയം മറന്ന് ആടുകയും പാടുകയും പതിവായിരുന്നു. തോതാപുരി പരമഹംസനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. നീ ഇപ്പോഴും ഭക്തിയുടെ ചങ്ങലക്കെട്ടുകളില്‍ കുടുങ്ങിക്കിടക്കുകയാണല്ലൊ... പരമമായ ആ പദത്തിലേക്ക് ചുമടെടുത്തുവെക്കാനുള്ള എല്ലാ ശക്തിയും നിന്നിലുണ്ട്.
"എനിക്കതൊന്നും വേണ്ട. കാളിയെ മാത്രം മതി." രാമകൃഷ്ണന്‍ സ്വന്തം അമ്മക്കുവേണ്ടിമാത്രം കേഴുന്ന ഒരു കുഞ്ഞിനെ പോലെയായിരുന്നു. അങ്ങനെയുള്ള ഒരു കുഞ്ഞിനോട് എന്തു ന്യായം പറയാനാണ്? അത് വളരെ അസാധാരണമായൊരു അവസ്ഥാ വിശേഷമാണ്. ഭക്തിലഹരിയില്‍ സ്വബോധമില്ലാതെ പലതും കാട്ടിക്കൂട്ടുന്നു ഒരു മനുഷ്യന്‍! കെട്ടൊന്നടങ്ങുമ്പോള്‍, ദേവിസാന്നിദ്ധ്യത്തിന്‍റെ തീവ്രത തെല്ലു കുറയുമ്പോള്‍ അദ്ദേഹം കരയാന്‍ തുടങ്ങും, നന്നേ ചെറിയൊരു കുഞ്ഞിനെപ്പോലെ, അതായിരുന്നു അദ്ദേഹത്തിന്‍റെ പ്രകൃതം, തോതാപുരി പറഞ്ഞുകൊണ്ടിരുന്നു പരമമായ ജ്ഞാനത്തില്‍ രാമകൃഷ്ണന്‍ ഒട്ടും താല്പര്യം കാണിച്ചില്ല. പലവിധത്തിലും അദ്ദേഹം ശ്രമിച്ചു. പക്ഷെ രാമകൃഷ്ണന്‍റെ ഉള്ളുതൊടാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. അതേ സമയം തോതാപുരിയോട് അദ്ദേഹം ഒരു വിധത്തിലും വിമുഖത കാണിച്ചില്ല. അദ്ദേഹത്തിന്‍റെ നിര്‍ദേശങ്ങള്‍ ആദരപൂര്‍വ്വം കേട്ടു, തോതാപുരിയുടെ വ്യക്തിത്വവും അത്രയും ഭാവദീപ്തമായിരുന്നു. രാമകൃഷ്ണന്‍റെ വഴിയില്‍ ഒരു മാറ്റം വരുത്തേണ്ടതുണ്ടെന്ന് തോതാപുരി തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു. വളരെ ലളിതമായൊരു സംഗതിയാണ്. നിന്നില്‍ വേണ്ടത്ര ശക്തിയുണ്ട്. അതുകൊണ്ടു നീ നിന്‍റെ മനസ്സിനേയും ശരീരത്തേയും ആന്തരിക പ്രവണതകളേയും ശാക്തീകരിക്കുന്നു. അതുമാത്രം പോരാ.... സ്വന്തം ബോധത്തെകൂടി ശക്തിമത്താക്കേണ്ടതുണ്ട്.
" ശരി..." രാമകൃഷ്ണന്‍ തലകുലുക്കി. " ഞാന്‍ എന്‍റെ ബോധത്തെ ശാക്തീകരിക്കാം. അതിനായി ഞാന്‍ ശ്രമിക്കാം"
അദ്ദേഹത്തിന് അതെത്ര എളുപ്പമായിരുന്നില്ല. കാരണം മനസ്സ് ഏകാഗ്രമാകുമ്പോഴേക്കും അവിടെ കാളി വന്നു നിറയുകയായി. അതോടെ പ്രേമത്തിന്‍റെ ആനന്ദത്തിന്‍റെ ലഹരിയില്‍ അദ്ദേഹത്തിന് സ്വബോധം നഷ്ടപ്പെടുകയായി. എത്രയൊക്കെ ശ്രമിച്ചിട്ടും കാളീപ്രഭാവത്തില്‍ നിന്നും അദ്ദേഹത്തിന് സ്വയം മുക്തമാവാന്‍ സാധിച്ചില്ല.
അപ്പോഴാണ് തോതാപുരി കര്‍ശനമായി നിര്‍ദേശിച്ചത് " ഇങ്ങനെയായാല്‍ ശരിയാവില്ല. അടുത്ത തവണ കാളി പ്രത്യക്ഷപ്പെടുമ്പോള്‍ ആ ക്ഷണം അവളെ വാളെടുത്തു വെട്ടണം."
" എവിടെ നിന്നാണെനിക്ക് അതിനുള്ള വാള് കിട്ടുക?"
" കാളി എവിടെ നിന്നു വരുന്നോ അവിടെ നിന്നു തന്നെ വാളും കിട്ടും" തോതാപുരി പറഞ്ഞു. " കാളിയെ സൃഷ്ടിക്കാന്‍ കഴിയുന്ന മനസ്സില്‍ വാളിനേയും സൃഷ്ടിക്കാനാവും. അതുകൊണ്ട് ഒരുങ്ങിയിരുന്നോളൂ.... കാളി വന്നാലുടനെ വാളെടുത്തു വെട്ടണം."
രാമകൃഷ്ണന്‍ ആകാംക്ഷയോടെ കാത്തിരുന്നു. എന്നാല്‍ കാളി വന്നതും മറ്റെല്ലാം ആ മനസ്സില്‍ നിന്നും മറഞ്ഞു. ഭക്തിപാരവശ്യത്താല്‍ സ്വയം മറന്നു. ശുദ്ധബോധം എന്ന ചിന്തയേ ഉണ്ടാവില്ല.
തോതാപുരി ഇനിയൊരു നിര്‍ദേശം മുന്നോട്ടുവെച്ചു. "ഇവിടെ ഇരുന്നോളൂ. കാളി വന്നാലുടനെ..." അദ്ദേഹം ഒരു കുപ്പിച്ചില്ല് കൈയ്യിലെടുത്തുംകൊണ്ടു പറഞ്ഞു. " എവിടെയാണൊ കാളി വന്നു നില്ക്കുന്നത് അവിടെ ഞാന്‍ ഈ ചില്ലുകൊണ്ട് കുത്തും. അവിടെ നിന്ന് നീ ഒരു വാള് സൃഷ്ടിച്ച് കാളിയുടെ കഥ കഴിക്കണം."
വീണ്ടും രാമകൃഷ്ണന്‍ ധ്യാനമഗ്നനായി. ആനന്ദമൂര്‍ച്ചയുടെ അരികത്തോളമെത്തി. കാളിയുടെ ദര്‍ശനം ലഭിച്ച ആ നിമിഷം തോതാപുരി കുപ്പിചില്ലെടുത്ത് രാമകൃഷ്ണന്‍റെ നെറ്റിയില്‍ ആഴത്തില്‍ നെടുകെ കീറി. അതേനിമിഷം രാമകൃഷ്ണന്‍ വാളെടുത്ത് കാളിയെ വെട്ടിവീഴ്ത്തി. അതോടെ ആ ആനന്ദലഹരി അദ്ദേഹത്തെ വിട്ടൊഴിഞ്ഞു. അമ്മയുടെ പ്രഭാവത്തില്‍നിന്നും മനസ്സ് മുക്തമായി. അപ്പോഴാണ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ പരമഹംസനായത്. പരമമായ ജ്ഞാനം നേടിയത്.

No comments: