Tuesday, February 27, 2018

സ്വാമി അദ്ധ്യാത്മാനന്ദ
ലക്ഷ്യവിചാരം 21

ചിന്താശേഷിയും, ഭാവനാ സാമര്‍ത്ഥ്യവും  കായികക്കരുത്തും ഉള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍  രണ്ടു വസ്തുതകളുണ്ട്.  ഒന്നുങ്കില്‍  ബോധ്യപ്പെട്ടിട്ടുള്ള നിസ്സഹായതയുടേയും, നിസ്സാരതയുടേയും,  പരിമിതികളുടേയും സങ്കടങ്ങളില്‍ നിരാശരായി കഴിഞ്ഞുകൂടാം. യഥാകാലം മരണത്തിന് വിധേയരാവാം. ഇതിനിടയില്‍ ഇടക്കിടെ ലഭിക്കുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ ആശ്വാസം കണ്ടെത്താം. അതിലേറെ വന്നുചേരുന്ന സങ്കടങ്ങളില്‍ വിലപിക്കാം, നിരാശയുടെ നെടുവീര്‍പ്പിടാം. മറ്റൊന്നുള്ളത് തന്റെ ചിന്താശേഷിയേയും അന്വേഷണ ഔത്സുക്യത്തേയും (ജിജ്ഞാസ) പ്രയോജനപ്പെടുത്തിക്കൊണ്ട് എല്ലാ പരിമിതികളേയും അതിക്രമിച്ച് മുന്നേറുന്നതിനെക്കുറിച്ച് ചിന്തിക്കാം, ഉത്സാഹിക്കാം. ഇതില്‍ രണ്ടാമത്തെ സാധ്യതയെയാണ് നമ്മുടെ ഋഷീശ്വരന്മാര്‍ പ്രാബല്യത്തില്‍ വരുത്തിയത്. 
ഋഷിജനം അവരെ വേട്ടയാടിയിരുന്ന അസൗകര്യങ്ങളേയും, അസംതൃപ്തികളേയും, സങ്കടങ്ങളേയും, അസ്വാതന്ത്ര്യങ്ങളേയും, ചോദ്യം ചെയ്യാന്‍ തയ്യാറായി. അങ്ങനെയാണവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ സുപ്രഭാതം ഉദിച്ചുകിട്ടിയത്, അനാവരണം ചെയ്തു കിട്ടിയത്.  അതിന്റെ നിര്‍വൃതിയില്‍ 'ഞാന്‍ ബ്രഹ്മമാണ്, ഞാന്‍ സച്ചിദാനന്ദ സ്വരൂപമാണ് ' എന്ന് അവര്‍ തിരിച്ചറിഞ്ഞു.  ഒപ്പം അനുഭൂതി ഉണര്‍ത്തിയ അനുകമ്പയുടെ നിറവില്‍ ബോധ്യമായ വസ്തുതകള്‍ മറ്റുള്ളവര്‍ക്കായി  പങ്കുവെക്കുകയും ചെയ്തു.  ഈ പങ്കുവെക്കലാണ് വാമൊഴിയായി (ശ്രുതി പാരമ്പര്യം)  ഉപനിഷത്തുകളിലൂടെ സംവദിച്ചത്. ഇതുതന്നെ ഇതിഹാസപുരാണങ്ങളിലൂടെ സ്മൃതി പാരമ്പര്യമായി അവതരിപ്പിച്ചു. ഇത് സാദരം ശ്രദ്ധിച്ച് നമുക്ക് മുന്നിലുള്ള രണ്ട് സാദ്ധ്യതകളെ കുറിച്ച് ആലോചിക്കാം. ഞാനൊരു നിസ്സാര, നിസ്സഹായ  ജീവിയാണോ? എങ്ങനെയൊക്കെയോ ജീവിച്ച് മരിച്ചു പോവാനാണോ എന്റെ വിധി? ഇതിനിടക്ക്  ലഭിക്കുന്ന കൊച്ചുകൊച്ചു സന്തോഷങ്ങള്‍ക്കും, സുഖങ്ങള്‍ക്കും മധ്യേ  അതിലേറെ ദുഃഖത്തെ സ്വാഗതം ചെയ്യേണ്ടുന്ന ദുരവസ്ഥയും നമുക്കുണ്ട്.
നമ്മെ അലോസരപ്പെടുത്തുന്ന സ്വാതന്ത്ര്യ ചോദനയെ പരിഗണിക്കുന്നതാണ് രണ്ടാമത്തെ പാത. ഈ വിഷയത്തില്‍ വേണ്ടതൊക്കെ ഋഷീശ്വരന്മാര്‍ നമുക്ക്  പറഞ്ഞു തന്നിട്ടുണ്ട്. അതനുസരിച്ച് സച്ചിദാനന്ദ സ്വരൂപിയായ 'ഞാന്‍' പ്രസ്തുത ജ്ഞാന നിഷ്ഠക്ക് എന്റെ അസ്തിത്വത്തെ വിളംബരം ചെയ്യുന്ന സമീപനം പുലര്‍ത്തേണ്ടതുണ്ട്.
നിഹിതമായ ഉണ്‍മയുടെ ബഹുമുഖ സാധ്യതകള്‍ ലോകഹിതം ലക്ഷ്യമാക്കിയും,  ഈശ്വരാര്‍പ്പണമായിട്ടും  ആവിഷ്‌കരിക്കണം. ഒപ്പം സദ്ഗുരുക്കന്മാരില്‍ നിന്ന് ശാസ്ത്ര ശ്രവണവും പഠനവും, ഞാന്‍ സച്ചിദാനന്ദ സ്വരൂപിയാണ് എന്ന ധ്യാനവും നടക്കണം.  സച്ചിദാനന്ദ തത്വം കര്‍മ്മങ്ങള്‍ കൊണ്ട് നേടിയെടുക്കേണ്ട ഒന്നല്ല. അറിഞ്ഞുറയ്‌ക്കേണ്ട വാസ്തവമാണെന്നും ആവര്‍ത്തിച്ചോര്‍ക്കണം. 
ഏകമായ ബ്രഹ്മ തത്വമാണ് പലതായിത്തീര്‍ന്ന് സൃഷ്ടമായ എല്ലാറ്റിലും അനുപ്രവേശനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് എന്നില്‍ സ്പന്ദിക്കുന്ന ഉണ്‍മയാണ് ഏവരിലും ആത്മസത്തയായി പരിലസിക്കുന്നത് എന്ന ബോധ്യം നമുക്ക് സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതിനുതകുന്ന തരത്തില്‍ ആത്മസത്തയുടെ  സാന്നിദ്ധ്യം അറിയിക്കുന്ന വിഷയത്തില്‍ നമ്മുടെ കര്‍മ്മങ്ങള്‍ സര്‍ഗ്ഗാത്മകവും, നിര്‍മ്മാണാത്മകവും ആവേണ്ടതുണ്ട്. സങ്കുചിത സ്വാര്‍ത്ഥം കൊണ്ട് ലോകോപദ്രവകരമോ, നശീകരണാത്മകമോ ആയിക്കൂടാ. 
ഒരു പഴയ കെട്ടിടം പുതുക്കി പണിയുന്നേടത്ത് ആവശ്യമായ കെട്ടിടം തകര്‍ക്കല്‍ നിര്‍മ്മാണാത്മകവും, ദൂരക്കാഴ്ചയുള്ളതും  ആയതിനാല്‍ അനുവദനീയമാണ്. മറ്റുള്ളവരോടുള്ള സ്‌നേഹവും, മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാനുള്ള സന്മനസ്സുമാവണം സകല കര്‍മ്മങ്ങള്‍ക്കും പിറകിലെ പ്രചോദനം. 
അടുത്തത് ചിത് സ്വരൂപ സംബന്ധിയായ അന്വേഷണത്തിന്റേയും സാക്ഷാത്കാരത്തിന്റേയും സാധന ചിന്താ വിധേയമാക്കാം. ഞാനാരാണെന്ന അന്വേഷണത്തിന് ജാഗ്രത് സ്വപ്‌ന സുഷുപ്ത്യവസ്ഥകളെ അറിയുന്ന ബോധമാണെന്ന ഉത്തരം കണ്ടെത്താന്‍ സഹായകമായ ജ്ഞാനാഭ്യാസം നടത്തണം. ഏതേതിടങ്ങളില്‍ നാം വ്യവഹരിക്കുമ്പോഴും അവിടെയൊക്കെ അവരവരെ അറിയിക്കാനും, അവിടെ പ്രസക്തമായ വസ്തുതകളെ അറിയാനും, അറിയിക്കാനും സാധനയെന്ന നിലയില്‍ ഉദ്യമിക്കാം. 

No comments: