Saturday, November 03, 2018

ഭക്തന്മാരും സന്യാസിമാരുമായ പുരോഹിതശക്തിയുടെ ഉത്കര്‍ഷത്തോടൊത്ത് പരിഷ്‌കാരത്തിന്റെ ആദ്യത്തെ ആവിര്‍ഭാവം: മൃഗീയമനസ്സിന്റെ മേല്‍ ദിവ്യപ്രകൃതിയുടെ വിജയം: ചൈതന്യത്തിന്റെ മുമ്പില്‍ ഭൗതികതയുടെ ഒന്നാമത്തെ കീഴടക്കം: പ്രകൃതിക്കടിമപ്പെട്ട ഈ മനുഷ്യശരീരത്തില്‍, ഈ മാംസച്ചുമടില്‍, ലീനമായ ദിവ്യപ്രഭാവത്തിന്റെ ആദ്യത്തെ വികാസം – എന്നിവയെല്ലാം കാണപ്പെടുന്നു. പുരോഹിതന്‍ ഭൗതികതയില്‍നിന്ന് ആദ്ധ്യാത്മികതയെ ഒന്നാമതായി വിവേചിച്ചവനാണ്: ഈ ലോകത്തെ അടുത്തതായി ബന്ധിപ്പിക്കാന്‍ ഒന്നാമതായി സഹായിച്ചവനാണ്: ദേവതകളില്‍നിന്ന് മനുഷ്യന്റെ അടുക്കല്‍ വന്ന ഒന്നാമത്തെ സന്ദേശഹരനാണ്: രാജാവിനെ പ്രജകളോടു ബന്ധിക്കുന്ന പാലമാണ്. അയാളുടെ ആദ്ധ്യാത്മികശക്തിയും വിദ്യാവ്യസനവും ജീവിതമുദ്രയായ ത്യാഗവുമാണ് സര്‍വലോകഹിതത്തിന്റെ ആദ്യത്തെ മുളയെ വളര്‍ത്തിയെടുക്കുന്നത്: പോരാ, സ്വന്തം ജീവിതരക്തംകൊണ്ടുപോലും അയാള്‍ അതു നനച്ചു തഴപ്പിക്കുന്നു. അതുകൊണ്ടത്രേ എല്ലാ നാട്ടിലും അയാള്‍ പ്രഥമവും പ്രമുഖവുമായ ആരാധനയ്ക്കു പാത്രീഭവിച്ചത്. അതുകൊണ്ടത്രേ അയാളുടെ സ്മരണയെ നാം പൂജിക്കുന്നത്. swami vivekanandan.

No comments: