മനസ്സാകുന്ന ഉപാധിയോട് കൂടിയ ബ്രഹ്മത്തിന്റെ ഉപാസന
Saturday 3 November 2018 2:21 am IST
ആറാം ബ്രാഹ്മണം.
മനോയോളയം പുരുഷോ ഭാഃ
സത്യസ്തസ്മിന്നന്തര്‍ഹൃദയേ...
മനോമയനായ ഈ പുരുഷന്‍ ഹൃദയത്തിന്റെ അന്തര്‍ഭാഗത്തുള്ള ആകാശത്തില്‍ നെല്ലിന്റെയോ യവത്തിന്റെയോ വലുപ്പത്തില്‍ പ്രകാശ സ്വരൂപനായിരിക്കുന്നു. ഈ ആത്മാവ് എല്ലാത്തിന്റെയും നിയന്താവും അധിപതിയുമാണ്. ഈ ജഗത്തിലുള്ളതിനെയെല്ലാം പരിപാലിക്കുന്നു. മനസ്സില്‍ പ്രതിഫലിക്കുന്നതും മനസ്സിനാല്‍ സാക്ഷാത്കരിക്കുന്നതുമായതിനാല്‍ ബ്രഹ്മത്തെ മനോമയന്‍ എന്ന് വിളിക്കുന്നു. ഉപാധികളുടെ മാറ്റമനുസരിച്ച് നെല്ലും യവവും പോലെ കാണുന്നു. ഉപാധികളില്ലാത്തതും എങ്ങും നിറഞ്ഞതുമായ ആത്മാവാണ് എല്ലാത്തിനേയും നിയന്ത്രിക്കുന്നതും രക്ഷിക്കുന്നതും. ഇങ്ങനെ അറിഞ്ഞുപാ
സിക്കുന്നവര്‍ക്ക് സര്‍വതിനേയും നിയന്ത്രിക്കാനുള്ള ശേഷിയുണ്ടാകും.
ഏഴാം ബ്രാഹ്മണം
വിദ്യുദ് ബ്രഹ്മേത്യാഹുഃ,
വിദാനാദ് വിദ്യുത്...
വിദ്യുത്ത് (ഇടിമിന്നല്‍) ബ്രഹ്മമാണെന്ന് ചിലര്‍ പറയുന്നു. അന്ധകാരത്തെ നശിപ്പിക്കുന്നതിനാലാണ് അതിന് വിദ്യുത്ത് എന്ന് പേര്. വിദ്യുത്ത് ബ്രഹ്മമാണെന്നറിഞ്ഞ് ഉപാ
സിക്കുന്നയാള്‍ തനിക്ക് വരുന്ന പാപങ്ങളെയെല്ലാം നശിപ്പിക്കുന്നു. എന്തെന്നാല്‍, വിദ്യുത്ത് ബ്രഹ്മം തന്നെയാണ്.
സത്യബ്രഹ്മത്തിന്റെ മറ്റൊരു ഉപാസനയാണിത്. വിദ്യുത്തും ബ്രഹ്മവും സ്വയം പ്രകാശ സ്വരൂപങ്ങളാണ് എന്നതാണ് ഒന്നായി കാണുന്ന സാധര്‍മ്യം. ഇടിമിന്നല്‍ പ്രകാശത്താല്‍ ഇരുട്ടിനെ നശിപ്പിക്കുന്നതു പോലെ ബ്രഹ്മോപാസകന് തന്റെ വിഘ്‌നങ്ങളെ നശിപ്പിക്കാനാകും.
എട്ടാം ബ്രാഹ്മണം
വാചം ധേനുമുപാസീത-
തസ്യാശ്ച ത്വാരഃ സ്തനാഃ...
വാക്കാകുന്ന ബ്രഹ്മത്തെ പശുവായി ഉപാസിക്കണം. അതിന് നാല് മുലകളാണുള്ളത്. സ്വാഹാ, വഷട്, ഹന്ത, സ്വധാ എന്നീ ശബ്ദങ്ങളാണ് അവ. സ്വാഹാ, വഷട് എന്ന രണ്ട് മുലകളെ ദേവന്മാര്‍ ഉപജീവിക്കുന്നു. ഹന്ത എന്നതിനെ മനുഷ്യരും സ്വധാ എന്നതിനെ പിതൃക്കളും ഉപജീവിക്കുന്നു. പ്രാ
ണന്‍ അതിന്റെ കാളയാണ്. മനസ്സ് പശുക്കിടാവുമാണ്.
വാഗ് രൂപമായ ബ്രഹ്മത്തിനെ പശുവായി കണ്ടുള്ള ഉപാസനയാണ് പറഞ്ഞത്. ദേവന്മാര്‍ക്ക് സ്വാഹ, വഷട് എന്നീ മന്ത്രങ്ങളെ കൊണ്ടാണ് ഹവിസ് അര്‍പ്പിക്കുക. പിതൃക്കള്‍ക്ക് സ്വധാ എന്ന് പറഞ്ഞാണ് തര്‍പ്പണം ചെയ്യുന്നത്. പ്രാണനെക്കൊണ്ട് വാക്കിന് ശക്തിയുണ്ടാകുന്നതിനാലാണ് പ്രാണനെ കാളയായി പറയുന്നത്. മനസ്സില്‍ ആലോചിച്ചതാണ് വാക്കായി പുറത്തു വരുന്നത്. പശുക്കിടാവ് തള്ളപശുവിന്റെ അകിടില്‍ നിന്ന് പാ
ല് ചുരത്തിക്കുന്നതു പോലെയാണ് മനസ്സ് വാക്കുകളെ പ്രകടമാക്കുന്നത്.
ഒമ്പതാം ബ്രാഹ്മണം
അയമഗ്‌നിര്‍വൈശ്വാനരോ
യോളയമന്തഃ പുരുഷേ...
മനുഷ്യരുടെ ഉള്ളില്‍ കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്ന അഗ്നി വൈശ്വാനരനാണ്. ചെവികള്‍ അടയ്ക്കുമ്പോള്‍ കേള്‍ക്കുന്നത് അതിന്റെ ശബ്ദമാണ്. ജീവന്‍ ശരീരത്തില്‍ നിന്ന് പുറത്ത് പോകാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഈ ശബ്ദം കേള്‍ക്കില്ല.
സത്യബ്രഹ്മത്തിന്റെ വൈശ്വാനര രൂപത്തിലുള്ള ഉപാസനയാണ് ഇതില്‍ പറയുന്നത്. മരണസമയത്ത് ദഹനശക്തി ഇല്ലാതാകുന്നതിനാലാണ് ശബ്ദം കേള്‍ക്കാത്തത്.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
No comments:
Post a Comment