Sunday, February 25, 2018

'ആത്മ' എന്ന ശബ്ദത്തിന് മനസ്സും മുന്‍പ് പറഞ്ഞ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും എന്നാണ് അര്‍ത്ഥം. അവയുടെ സ്ഥിരം സ്വഭാവം ഭൗതിക പ്രപഞ്ചത്തിലെ വസ്തുക്കളെപ്പറ്റി, കേള്‍ക്കുക, കാണുക, സംഭാഷണം ചെയ്യുക, ഓര്‍മിക്ക എന്നതാണ്. ചെവി, കണ്ണ്, നാക്ക്, മനസ്സ് എന്നീ ഇന്ദ്രിയങ്ങളുടെ ഈ പ്രവൃത്തികള്‍ ഭൗതികങ്ങളാകയാല്‍ ആത്മീയോന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവനെ വഴിതെറ്റിച്ച്, നാശത്തില്‍ പതിപ്പിക്കുന്നു. ആ ഇന്ദ്രിയങ്ങളെ തടഞ്ഞുനിര്‍ത്തി, ആത്മീയതയിലേക്കു തന്നെ തിരിച്ചുവിടണം-ഇതാണ്-ആത്മവിനിഗ്രഹം. വളരെ പ്രയാസമുള്ള കാര്യമാണിത്.
ഭക്തിയോഗത്തില്‍ എളുപ്പവഴിയുണ്ട്. ചെവികൊണ്ട്, പരബ്രഹ്മവും പരമാത്മാവുമായ ശ്രീകൃഷ്ണ ഭഗവാന്റെ, അവതാരകഥകളും നാമസങ്കീര്‍ത്തനവും നിരന്തരം കേള്‍ക്കാന്‍ ചെവിയെ ഉപയോഗിക്കുക. കണ്ണന്റെ, കടല്‍വര്‍ണ്ണന്റെ, സച്ചിദാനന്ദമയവും ത്രൈലോക്യ സമ്മോഹനവുമായ രൂപഗൃഹത്തില്‍ അലങ്കരിച്ചുവച്ച് കണ്ടുകൊണ്ടിരിക്കുക. ഭക്ഷണസാധനങ്ങള്‍ ആസ്വദിക്കുകയാണ് നാക്കിന്റെ ഒരു പ്രവൃത്തി. ഭഗവാന് നിവേദിച്ച് പ്രസാദമാക്കിയ ഭോജ്യങ്ങളും പാനീയങ്ങളും മാത്രം ഭക്ഷിച്ച് ശീലമാക്കുക നാക്കിന്റെ മറ്റൊരു പ്രവൃത്തി സംഭാഷണമാണ്. ഭഗവത് കഥാ നാമങ്ങള്‍ കീര്‍ത്തിക്ക, ഭാഗവതം, ഭഗവദ്ഗീത മുതലായ ഭക്തിയെ വര്‍ധിപ്പിക്കുന്ന ഗ്രന്ഥങ്ങള്‍ സ്വയം വായിക്കുകയും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഭഗവാന്റെ വിവിധ ലീലകളും രൂപങ്ങളും കഥകളും മനസ്സുകൊണ്ട് നിരന്തരം സ്മരിക്കുക ഇങ്ങനെ ഇന്ദ്രിയ മനസ്സുകളെ ഭൗതികതയില്‍ നിന്ന് ക്രമേണ പിന്തിരിപ്പിച്ച് ആത്മീയതയിലേക്ക് കൊണ്ടുവരാന്‍ കഴിയും.
(13-8). ഇന്ദ്രിയാര്‍ത്ഥേഷു വൈരാഗ്യം
ഇന്ദ്രിയങ്ങളുടെ പ്രവൃത്തികള്‍ക്ക് ഓരോ ലക്ഷ്യമുണ്ട്-അര്‍ത്ഥമുണ്ട്. ചെവികള്‍ കേള്‍ക്കാന്‍, കണ്ണുകള്‍ കാണാന്‍, നാക്ക് രസം ആസ്വദിക്കാനും ഭാഷണം ചെയ്യാനും മൂക്ക് വാസനിക്കാന്‍ ഇങ്ങനെ പല ലക്ഷ്യത്തിലേക്കും നമ്മെ വലിച്ചുകൊണ്ടുപോകുന്നു.
''ബഹ്വഃ സപത്‌ന്യഃ ഇവ
ഗേഹവതിം ലുനന്തി'' (=അനേകം ഭാര്യമാര്‍ക്ക് ഒരു ഭര്‍ത്താവാണ് ഉള്ളതെങ്കില്‍, ഓരോരോ ഭാര്യമാരും അദ്ദേഹത്തെ സ്വന്തം സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി  വ്യത്യസ്ത ദിക്കുകളിലേക്ക് വലിച്ചുകൊണ്ട് പോകുന്നതുപോലെ) എന്ന് ഭാഗവതം പറയുന്നു. അത്തരം ഭൗതിക വസ്തുക്കളില്‍ മുമുക്ഷു ഒരിക്കലും സ്‌നേഹമോ, ആഗ്രഹമോ വച്ച് പുലര്‍ത്തരുത്-അതാണ് ''വൈരാഗ്യം.''
അനഹങ്കാരഃ ഏവ
ജാതി, വര്‍ണ്ണം, ആശ്രമം, ആചാരം, വിദ്യ, കുലം മുതലായവകൊണ്ട് ഞാന്‍ തന്നെയാണ് ശ്രേഷ്ഠന്‍ എന്ന ദുരഭിമാനമാണ് അഹങ്കാരം. മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഒന്നുപോലും ഇല്ലാത്തവരും എനിക്ക് ഇവയുണ്ട് എന്ന് വൃഥാ അഭിമാനിക്കുന്നവരും ഉണ്ട്. എല്ലാ ഗുണങ്ങളും ഉണ്ടെങ്കില്‍ പോലും, ഇവ നമ്മെ ഈ ഭൗതിക പ്രപഞ്ചവുമായി ബന്ധിപ്പിക്കുവാന്‍ കാരണമാണ് എന്നബോധത്തോടെ ദുരഭിമാനം ഉപേക്ഷിക്കു-അതാണ്-അനഹങ്കാരം. ഈ അനഹങ്കാരം ജ്ഞാനം സിദ്ധിക്കുവാന്‍ മുഖ്യമായ യോഗ്യതയാണ് എന്ന് ഏവ എന്ന അവ്യയപദത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
janmabhumi

No comments: