ഉപാസകന്റെ മരണാനന്തര ഗതി
സ്വാമി അഭയാനന്ദ, ചിന്മയ മിഷന്‍ തിരുവനന്തപുരം
Monday 5 November 2018 2:57 am IST
പത്താം ബ്രാഹ്മണം
യദാ വൈ പുരുഷോളസ്മാല്ലോകാത്
പ്രൈതി...
ഈ ലോകത്ത് നിന്ന് ഒരാള്‍ മരിച്ചു പോകുമ്പോള്‍ അയാള്‍ വായുദേവതയെ പ്രാപിക്കുന്നു. വായു അയാള്‍ക്ക് രഥത്തിന്റൈ ചക്രത്തോളം വലിപ്പമുള്ള ദ്വാരം ഉണ്ടാക്കി നല്‍കുന്നു. അതിലൂടെ അയാള്‍ മുകളിലേക്ക് പോകുന്നു. പിന്നീട് ആദിത്യനെ പ്രാപിക്കുന്നു. ആദിത്യന്‍ ലംബരം എന്ന വാദ്യത്തിന്റെ വലുപ്പത്തിലുള്ള ദ്വാരം തന്നില്‍ ഉണ്ടാക്കി കൊടുക്കുന്നു. അതിലൂടെ അയാള്‍ മുകളിലേക്ക് പോകും. പിന്നെ ചന്ദ്രനിലെത്തുന്നു. ചന്ദ്രന്‍ പെരുമ്പറയോളം ദ്വാരം തന്നിലുണ്ടാക്കി നല്‍കുന്നു. അതു വഴി വീണ്ടും മുകളിലേക്ക് പോകുന്നു. പിന്നീട് ദുഃഖവും തണുപ്പുമില്ലാത്ത ലോകത്തിലെത്തുന്നു. അവിടെ അയാള്‍ വളരെയധികം വര്‍ഷങ്ങള്‍ വസിക്കും. മരണാനന്തരം വായു, ആദിത്യന്‍, ചന്ദ്രന്‍ എന്നിവയിലൂടെ ഹിരണ്യഗര്‍ഭ ലോകത്ത് എത്തിച്ചേരുന്നു. ദുഃഖവും തണുപ്പുമില്ലാത്ത ലോകമെന്ന് വിശേഷിപ്പിച്ചത് ഹിരണ്യഗര്‍ഭ ലോകമെന്ന ബ്രഹ്മലോകത്തെയാണ്. അവിടെ കല്‍പാന്ത കാലം വരെ കഴിയാം.
പതിനൊന്നാം ബ്രാഹ്മണം
ഏതദ് വൈ പരമം തപോ യദ് വ്യാഹിതസ്തപ്യതേ...
രോഗം പിടിപെട്ട് തപിക്കുന്നു എന്നത് പരമമായ തപസ്സാണ്. ഇങ്ങനെ അറിയുന്നയാള്‍ പരമമായ ലോകത്തെ ജയിക്കുന്നു. മരിച്ചയാളെ ചുടുകാട്ടിലേക്ക് കൊണ്ടു പോകുന്നുവെന്നതും പരമമായ തപസ്സാണ്. ഇങ്ങനെ അറിയുന്നയാള്‍ പരമമായ ലോകത്തെ ജയിക്കുന്നു. മരിച്ചയാളെ അഗ്‌നിയില്‍ വെയ്ക്കുന്നതും പരമമായ തപസ്സാണ്. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ പരമമായ ലോകത്തെ ജയിക്കുന്നു.
രോഗം വന്ന് കഷ്ടപ്പെടുന്നത് വലിയ തപസ്സാണെന്ന് കരുതി സന്തോഷത്തോടെ സഹിക്കുന്നയാള്‍ കര്‍മങ്ങള്‍ ക്ഷയിച്ച് പാപങ്ങള്‍ നീങ്ങി പരമലോകത്തെത്തുന്നു. അതുപോലെ ശ്മശാനത്തിലേക്ക് കൊണ്ടു പോകുന്നതും അഗ്‌നിയില്‍ ദഹിപ്പിക്കുന്നതും വലിയ തപസ്സാണെന്ന് മരിക്കാന്‍ പോകുന്നയാള്‍ സങ്കല്‍പ്പിക്കണം. അയാള്‍ക്കും പരമ ലോകം ലഭിക്കും. ഉപാസകര്‍ക്ക് മരണത്തില്‍ ഒരിക്കലും ഭയമോ ദുഃഖമോ ഉണ്ടാകരുത്.
പന്ത്രണ്ടാം ബ്രാഹ്മണം
അന്നം ബ്രഹ്മേത്യേക ആഹുഃ...
അന്നം ബ്രഹ്മമാണെന്ന് ചിലര്‍ പറയുന്നു. അത് അങ്ങനെയല്ല, പ്രാണനെ കൂടാതെ അന്നം ചീഞ്ഞളിയുന്നു. പ്രാണന്‍ ബ്രഹ്മമാണെന്ന് വേറെ ചിലര്‍ പറയുന്നു. അതും അങ്ങനെയല്ല. അന്നമില്ലെങ്കില്‍ പ്രാണന്‍ ശോഷിക്കുന്നു. എന്നാല്‍, ഈ രണ്ടു ദേവതകളും ഒന്നിച്ച് ചേര്‍ന്ന് പൂര്‍ണതയാകുന്നു.
അതിനാല്‍ പ്രാതൃദന്‍ അച്ഛനോട് ചോദിച്ചു. ഇങ്ങനെ അറിയുന്നയാള്‍ക്ക് എന്ത് നന്മയാണ് ചെയ്യാനാവുക? എന്ത് തിന്മയാണ് ചെയ്യാനാവുക? എന്ന്. അച്ഛന്‍ അവനെ കൈകൊണ്ട് വിലക്കി അയാളോട് പറഞ്ഞു. പ്രാതൃദ, അങ്ങനെ പറയരുത്. ആര്‍ക്കാണ് ഇവയോട് ഒന്നായി പൂര്‍ണരാകാന്‍ കഴിയുക. എന്നിട്ട് പറഞ്ഞു.
'വി' എന്നാല്‍ അന്നം എന്നാണ്. അന്നത്തിലാണ് എല്ലാ ജീവജാലങ്ങളും വിഷ്ടങ്ങളായിരിക്കുന്നത്.'രം' എന്നത് പ്രാണനാണ്. പ്രാണനിലാണ് എല്ലാ ജീവജാലങ്ങളും രമിക്കുന്നത്. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാളില്‍ എല്ലാ ഭൂതജാലവും പ്രവേശിക്കുകയും രമിക്കുകയും ചെയ്യുന്നു. അന്നത്തിന്റെയും പ്രാണന്റെയും ഗുണങ്ങള്‍ ഒന്നുചേര്‍ന്ന ബ്രഹ്മത്തിന്റെ ഉപാസനയെയാണ് ഇവിടെ പറഞ്ഞത്. അന്നം എന്നാല്‍ അന്നം കൊണ്ട് നിലനില്‍ക്കുന്ന ശരീരം. പ്രാണനില്ലെങ്കില്‍ ശരീരം നശിക്കും. അതുപോലെ അന്നമില്ലെങ്കില്‍ പ്രാണനും ശോഷിക്കും. രണ്ടും ചേര്‍ന്നാലേ പൂര്‍ണതയുണ്ടാകൂ. രണ്ടിന്റെയും ഗുണങ്ങളറിഞ്ഞ് ആ ഗുണങ്ങളുള്ള ബ്രഹ്മത്തെ ഉപാസിക്കണമെന്നാണ് പ്രാതൃദനോട് അച്ഛന്‍ പറഞ്ഞത്.
'വി' എന്ന അന്ന ഗുണം സര്‍വഭൂത ആശ്രയത്വവും 'രം' എന്ന പ്രാണഗുണം സര്‍വഭൂത രതിയുമാണ്. ഈ ഗുണങ്ങളുള്ള അന്ന പ്രാണരൂപമായ ബ്രഹ്മത്തെ ഉപാസിക്കുന്നയാള്‍ കൃതകൃത്യനാകും.അന്നവും പ്രാണനും ഒരു പോലെ വേണ്ടതാണ്.
No comments:
Post a Comment