Saturday, November 17, 2018

രാസലീല 71*
അക്ഷരമണമാലയിൽ രമണ ഭഗവാൻ എത്ര കരഞ്ഞു കരഞ്ഞുപ്രാർത്ഥിക്കുന്നു .അരുണാചലേശ്വരൻ തനിക്ക് കൃപ ചെയ്തു. പക്ഷേ പുറമേക്ക് ഒന്നും നടന്നില്ല രമണ മഹർഷിയുടെ ജീവിതത്തിൽ .ഒക്കെ അകമേക്കാണ്. ആരോ ചെവിയിൽ ചെന്നൊന്ന് പറഞ്ഞു. ഞാൻ അരുണാചലത്ത് നിന്ന് വരുന്നെന്ന് പറഞ്ഞു. ക്ഷണം തന്നെ transformation ആണ്. ആരോ ബന്ധു വീട്ടില് വന്നു. എവിടുന്ന് വരുന്നു എന്ന് ചോദിച്ചു. അരുണാചലം ന്ന് പറഞ്ഞു. ആ ക്ഷണത്തിൽ ആളു മാറി. ആ ക്ഷണം തന്നെ ഈ അരുണാചലം പിടിച്ചു വലിച്ചു എന്ന് പറയണം. കാന്തം ഇരുമ്പിനെ വലിക്കുന്ന പോലെ ഇവിടെ വലിച്ചു കൊണ്ട് വെച്ചു. തന്നെ പോലെ അചലമായിട്ട് ചെയ്തു. ബാഹ്യമായ ഭഗവാന്റെ ഈ ആകർഷണത്തിനെ കൃപയെ ആശ്ചര്യമായ ഒരു പർവ്വതത്തിനെ ഞാൻ കണ്ടു. വലിച്ചു കൊണ്ട് വന്ന് തന്നെ പ്പോലെ അചലമായി തീർത്ത ഒരു ആശ്ചര്യപർവ്വതത്തിനെ ഞാൻ കണ്ടു. തനിക്ക് ഗുരുവായി അനുഗ്രഹം ചെയ്തതായിട്ടും ഒക്കെ മഹർഷി പറയണു.
അപ്പോ ഭഗവാന്റെ ഈ കൃപ ഏതെങ്കിലും വിധത്തിൽ ജീവനുമായി സമ്പർക്കമുണ്ടാവണം. അത് സ്പർശദീക്ഷയോ സമ്പർക്കദീക്ഷയോ ചക്ഷുർദീക്ഷയോ മന്ത്രദീക്ഷയോ ഉപദേശദീക്ഷയോ ഏതു രീതിയിൽ വേണമെങ്കിലും ആവട്ടെ ഇവിടെ ഗോപികകൾ പറയുന്നു ഭഗവാനേ ആ കൈയ്യൊന്നു ശിരസ്സിൽ വെയ്ക്കൂ.
കരസരോരുഹം കാന്ത കാമദം
ശിരസി ധേഹി ന: ശ്രീകരഗ്രഹം
വ്രജജനാർത്തിഹൻ വീര യോഷിതാം
നിജജനസ്മയ ധ്വംസനസ്മിത
ഭഗവാൻ അങ്ങനെ ഒന്ന് മന്ദഹസിച്ചാൽ എന്താ സംഭവിക്കണതെന്ന് വെച്ചാൽ സ്മയം എന്നാൽ അഹങ്കാരം. ഭഗവാൻ എപ്പപ്പോ ചിരിക്കുംന്ന് വെച്ചാൽ മനുഷ്യൻ അഹങ്കരിക്കുമ്പോഴൊക്കെ ഭഗവാനൊന്ന് ചിരിക്കും. ചിരിച്ചു കഴിഞ്ഞാൽ മനുഷ്യന്റെ സ്മയം, അഹങ്കാരം ധ്വംസനം ചെയ്യപ്പെടുകയാണ്. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ഒരു അനുഭവം വന്നാൽ അത് ഭഗവാന്റെ ചിരിയായി കരുതി ക്കൊള്ളണം. ഭഗവാൻ മന്ദഹസിക്കുന്നത്
നിജജനസ്മയ ധ്വംസനസ്മിത
ഭജ സഖേ ഭവേത് കിങ്കരീ സ്മ നോ
ജലരുഹാനനം ചാരു ദർശയ
ഹേ താമരക്കണ്ണാ താമര വിടർന്ന് നില്ക്കുന്നതുപോലെയുള്ള മുഖമുള്ള ഹേ പ്രഭോ അവിടുന്ന് ആ സുന്ദരമായ മുഖത്തിനെ ഞങ്ങൾക്ക് കാണിച്ചു തരിക.
പ്രണത ദേഹിനാം പാപകർശനം
തൃണചരാനുഗം ശ്രീനികേതനം
ഫണിഫണാർപ്പിതം തേ പദാംബുജം
കൃണു കുചേഷു ന: കൃന്ധി ഹൃച്ഛയം
ഞങ്ങളുടെ ഹൃദയത്തില് ഉള്ള ഈ വികാരം കാമവികാരത്തിനെ സമ്പൂർണമായി ഇല്ലാതാക്കാനായിട്ട് കാളിയന്റെ ശിരസ്സിൽ നടനമാടിയ ആ പാദം ഈ ഹൃദയത്തില് വെയ്ക്കുക. അഹങ്കാരമാകുന്ന കാളിയനെ നടനം ചെയ്ത് അടക്കിയ ആ പാദം ഈ ഹൃദയത്തില് വെയ്ക്കുക. ആ ഹൃദയത്തില്, സ്തനത്തില് വായ വെച്ച കൃഷ്ണൻ പൂതനയ്ക്ക് പോലും മോക്ഷം കൊടുത്തു. പൂതനയ്ക്ക് ഭഗവദ് അംഗസ്പർശം കൊണ്ട് പൂത ആയി തീർന്നു അവൾ. എത്ര വലിയ ദുരാചാരി ആണെങ്കിലും പവിത്രമായി തീരുമെന്നുള്ളതിന് പൂതനാമോക്ഷം തന്നെ ഒരു ഉദാഹരണമാണ്. അവിടെ ഭഗവാൻ കൈ പോലുമല്ല വായ ആണ് സ്തനത്തില് വെച്ചത്. പാല് കുടിക്കാനെന്ന വ്യാജേന അവൾക്ക് ആ ക്ഷണം തന്നെ വിരക്തി ഉണ്ടാവുകയും മതി മതി മതി ഇനി വിടൂ. ആ ക്ഷണം തന്നെ അവൾക്ക് മതി എന്ന ചിന്തയും ഉണ്ടായി.മതി ,എനിക്ക് ലോകജീവിതം മതി. ഭഗവാനേ എന്നെ വിമുക്തയാക്കൂ. അങ്ങനെ ഉള്ളവർക്കുപോലും കൃപ ചെയ്ത അങ്ങയുടെ പാദം ഞങ്ങളുടെ നെഞ്ചില് വെയ്ക്കുക.
ശ്രീനൊച്ചൂർജി
*തുടരും. ....*

No comments: