സുഖമായി ഉറങ്ങി, കൃഷ്ണ
.ഉറക്കമില്ലാത്ത രാത്രികളും ദുർലഭം അനുഗ്രഹമാകാറുണ്ട്. ഭഗവാനിലേക്ക് മനസ്സ് തിരിക്കാൻ ഭഗവാൻ തന്നെ പ്രേരിപ്പിച്ച ഒരു അനുഗൃഹീത രാത്രിയിൽ ഞാൻ മനസ്സിൽ ഭഗവാനുമായി സംവദിച്ചു. ഭഗവാനെ രണ്ടു രൂപങ്ങളിൽ ഞാൻ മനസ്സിൽ കണ്ടു.
ഞാൻ ഉറങ്ങാതെ കിടക്കുകയാണല്ലോ. അപ്പോൾ എന്റെ സമീപത്ത് ഒരു കുഞ്ഞിക്കസവുമുണ്ടും ചുറ്റി ചമ്രം പടിഞ്ഞിരിക്കുന്നു ഭഗവാൻ. ഗോപി ക്കുറിയുണ്ട്, ചെറിയ കുണ്ഡലങ്ങൾ, മയിൽപ്പീലി ചൂടിയ ചുരുണ്ട മുടി, കയ്യിൽ വീതിയുള്ള വളകൾ, ഒരു കയ്യിൽ ഓടക്കുഴൽ, മറ്റേ കയ്യിൽ ഒരു കൊച്ചു വടിയും. കുറച്ചപ്പുറത്ത് അതാ ഞാനെപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്ന ശ്യാമ സുന്ദരൻ വേണുഗോപാലമൂർത്തിയായി, കാലുകൾ പിണച്ചുവെച്ച് വേണു ഊതി നില്ക്കുന്നു. രണ്ടു രൂപങ്ങളിലും മുഖത്ത് അതി മനോഹരമായ പുഞ്ചിരി കാണാം.
ഞാൻ ഭഗവാനോട് ചോദിച്ചു: ഭഗവാൻ ഇങ്ങനെ ഈ രൂപത്തിൽ എന്റെ അടുത്ത് വന്ന് ചമ്രം പടിഞ്ഞിരിക്കാൻ എന്താണ് കാരണം? ഉറക്കം വരുന്നില്ലേ?.
ഭഗവാൻ പറഞ്ഞു: ഞാനെപ്പോഴും നിന്റെ അടുത്തു തന്നെ ഉറങ്ങാതിരിക്കുന്നു. ഞാൻ കല്പാന്തകാലത്തെ പ്രളയം കഴിഞ്ഞാൽ കുറച്ചുറങ്ങും. എഴുന്നേറ്റാൽ അടുത്ത കല്പാന്തകാലത്തേ ഉറങ്ങൂ. ഇടയ്ക്കുറക്കമില്ല. എന്റെ സൃഷ്ടികളുടെ കൂടെ, ദാ ഇപ്പോൾ നിന്റെ കൂടെ ഇരിക്കുന്ന പോലെ, സദാ ഇരിക്കും. സുഖമായി ഉറങ്ങിക്കോളൂ. ഞാനുണ്ട് അരികെ .
ഭഗവാന്റെ വചനാമൃതം കേട്ട് ഞാൻ ശാന്തമായി ഉറങ്ങി. രാവിലെ ഉണർന്നപ്പോഴും അതാ എന്റെ ശ്യാമ സുന്ദരനും കുട്ടിക്കണ്ണനും പുഞ്ചിരി തൂകി എന്റെ അടുത്തു തന്നെ. ഭഗവാൻ ചോദിച്ചു: സുഖമായി ഉറങ്ങിയോ?
ഞാൻ ഉവ്വ് എന്ന് പറഞ്ഞു.
ഭഗവാൻ: നല്ല ഉറക്കത്തിലായിരുന്നില്ലേ? അപ്പോൾ സുഖമായി ഉറങ്ങി എന്ന് എങ്ങനെ, ആർ അറിഞ്ഞു? ഉറക്കത്തിലുള്ള ആൾക്ക് ഒന്നുമറിയില്ലല്ലോ?
ഞാൻ: എനിക്കൊന്നുമറിയില്ല കൃഷ്ണ.
ഭഗവാൻ പറഞ്ഞു: നീ സുഖമായി ഉറങ്ങുമ്പോൾ ഉറങ്ങാതെ ഇരുന്ന ഞാനാണ് നീ സുഖമായി ഉറങ്ങി എന്നറിഞ്ഞത്. ഉറങ്ങുന്ന നിനക്കെന്തറിയാം? ഞാൻ ഉണർന്നിരിക്കയായിരുന്നു. അതിനാൽ അറിഞ്ഞു.
ഞാൻ ചോദിച്ചു: ഭഗവാനേ, അതെനിക്ക് എങ്ങനെ അനുഭവപ്പെട്ടു? ഒന്ന് സത്യം പറഞ്ഞ് തരൂ ട്ടൊ.
ഭഗവാൻ: നിന്റെ ഉള്ളിലിരുന്ന് സുഖമായി ഉറങ്ങി എന്നറിഞ്ഞ ഞാൻ തന്നെയാണ് ഈ ഞാനും.
ഈശ്വരാ, അപ്പോൾ എന്നിലെ ഞാനും കൃഷ്ണനും ഒന്നാണോ?
ഭഗവാൻ: പിന്നല്ലാതെ, ഈ സമസ്ത ജീവജാലങ്ങളിലേയും ഉള്ളിലെ ഞാനാണ് ഈ ഞാൻ. അതറിഞ്ഞാൽ മതി. അനുഭവം സമയമാകുമ്പോൾ വരും.
ഞാൻ ചോദിച്ചു: ഭഗവാനേ, അപ്പൊ ഞാൻ ഇപ്പോൾ തന്നെ രണ്ടു രൂപങ്ങളിൽ കണ്ടുവല്ലോ?
ഭഗവാൻ: അതിനെന്താ അദ്ഭുതം? പത്ത് അവതാരങ്ങളല്ല, മുപ്പത്തി മുക്കോടി അവതാരങ്ങൾ അല്ല, ഞാൻ ലോകം മുഴുവൻ നിറഞ്ഞു നില്ക്കുന്ന വിരാട് പുരുഷനാണ്. തത്ക്കാലം അതൊന്നും ഓർക്കണ്ട. നിന്നിലെ ഞാൻ, ഞാൻ തന്നെയാണെന്ന് മനസ്സിലാക്കിയാൽ മതി. നിന്റെ ദേഹം പതിക്കുന്നതു വരെ നിന്റെ സാക്ഷിയായി വർത്തിക്കുന്നു. ദേഹം നശിച്ചാലും നിന്നിലെ ഞാൻ നശിക്കുന്നില്ല. "ഞാൻ" നശിക്കാതെ അനശ്വരനായി വർത്തിക്കുന്നു - അതു തന്നെ നിന്റെ മുന്നിലുള്ള കൊച്ചു കണ്ണനും വേണുഗോപാലനും, ദശാവതാരങ്ങളും, വിഷ്ണഭഗവാനും വിരാട് പുരുഷനും. കണ്ണൻ അതാ ഒന്നുകൂടി ഹൃദ്യമായി പുഞ്ചിരി തൂകി.
ഞാൻ രാവിലെ എഴുന്നേറ്റ് നിത്യ
കർമങ്ങളിൽ ഏർപ്പെടുകയും ചെയ്തു. എന്തോ അനിർവചനീയമായ ശാന്തിയോടെ ദിവസം തുടങ്ങി! ഞാനാരാ? ഞാനാരാ? മായയിൽ മുങ്ങിയ ഞാൻ എന്നെ എന്നെങ്കിലും അറിയുമോ? കൃഷ്ണ , ഹേ കൃഷ്ണ! തുഭ്യം നമ:
കർമങ്ങളിൽ ഏർപ്പെടുകയും ചെയ്തു. എന്തോ അനിർവചനീയമായ ശാന്തിയോടെ ദിവസം തുടങ്ങി! ഞാനാരാ? ഞാനാരാ? മായയിൽ മുങ്ങിയ ഞാൻ എന്നെ എന്നെങ്കിലും അറിയുമോ? കൃഷ്ണ , ഹേ കൃഷ്ണ! തുഭ്യം നമ:

No comments:
Post a Comment