Sunday, November 04, 2018

ഉപായങ്ങള്‍ക്ക് മുട്ടില്ലാത്ത മുട്ടസ്സുനമ്പൂതിരി

Monday 5 November 2018 2:58 am IST
മുട്ടസ്സു നമ്പൂതിരി ഒരിക്കല്‍ സന്ധ്യാസമയം  അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. അന്ന് അവിടെ  അത്താഴമില്ലാത്ത ദിവസമായിരുന്നു.  വല്ല പലഹാരവും കിട്ടുമെന്ന പ്രതീക്ഷയോടെ നിന്ന നമ്പൂതിരി, അത്താഴപ്പൂജയ്ക്ക് നേദിച്ച അപ്പവുമായി ശാന്തിക്കാരന്‍ തിടപ്പള്ളിയിലേക്ക് പോകുന്നതു കണ്ടു. അപ്പം പുറത്താര്‍ക്കും കൊടുക്കാതെ ശാന്തിക്കാര്‍ തന്നെ കൊണ്ടു പോകുകയായിരുന്നു പതിവ്. ഇക്കാര്യം മുട്ടസ്സു നമ്പൂതിരിക്ക് അറിയാമായിരുന്നു. 
ശാന്തിക്കാരനു പിറകെ തിടപ്പള്ളിയിലെത്തിയ നമ്പൂതിരി, ഇവിടുത്തെ അപ്പം ഒരാള്‍ക്ക് എത്രയെണ്ണം തിന്നാനാവുമെന്ന് ചോദിച്ചു. പരമാവധി ഒരു പത്തിരുപതെണ്ണം തിന്നാനാവുമെന്ന് ശാന്തിക്കാരന്‍ പറഞ്ഞു. അങ്ങനെയല്ല, ഒരാള്‍ക്ക് നൂറെണ്ണം തിന്നാനാവുമെന്ന് നമ്പൂതിരി വാദിച്ചു. തനിക്ക് ചുരുങ്ങിയത് 200 അപ്പമെങ്കിലും തിന്നാനാവുമെന്ന് ശാന്തിക്കാരനെ വെല്ലുവിളിക്കുകയും ചെയ്തു. 
 ഏയ്, കൂടിയാല്‍ മുപ്പത്, എത്ര പെരുവയറനായാലും അതിലേറെ തിന്നാന്‍  മിടുക്കുള്ളവരൊന്നും ജനിച്ചിട്ടില്ലെന്ന് ശാന്തിക്കാരനും തര്‍ക്കിച്ചു. 
വാദം മുറുകി അഞ്ചു രൂപാ വീതം പന്തയത്തിലെത്തി. എന്നാല്‍ കാണട്ടെയെന്ന് പറഞ്ഞ് ശാന്തിക്കാരന്‍ ഇരുനൂറ് അപ്പം ഉരുളിയിലാക്കി നമ്പൂതിരിക്കു മുമ്പില്‍ വെച്ചു. ഒരു പത്തുപതിനഞ്ചെണ്ണം കഴിച്ചപ്പോഴേക്കും നമ്പൂതിരിക്ക് വയറു നിറഞ്ഞു. ഇനി ഒരപ്പം പോലും തിന്നാനാവില്ലെന്നും താനാണ് വിഡ്ഢി, ശാന്തിക്കാരന്‍ മിടുക്കനാണെന്നും പറഞ്ഞ് എഴുന്നേറ്റു. 
പന്തയത്തില്‍  തോറ്റ നമ്പൂതിരിയോട് ശാന്തിക്കാരന്‍ അഞ്ചുരൂപ ആവശ്യപ്പെട്ടു. നമ്പൂതിരി അതിനു നല്‍കിയ മറുപടിയാണ് കേമം. വഴിപോക്കനായ എനിക്കു തരേണ്ട  ബ്രഹ്മസ്വം വക അപ്പം താങ്കള്‍ തിന്നുകയാണ്. അതിന്റെ കണക്കു തീര്‍ത്ത് അതില്‍ നിന്ന് അഞ്ചുരൂപയെടുത്ത ശേഷം ബാക്കി എനിക്കു തരൂ എന്നായിരുന്നു ശാന്തിക്കാരന്റെ വായടപ്പിച്ചുകൊണ്ടുള്ള  നമ്പൂതിരിയുടെ മറുപടി. 
മുട്ടസ്സു നമ്പൂതിരി മറ്റൊരിക്കല്‍ ഒരു സര്‍ക്കാര്‍ വക ക്ഷേത്രത്തിലെത്തി. ക്ഷേത്രം സര്‍ക്കാര്‍ വകയായിരുന്നെങ്കിലും അവിടത്തെ സര്‍വാധികാരി വാര്യരായിരുന്നു. അതിന്റെ ഗര്‍വും അദ്ദേഹത്തിനുണ്ടായിരുന്നു. മുട്ടസ്സു നമ്പൂതിരി കുളിക്കാനായി ചെന്നപ്പോള്‍ വാര്യര്‍ മുണ്ടുടുക്കാതെ എണ്ണതേയ്ക്കാനൊരുങ്ങി നില്‍ക്കുന്നു. നമ്പൂതിരിയെ കണ്ട ഭാവം നടിച്ചില്ല. നമ്പൂതിരി, വാര്യരുടെ അടുത്ത് ചെന്ന് തേച്ചു കുളി നമുക്ക് പങ്കിട്ടായിക്കളയാം എന്നു പറഞ്ഞ് എണ്ണയെടുത്ത് തേയ്ക്കാന്‍ തുടങ്ങി.  കടുത്ത ദേഷ്യം തോന്നിയെങ്കിലും വാര്യര്‍ ഒന്നും മിണ്ടിയില്ല. കുളിച്ചു കയറിയ നമ്പൂതിരി അമ്പലത്തിലെത്തിയപ്പോഴേക്കും ഉച്ചപ്പൂജ കഴിയാറായിരുന്നു. ഉച്ചപ്പൂജയും തേവാരവും കഴിഞ്ഞപ്പോള്‍ നമസ്‌ക്കാരം കാലമായെന്ന് ശാന്തിക്കാരന്‍ പറഞ്ഞു. 
ഉച്ചപ്പൂജയ്ക്ക് സര്‍ക്കാര്‍ വക ഒരു പാല്‍പായസം പതിവുണ്ട്. പൂജയ്ക്ക് ശേഷം വഴിപോക്കരായെത്തുന്ന ബ്രാഹ്മണര്‍ക്ക് അത് നമസ്‌ക്കാരത്തിന്  വിളമ്പണമെന്നാണ് ചട്ടം. അത് മുട്ടസ്സു നമ്പൂതിരിക്ക് അറിയാമായിരുന്നു. പക്ഷേ ദിവസവും വാര്യരാണ് ശാപ്പാടിനൊപ്പം പാല്‍പായസം കഴിച്ചിരുന്നത്. ഊണു കഴിച്ച് പകുതിയായപ്പോള്‍ പായസം വിളമ്പണമെന്ന് ശാന്തിക്കാരനോട് നമ്പൂതിരി പറഞ്ഞു.  
വാര്യര്‍ പറഞ്ഞല്ലാതെ പായസം തരാനാവില്ലെന്നായി ശാന്തിക്കാരന്‍.  വാര്യര്‍ പറഞ്ഞിട്ടു തന്നെയാണ്, വിളമ്പിക്കോളൂ എന്ന് നമ്പൂതിരിയും  പറഞ്ഞു.  അതുകേട്ട ശാന്തിക്കാരന്‍ പാല്‍പായസം വിളമ്പിക്കൊടുത്തു. മൂക്കുമുട്ടെ ശാപ്പാടു കഴിച്ച് നമ്പൂതിരി വെലിക്കല്‍പു
രയില്‍ പോയി കിടന്നു. 
കുളിയും ജപവും കഴിഞ്ഞെത്തിയ വാര്യര്‍ ഉണ്ണാന്‍ ചെന്നിരുന്നു. ഊണിന് പായസം വിളമ്പാത്തതു കണ്ട്് കലി പൂണ്ട വാര്യരോട്, പായസം നമ്പൂതിരിക്ക് കൊടുത്ത കാര്യം ഊണു വിളമ്പിയ സ്ത്രീ അറിയിച്ചു. വാര്യര്‍ പറഞ്ഞിട്ടാണ് കൊടുത്തതെന്നു കൂടി കേട്ടതോടെ അദ്ദേഹത്തിന്റെ കോപം ഇരട്ടിച്ചു. നമ്പൂതിരി കള്ളം പറയുകയാണെന്ന് പറഞ്ഞ വാര്യര്‍, എച്ചില്‍ക്കൈപോ
ലും കഴുകാതെ ഓടി വെലിക്കല്‍ പുരയുടെ വാതില്‍ക്കലെത്തി. 
പായസം മേടിച്ച് കഴിക്കാന്‍ ഞാന്‍ നമ്പൂതിരിയോട് പറഞ്ഞോ എന്ന് ദേഷ്യത്തോടെ ചോദിച്ച വാര്യരെ മുട്ടസ്സു നമ്പൂതിരി കണക്കിന് പരിഹസിച്ചു. 
ഹാ, നീയെന്തു വാര്യരാണ്! നിനക്കുണ്ടോ അഷ്ടാംഗ ഹൃദയം, ഏഭ്യാ, മോനിപ്പള്ളി ശങ്കുവാര്യര്‍ മഹായോഗ്യന്‍, നല്ല അഷ്ടാംഗ ഹൃദയക്കാരന്‍. അയാളാണ് തേച്ചു കുളിച്ചാല്‍ പായസമുണ്ണണമെന്നു പറഞ്ഞത്. അല്ലാതെ നീ പറഞ്ഞതു കേള്‍ക്കാന്‍ ഞാന്‍ നിന്റെ വാല്യക്കാരനോ എന്നായിരുന്നു നമ്പൂതിരിയുടെ പരിഹാസം. 
ഇതു കേട്ടു ലജ്ജിച്ച വാര്യര്‍ കൂടുതലൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അവിടെ നിന്ന് പോയി. 
വീണ്ടുമൊരിക്കല്‍ക്കൂടി  നമ്പൂതിരി ആ ക്ഷേത്രത്തിലെത്തി. അന്ന് അവിടെ ഉത്സവമായിരുന്നു. ഉത്സവത്തിന് കൂത്ത് അവതരിപ്പിക്കാന്‍ വന്ന നമ്പ്യാരുമായി നമ്പൂതിരി മുഷിയാന്‍ ഇടയായി. 
എങ്കില്‍ പിന്നെ നമ്പ്യാര്‍ക്കിട്ട് ഒരു പണികൊടുക്കണമെന്ന് നമ്പൂതിരി നിശ്ചയിച്ചുറപ്പിച്ചു. അമ്പലത്തില്‍ ഉത്സവത്തിന്റെ ചുമതലയുണ്ടായിരുന്ന തഹസില്‍ദാര്‍ ഒരു സാധു മനുഷ്യനായിരുന്നു. അദ്ദേഹം ക്ഷേത്രമതില്‍ക്കകത്ത് കടക്കാന്‍ പോലും പാടില്ലാത്ത, ക്ഷേത്ര മര്യാദകളൊന്നുമറിയാത്ത ആളായിരുന്നു. 
നമ്പൂതിരി തഹസില്‍ദാരെ പോയി കണ്ടു. നമ്പ്യാരെ കളിപ്പിക്കാനായി അദ്ദേഹം ചില കാര്യങ്ങള്‍ തഹസില്‍ദാരെ പറഞ്ഞു ഫലിപ്പിച്ചു. 
ക്ഷേത്രോത്സവത്തിന്, വിളക്കിന് ഇടയ്ക്കുള്ള പ്രദക്ഷിണത്തില്‍ നമ്പ്യാര്‍ മിഴാവ് എടുത്തു നടക്കുന്ന പതിവുണ്ടായിരുന്നുവെന്ന് തഹസില്‍ദാരോട്  പറഞ്ഞു. ഈ വാദ്യം ക്ഷേത്രങ്ങളില്‍ വളരെ മുഖ്യമാണെന്നും, തഹസില്‍ദാര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടാകില്ലെന്ന് കരുതി  നമ്പ്യാര്‍  കബളിപ്പിക്കുകയാണെന്നും പറഞ്ഞു. 
നമ്പൂതിരിയുടെ കള്ളം വിശ്വസിച്ച തഹസില്‍ദാര്‍ മഹാമേരു പോലെയുള്ള മിഴാവ്, പ്രദക്ഷിണത്തില്‍ നമ്പ്യാരെ കൊണ്ട് കെട്ടിയെടുപ്പിച്ചു. അവശനായ നമ്പ്യാര്‍ പിറ്റേന്നു തന്നെ നമ്പൂതിരിയെ തേടിയെത്തി. ഒടുവില്‍ നമ്പൂതിരി തന്നെ തഹസില്‍ദാരെ കണ്ട്് നമ്പ്യാരെ  ഈ ദുരിതത്തില്‍ നിന്ന് മുക്തനാക്കുകയും ചെയ്തു.  

No comments: