Sunday, October 01, 2017

ഭഗവാന്‍ കൃഷ്ണന്‍ മറുപടി പറഞ്ഞു:
ഒരു ഭക്തന്‍ കൃപാലുവും നിരുപദ്രവിയും സഹനശക്തിയുളളവനും സത്യവാനും തെറ്റുചെയ്യാത്തവനും സമചിത്തനും സര്‍വ്വോപകാരിയും കാമമറ്റവനും അച്ചടക്കമുളളവനും മൃദുഭാഷിയും ശുദ്ധനും ദരിദ്രനും നിഷ്ക്രിയനും മിതശീലനും ശാന്തനും ഉറച്ചവനും എന്നില്‍ ഭക്തിയുളളവനും ജാഗരൂകനും അക്ഷോഭ്യനും വിനയവാനും ശക്തനും സൗഹൃദമുളളവനുമത്രെ. വിഗ്രഹപൂജ, മഹിമാകഥനം, ധ്യാനം, ക്ഷേത്രോത്സവങ്ങള്‍, എന്നെ പൂജിക്കാന്‍ മറ്റുളളവരെ പ്രേരിപ്പിക്കുക, മൂര്‍ത്തീസ്ഥാപനം നടത്തുക, സാമൂഹികവും ക്ഷേമപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക (അതിനെപ്പറ്റി അഭിമാനം പുലര്‍ത്താതെ), ഏറ്റവും ഇഷ്ടപ്പെടുന്നതെന്തോ അത്‌ എനിക്കായി സമര്‍പ്പിക്കുക ഇവയെല്ലാം എന്നോടുളള ഭക്തിസാധനയുടെ ഭാഗമത്രെ. സൂര്യന്‍, അഗ്നി, ബ്രാഹ്മണര്‍, പശുക്കള്‍, വിഷ്ണുഭക്തര്‍, ആകാശം, വായു, ജലം, ഭൂമി, ആത്മാവ്‌ എന്നല്ല, എല്ലാ ജീവജാലങ്ങളും എന്നെ ഭക്തിസാധനയിലൂടെ പ്രാപിക്കാനുതകുന്ന ഉപാധികളത്രെ. ശരിയായ മാര്‍ഗ്ഗങ്ങളാല്‍ ഈ ഉപാധികളിലൂടെ എന്നെ പൂജിക്കുക. ആത്മസാക്ഷാത്കാരത്തിലേക്ക്‌ എന്നോടുളള ഭക്തിയല്ലാതെ മറ്റൊരു രാജപാതയുമില്ല തന്നെ. ഇതു സാധിക്കുവാന്‍ ദിവ്യരുമായുളള സല്‍സംഗം ഉണ്ടാകട്ടെ.

No comments: