Tuesday, February 27, 2018

ചാര്‍വാക സിദ്ധാന്തം ഒഴികെ മറ്റെല്ലാ ദര്‍ശനങ്ങളും ചില പ്രധാനകാര്യങ്ങളില്‍ ഏകാഭിപ്രായം പുലര്‍ത്തുന്നുണ്ട്. പാശ്ചാത്യചിന്തകരെപ്പോലെ അമൂര്‍ത്തങ്ങളായ ആശയങ്ങളില്‍ അഭിരമിക്കാനുള്ള മനുഷ്യസഹജമായ താല്‍പ്പര്യമല്ല; മറിച്ച് ജീവിതത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള അന്തര്‍ദാഹമാണ് ഹിന്ദുദാര്‍ശനികരുടെ പിന്നിലെ പ്രേരകശക്തിയായത് എന്നു നാം കണ്ടു. മറ്റു പല കാര്യങ്ങളിലും വളരെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഈ ദര്‍ശനങ്ങളില്‍ കാണപ്പെടുന്നതെങ്കിലും ഈ പൊതുലക്ഷ്യം നേടാന്‍ അവശ്യം പാലിക്കേണ്ട തത്വങ്ങള്‍, നിയമങ്ങള്‍, നിബന്ധനകള്‍, ചര്യകള്‍ തുടങ്ങിയവയില്‍ അതിശയകരമായ യോജിപ്പു ഇവയില്‍ കാണാം. അവയില്‍ ചിലത് നമുക്കു പരിശോധിക്കാം.
ആത്മതത്വം- ആത്മാവ്, പുരുഷന്‍, ജീവന്‍ എന്നിങ്ങനെ പലതരത്തില്‍ പറയുന്ന ഒരു നിത്യസത്തയെ ദര്‍ശനങ്ങളെല്ലാം തന്നെ അംഗീകരിക്കുന്നുണ്ട്. ചാര്‍വാകനും ജനനം മുതല്‍ മരണം വരെ നിലനില്‍ക്കുന്ന ഞാന്‍ എന്ന ബോധകേന്ദ്രത്തെ അംഗീകരിക്കാതെ നിര്‍വാഹമില്ലല്ലോ. ബൗദ്ധദര്‍ശനം സ്ഥിരമായ ആത്മതത്വത്തെ നിരാകരിക്കുന്നു. ആ ആത്മാവിന്റെ സ്വരൂപം സംബന്ധിച്ച് ദാര്‍ശനികര്‍ക്ക് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ന്യായദര്‍ശനം അതിനെ നിര്‍ഗുണവും നിര്‍വിശേഷവും അചേതനവും ആയ ഒന്നായി കരുതുന്നു. സാംഖ്യന്മാര്‍ അതിനെ കേവലബോധമായി കാണുന്നു. വേദാന്തികളാകട്ടെ, സച്ചിദാനന്ദസ്വരൂപമായി അതിനെ നിര്‍വചിക്കുന്നു. എങ്കിലും ഇത് ശുദ്ധവും, നിര്‍മ്മലവും കര്‍മ്മത്തിലൂടെയും മറ്റും ഉണ്ടാകുന്ന കറപുരളാത്തതുമാണെന്ന് ഇവരെല്ലാം സമ്മതിക്കുന്നു. കര്‍മ്മസിദ്ധാന്തവും പുനര്‍ജന്മവും - ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തിക്ക് ഒരു ഫലം ഉണ്ടെന്നും അത് സൂക്ഷ്മരൂപത്തില്‍ നിലനില്‍ക്കുമെന്നും ആ പ്രവൃത്തിയുടെ നന്മതിന്മകളനുസരിച്ച് ഭാവിയില്‍ ആ വ്യക്തിക്ക് സുഖവും ദു:ഖവും നല്‍കാന്‍ അതിനു കഴിയുമെന്നുമുള്ള സിദ്ധാന്തത്തിലും ദര്‍ശനങ്ങളില്‍ ഏകാഭിപ്രായം കാണാം. ഈ ജന്മത്തില്‍ ആ കര്‍മ്മഫലം അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉചിതമായ മറ്റൊരു ജന്മമെടുത്ത് അത് അനുഭവിച്ചു തീര്‍ക്കും. 
മന്ത്രങ്ങള്‍ കൃത്യമായ സ്വരത്തില്‍ ചൊല്ലി എല്ലാ ചടങ്ങുകളും ചെറിയ കാര്യത്തില്‍പോലും ഒട്ടും പിഴയ്ക്കാതെ വിധിപ്രകാരം അനുഷ്ഠിച്ചു നടത്തുന്ന യാഗം, ഇന്ദ്രജാലം പോലെ ഉടനെയോ, അല്ലെങ്കില്‍ മറ്റൊരു സമയത്തോ, ഉദ്ദിഷ്ടഫലം തരുമെന്നാണ് വൈദികവിശ്വാസം. കര്‍മ്മസിദ്ധാന്തത്തിന്റെ തുടക്കം ഇതില്‍ നിന്നാകാമെന്നു ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. സാധാരണ ജീവിതത്തില്‍ കാര്യകാരണയുക്തി അനുസരിച്ച് ഒരു പ്രവൃത്തിക്ക് ഒരു ഫലം ഉണ്ടാകം എന്നത് നമുക്ക് എല്ലാം അനുഭവവേദ്യമാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി, അതീതമായി, മേല്‍പ്പറഞ്ഞ തരത്തിലുള്ള വൈദികമന്ത്രപ്രയോഗങ്ങള്‍ പ്രത്യക്ഷ കാര്യകാരണബന്ധം കൂടാതെ തന്നെ ഭാവിയില്‍ ചില ഫലങ്ങള്‍ നല്‍കും എന്നാണ് വൈദികസിദ്ധാന്തം.
യാഗം ചെയ്താല്‍ ആ പ്രവൃത്തി അദൃഷ്ടം (അപ്രത്യക്ഷം) എന്നും അപൂര്‍വം (മുമ്പില്ലാത്തത്) എന്നും വിളിക്കുന്ന ഒരു അതീന്ദ്രിയ സത്തയെ ഉല്‍പാദിപ്പിക്കുന്നു. ആ സത്തയാണ് ഉദ്ദിഷ്ടഫലത്തെ അത്ഭുതകരമായ തരത്തില്‍ പിന്നീട് തരുന്നത്. ആ സത്ത എങ്ങനെയാണ് ഫലം തരുന്നതെന്ന് നമുക്ക് അജ്ഞാതമാണ്. ദുഷ്‌കര്‍മ്മം ചെയ്യുന്നവന് അന്യലോകത്ത് ദുരിതമനുഭവിക്കേണ്ടി വരുമെന്നും സത്കര്‍മ്മിക്ക് ഇഹലോകത്ത് ഭൗതികസുഖം ആസ്വദിക്കാന്‍ കഴിയുമെന്നും വേദസംഹിതകളില്‍ പറയുന്നു. ഈ ആശയങ്ങള്‍ വേദത്തിലെ ഋതം എന്ന ഉല്ലംഘിക്കാന്‍ പാടില്ലാത്ത പ്രപഞ്ചവ്യവസ്ഥയുടെ താളമെന്ന സങ്കല്‍പ്പവുമായി ബന്ധപ്പെട്ടതാകാമെന്ന് ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കുന്നു. ഉപനിഷത്തില്‍, നല്ലതും ചീത്തയുമായ പ്രവൃത്തിക്കൊത്ത് നല്ലതും ചീത്തയുമായ ജന്മങ്ങളും ഉണ്ടാകും എന്ന തരത്തില്‍, പരാമര്‍ശിക്കപ്പെടുന്ന, എന്നാല്‍ വലിയ ഊന്നല്‍ അവിടെ കൊടുത്തിട്ടില്ലാത്തതുമായ, ആ കര്‍മ്മസിദ്ധാന്തത്തിന്റെ വേരുകള്‍ മേല്‍പ്പറഞ്ഞ വൈദിക ആശയങ്ങളിലാകാമെന്ന് ദാസ്ഗുപ്ത അനുമാനിക്കുന്നു.
കര്‍മ്മസിദ്ധാന്തവുമായി ബന്ധപ്പെട്ട് ആസ്തിക ദര്‍ശനങ്ങളിലെ മറ്റ് ആശയങ്ങളും ഏതൊക്കെ എന്നു നോക്കാം. മേല്‍പ്പറഞ്ഞ അദൃഷ്ടം ഫലം തരണമെങ്കില്‍ അത് പാകമാകണം. അതിന് സമയം (കാലം) ആവശ്യമാണ്. അതിനു ശേഷമേ പ്രവൃത്തിക്കനുസരിച്ച് നല്ലതോ ചീത്തയോ ആയ ഫലം, ആ പ്രവൃത്തിയുടെ അപൂര്‍വം, ആ വ്യക്തിക്ക് നല്‍കൂ. ഒരു ജന്മത്തിലെ സദസത് പ്രവൃത്തികളുടെ അദൃഷ്ടങ്ങള്‍ പലപ്പോഴും സഞ്ചിത (ഒരുമിച്ച് ചേര്‍ന്ന്) ങ്ങളായിട്ട് ആകും അവയുടെ ഫലങ്ങള്‍ അനുഭവിക്കാന്‍ പറ്റിയ ഒരു അടുത്ത ജന്മം ആ വ്യക്തിക്കായി രൂപപ്പെടുന്നത്. വളരെ തീവ്രതയാര്‍ന്ന പ്രവൃത്തികളുടെ ഫലങ്ങള്‍ ഈ ജന്മത്തില്‍ത്തന്നെ അനുഭവിച്ചേക്കാം. ഇങ്ങനെ സഞ്ചിതങ്ങളായ അപൂര്‍വങ്ങള്‍ പക്വമായാല്‍ ആ വ്യക്തി ഫലാനുഭവത്തിന് ഏറ്റവും അനുയോജ്യമായ ഒരു ജന്മം എടുക്കുന്നു. ഒരു ആടിന്റെ ജീവിതമാണ് ഏറ്റവും അനുയോജ്യമെങ്കില്‍ ആ വ്യക്തി ആടായിട്ടു ജന്മമെടുക്കും എന്നാണ് ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നത്.
  ഈ പ്രപഞ്ചപ്രക്രിയ ഒരു പ്രത്യേക കാലത്തു തുടങ്ങി എന്നു പറയാന്‍ കഴിയാത്തതുകൊണ്ട് ഒരു വ്യക്തിയുടെ കര്‍മ്മങ്ങളും അവയുടെ ഫലങ്ങളും എന്നുതൊട്ടെന്നും നിശ്ചയിക്കാന്‍ കഴിയുന്നില്ല. പലതരത്തിലുള്ള അനന്തങ്ങളായ ജീവിതങ്ങള്‍ ഒരു വ്യക്തി ജീവിച്ചുകഴിഞ്ഞിട്ടുണ്ടാകണം. അവയ്ക്കനുസൃതമായ അനന്തസംസ്‌കാര (വാസന) ങ്ങള്‍ അയാളിലുണ്ടാകും. ആ വാസനകളുടെ ഏതെങ്കിലും ഒരു കൂട്ട് (കറിയുടെ കൂട്ടനുസരിച്ച് സ്വാദെന്ന പോലെ) അനുസരിച്ചുള്ള ഗുണദോഷസമ്മിശ്രമായ ഫലാനുഭവത്തിനുതകുന്ന ഏതെങ്കിലുമൊരു ജീവിയുടെ ശരീരവും ജീവിതസാഹചര്യവും അടുത്ത ജന്മം അയാള്‍ക്കു കിട്ടുന്നു. ആയുസ്സും ഈ ഫലാനുഭവത്തിനു വേണ്ടത്രയുമായിരിക്കും. പക്വമായ കര്‍മ്മഫലങ്ങള്‍ അനുഭവിച്ചേ തീരൂ. അവയെ തടുക്കാനാവില്ല. അതാതു ദര്‍ശനം നിര്‍വചിക്കുന്ന തരത്തിലുള്ള ജ്ഞാനം ആര്‍ജിച്ചു കഴിഞ്ഞാല്‍ മറ്റു കര്‍മ്മഫലങ്ങളെല്ലാം തന്മൂലം ഇല്ലാതെയാകും. അത്തരം മുക്തനും പ്രാരബ്ധ കര്‍മ്മഫലം അനുഭവിച്ചു തന്നെ തീര്‍ക്കണം.
vamanan

No comments: