ഈശ്വരസാക്ഷാത്കാരം ചതുരാശ്രമത്തിലൂടെ
സ്വാമി ചിദാനന്ദപുരി
Friday 16 November 2018 2:10 am IST
ഒരു ബ്രഹ്മചാരി ജീവിതത്തിന്റെ ആദ്യപാദം (ഇവിടെ വിദ്യാര്‍ഥിയെന്ന് അര്‍ഥം) വിദ്യാര്‍ജനത്തിനായി ചിട്ടപ്പെടുത്തണമെന്നാണ് ആചാര്യന്മാര്‍ നിര്‍ദേശിച്ചത്. ജീവിതാന്ത്യം വരെ നമ്മളെല്ലാവരും വിദ്യാര്‍ഥികളാണ്. ശാസ്ത്രാധ്യയനത്തിനുള്ള പക്വത കൈവരിക്കുമ്പോഴാണ,് അതായത് അഞ്ചു വയസ്സു മുതലാണ് ഔപചാരികമായി ബ്രഹ്മചര്യം എന്ന അവസ്ഥയിലേക്ക് പ്രവേശിക്കുന്നത്.
എന്താണ് ജീവിതം, എന്തിനാണ് ജീവിതം, ഞാനെന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് ഈ വക വിഷയങ്ങളെ മനസ്സിലാക്കി തന്റെ ഭാവി ജീവിതത്തിനുതകുന്ന ഒരു തൊഴിലെങ്കിലും അഭ്യസിച്ച് അനന്തരം അടുത്ത ആശ്രമമായ ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കാം. അവിടെ ഉചിതമായ ധര്‍മാചരണങ്ങള്‍ ചെയ്യുക. അനന്തരം വാനപ്രസ്ഥാശ്രമത്തിലേക്ക് പോകുമ്പോള്‍ അതൊരു തയ്യാറെടുക്കലാണ്. പാകപ്പെടുത്തലാണ്.
കൂടുതലായി ഉപാസനകളിലൂടെ ഏകാഗ്രതയും ചിത്തശുദ്ധിയും വളര്‍ത്തി, എന്തിനോടൊക്കെ ഇത്രയും കാലം താദാത്മ്യപ്പെട്ടിട്ടുണ്ടോ ആ താദാത്മ്യ ബന്ധങ്ങളെല്ലാം ഒന്നൊന്നായി അഴിച്ചെടുക്കാം. ഇതേന്റേത്, ഇതെന്റേത് എന്ന് പറഞ്ഞ് പലതിനോടും താദാത്മ്യപ്പെട്ടിട്ടുണ്ട് നമ്മള്‍. ഈ, എന്റേതെന്നു പറയുന്നതിലെ അര്‍ഥശൂന്യത മനസ്സിലാക്കി, പരിപൂര്‍ണ വിവേക വൈരാഗ്യങ്ങള്‍ വരുമ്പോള്‍ സന്ന്യസിക്കാം.
ഇവിടെ തീര്‍ത്തും ആത്മാനുസന്ധാനത്തില്‍ ആര് ഞാന്‍, എന്താണെന്റെ ശരിയായ സ്വരൂപമെന്ന അനുസന്ധാനത്തില്‍ മുഴുകി കളയാം. ഇങ്ങനെ യഥാക്രമം ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ ആശ്രമങ്ങളിലൂടെ പരമമായ ഈശ്വര സാക്ഷാത്ക്കാരത്തിലേക്ക് ഉയരുന്ന മാര്‍ഗമാണ് പ്രവൃത്തിമാര്‍ഗം.
( എറണാകുളം ടിഡിഎം ഹാളില്‍ നടത്തുന്ന 'തപസ്' പ്രഭാഷണ പരമ്പരയില്‍ നിന്ന് )
No comments:
Post a Comment