Wednesday, February 21, 2018

നമ്മുടെ ആധ്യാത്മികസാഹിത്യത്തില്‍ ദര്‍ശനങ്ങള്‍ എന്നു പറയുന്നത് സത്യത്തില്‍ ഈ വിശ്വാസപദ്ധതികളെത്തന്നെയാണ്. ഗൗതമ ബുദ്ധന്റെ കാലത്ത് അറുപത്തിനാലോളം ദര്‍ശനങ്ങള്‍ ഉണ്ടായിരുന്നതായി ചില പണ്ഡിതന്മാര്‍ കരുതുന്നു. മറ്റു ചിലര്‍ മുന്നൂറിലധികമെന്നും വിശ്വസിക്കുന്നു. ചിന്ത, ആചാരം, അനുഷ്ഠാനം, വേഷഭൂഷകള്‍, ജീവിതം തുടങ്ങിയവയിലെക്കാലത്തും സ്വാതന്ത്ര്യം അനുവദിച്ചിരുന്ന ഒരു പാരമ്പര്യത്തില്‍ ഇതു തികച്ചും സ്വാഭാവികം മാത്രം.
വിശ്വാസപദ്ധതികളുടെ പൊതുശേഖരം (കോമണ്‍ പൂള്‍): ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയും ഖരക്പൂര്‍ ഐ.ഐ.ടി-യിലെ പണ്ഡിതന്മാരും ചേര്‍ന്നു നടത്തിയ പഠനത്തില്‍ (2016) ചുരുങ്ങിയത് 8000 ബി.സി.ഇ-യ്ക്കു മുമ്പു തൊട്ടേ ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന സാമൂഹ്യജീവിതം ഹിന്ദുക്കള്‍ക്കുണ്ടായിരുന്നു. അന്നുതൊട്ടിന്നുവരെ ഇത്രയും നീണ്ടകാലം തത്ത്വചിന്ത, ആചാരാനുഷ്ഠാനങ്ങള്‍, തുടങ്ങിയ സാമൂഹ്യജീവിതത്തിന്റെ വിവിധ വശങ്ങളിലും തലങ്ങളിലും നൈരന്തര്യം പുലര്‍ത്തിയ, സക്രിയമായ ഒരു ജനത ലോകത്തു വേറെ ഇല്ല. തന്മൂലം മേല്‍പ്പറഞ്ഞ വനവാസിഗോത്രങ്ങളുടെ ഒന്നിനൊന്നു വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങള്‍ തൊട്ട് വൈദികം, താന്ത്രികം, യോഗം, ജൈനം, ബൗദ്ധം, പുരാണപ്രസിദ്ധമായതും ഭക്തിപ്രധാനമായതുമായ ശൈവ, വൈഷ്ണവ, ശാക്ത, ഗാണപത്യ, സൗരാദി സമ്പ്രദായങ്ങള്‍ മുതലായ വിശ്വാസ പദ്ധതികളെല്ലാം തന്നെ, അവയുടെയെല്ലാം നിരവധി ഉള്‍പ്പിരിവുകള്‍ സഹിതം വിശ്വാസപദ്ധതികളുടെ ഒരു പൊതുശേഖരം, ഒരു വന്‍ശേഖരം നമ്മുടെ ഹിന്ദുപാരമ്പര്യത്തിലിന്നുണ്ട്- മാരിവില്ലിന്റെ വര്‍ണ്ണരാജി പോലെ. 
 ഈ ഉപഭൂഖണ്ഡത്തിന്റെ നാനാഭാഗങ്ങളില്‍ ഇതുവരെ നടത്തപ്പെട്ട പുരാവസ്തുപരമായ ഉത്ഖനനങ്ങള്‍ വഴി കിട്ടിയ വസ്തുക്കള്‍, അവിടങ്ങളില്‍ കഴിഞ്ഞിരുന്ന നമ്മുടെ പൂര്‍വികര്‍ തമ്മില്‍ തമ്മില്‍ ബന്ധപ്പെട്ടിരുന്നു; അസംസ്‌കൃത വസ്തുക്കളും ഉല്‍പ്പന്നങ്ങളും കൈമാറിയിരുന്നു; കാലഘട്ടങ്ങളിലൂടെ, തലമുറകളിലൂടെ, ഇതിന് ഒരു തുടര്‍ച്ച ഉണ്ടായിരുന്നു, എന്നു തെളിയിക്കുന്നു. അപ്പോള്‍ ആചാരാനുഷ്ഠാനങ്ങളും അവയുടെ പിന്നിലുള്ള കാഴ്ചപ്പാടുകളും പരസ്പരം പകരുകയും ചെയ്തിരിക്കണം. അവയെപ്പറ്റി ചര്‍ച്ചകളും നടത്തിയിരിക്കണം. ഇത്തരം ഒരു സംവാദപാരമ്പര്യം പില്‍ക്കാലങ്ങളിലും ഇവിടെ തുടര്‍ന്നു നിലനിന്നിരുന്നതായി ടി. സ്റ്റ്‌െഷര്‍ബാട്‌സ്‌കി (ബുദ്ധിസ്റ്റ് ലോജിക്) യെപ്പോലുള്ള പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വേദം, തന്ത്രം, യോഗം മുതലായ വിവിധ ധാരകള്‍ ഏറക്കുറെ സ്വതന്ത്രങ്ങള്‍ ആയിത്തന്നെ രൂപപ്പെടുകയും ക്രമേണ കാല-ദേശപരങ്ങളായ പരിഷ്‌കാരങ്ങള്‍ അവയ്ക്ക് ഉണ്ടായതായും നമുക്ക് അനുമാനിക്കാം. ഇവ സംബന്ധിച്ച് നമുക്കിന്നു ലഭ്യമായ അതിവിപുലസാഹിത്യങ്ങളുടെ സൂക്ഷ്മപഠനങ്ങളും ഈ നിഗമനത്തെ ശരിവെക്കുന്നു. 
എന്താണ് വിശ്വാസപദ്ധതി? ആചാരാനുഷ്ഠാനങ്ങള്‍, അവയുടെ യുക്തി അഥവാ തത്ത്വശാസ്ത്രം എന്നിവയെ ചേര്‍ത്ത് വിശ്വാസപദ്ധതി എന്നു പറയുന്നു. പൂര്‍വികര്‍ ഇഹപരജീവിതങ്ങള്‍ സുഗമമാക്കാന്‍, സുഖകരമാക്കാന്‍ കണ്ടെത്തി നടപ്പാക്കിയ ജീവിതവീക്ഷണങ്ങളും ചര്യകളും ആണിവ.  
വിശ്വാസം എന്നത് സത്യത്തില്‍ യുക്തിയില്‍ അധിഷ്ഠിതമായ ഉറച്ച നിഗമനം തന്നെയല്ലേ. നാം നമുക്കു മുന്‍പരിചയമില്ലാത്ത ഒരു വസ്തുവിനെ കാണുമ്പോള്‍, ഒരു ജീവിയെ കാണുമ്പോള്‍ ആ വസ്തു/ജീവി തനിക്ക് ഉപകാരിയോ, ഉപദ്രവകാരിയോ, (രണ്ടുമല്ലാത്തതോ) എന്ന ഒരു സംശയം ഉടലെടുക്കുന്നു. പലപ്പോഴും നിമിഷങ്ങള്‍ക്കുള്ളില്‍ നാം രണ്ടിലൊരു (മൂന്നിലൊരു) നിഗമനത്തിലെത്തുന്നു, തീരുമാനത്തിലെത്തുന്നു, സംശയം തീരുന്നു. ഉറപ്പു തോന്നുന്നു, അതനുസരിച്ചു പ്രവര്‍ത്തിക്കുന്നു. എല്ലാ ജീവജാലങ്ങളും ഇങ്ങനെതന്നെയാണ് എന്നു സൂക്ഷ്മനിരീക്ഷണത്തിലൂടെ നമുക്കു കാണാന്‍ കഴിയും.
നമ്മുടെ ഉള്ളില്‍, അന്തഃകരണത്തില്‍ ഈ നിമിഷങ്ങളില്‍ ഒരു യുക്തി പ്രക്രിയ നടക്കുന്നുണ്ട്. മുന്‍കാല അനുഭവങ്ങളുമായി ഈ സന്ദര്‍ഭത്തെ നാം താരതമ്യം ചെയ്യുന്നു. അതനുസരിച്ചു നിഗമനത്തിലെത്തുന്നു. ഈ യുക്തിവിചാരം നമ്മുടെ ബോധതലത്തിലോ ഉപബോധ തലത്തിലോ നടക്കാം. ഉപബോധ തലത്തിലേതു നമ്മള്‍ അറിഞ്ഞില്ലെന്നും വരാം. നമ്മുടെ മസ്തിഷ്‌കഘടനയില്‍ കാര്യകാരണ ബന്ധത്തിലൂന്നിയ യുക്തിചിന്ത അന്തര്‍ലീനമാണെന്നു ആധുനിക മസ്തിഷ്‌കശാസ്ത്രവും പറയുന്നു. പുനര്‍ജന്മ സിദ്ധാന്തം അനുസരിച്ച് കഴിഞ്ഞ ജന്മങ്ങളിലെ അനുഭവങ്ങളുടെ സംസ്‌കാരങ്ങള്‍ അഥവാ വാസനകള്‍ നമ്മില്‍ സൂക്ഷ്മരൂപത്തില്‍ കുടികൊള്ളുന്നു. അപ്പോള്‍ അന്ധവിശ്വാസം എന്നൊന്നില്ല എന്നു കാണാം. നിഗമനം തെറ്റാണെങ്കില്‍ തെറ്റായ വിശ്വാസം എന്നു പറയാം അത്രമാത്രം.
 ശാസ്ത്രത്തിന്റെ വഴിയും ഇതുതന്നെ. വസ്തുനിഷ്ഠ ലോകത്ത് ഉണ്ടാകുന്ന ഏതെങ്കിലുമൊരു പ്രത്യേക പ്രതിഭാസത്തെപ്പറ്റി പഠിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍ അത് എങ്ങനെ സംഭവിച്ചു എന്നതിനെപ്പറ്റി ചിന്തിക്കുന്നു. കാര്യമുണ്ടെങ്കില്‍ കാരണം ഉണ്ടാകണം. അയാളുടെ മുന്നിലുള്ള പ്രത്യക്ഷങ്ങളായ (വസ്തുനിഷ്ഠം) കാരണങ്ങളോ അല്ലെങ്കില്‍ ഉള്ളില്‍ തോന്നുന്ന (ആത്മനിഷ്ഠം) കാരണങ്ങളോ അഥവാ രണ്ടും ചേര്‍ത്തോ അയാള്‍ ആ പ്രതിഭാസത്തിന്റെ കാര്യകാരണ ബദ്ധമായ ഒരു മാതൃക ഉണ്ടാക്കുന്നു. ചിലപ്പോള്‍ ഇതിന് അയാള്‍ ഗണിതത്തിന്റെ സഹായവും തേടിയേക്കാം. ഈ മാതൃക കേവലം ഗണിതപരം മാത്രമാകാം (സിംബല്‍സ് അഥവാ പ്രതീകങ്ങളുപയോഗിച്ചു കൊണ്ടുള്ള സമവാക്യം) അല്ലെങ്കില്‍ ഒരു ചിത്രമാകാം, ഒരു മൂര്‍ത്തരൂപം തന്നെയാകാം, കംപ്യൂട്ടര്‍ മാതൃകയുമാകാം. ആ മാതൃക ഉപയോഗിച്ച് ആ പ്രതിഭാസത്തെ കൃത്രിമമായി പുനഃസൃഷ്ടിച്ചു നോക്കുന്നു. അപാകം കണ്ടാല്‍ കാരണങ്ങളോ, നിഗമനങ്ങളോ, ആദ്യമാതൃകയെത്തന്നെയോ മാറ്റിമാറ്റി പരിഷ്‌കരിച്ച് പലതവണ പരീക്ഷിക്കുന്നു. കണികാശാസ്ത്രത്തിലെ കണികാ മാതൃകയുടെ ഘട്ടംഘട്ടമായുള്ള പരിഷ്‌കാരം ഇതിനൊരു ഉദാഹരണമാണ്. ജെ. ജെ. തോംസണ്‍ ആദ്യം മുന്നോട്ടുവെച്ച മാതൃകയെ റഥര്‍ഫോര്‍ഡ്, നീല്‍സ്‌ബോര്‍, ഇര്‍വിന്‍ ഷ്രോഡിഞ്ജര്‍, സോമര്‍ഫെല്‍ഡ് മുതലായവര്‍ ക്രമേണ  പരിഷ്‌കരിക്കുകയുണ്ടായി. പൂര്‍ണ്ണമായും ശരിയാകുന്നതുവരെ ഇതു തുടരുന്നു. ശരിയായാല്‍ ഊഹം (ഹൈപ്പോതെസിസ്) സിദ്ധാന്തമായി സ്വീകരിക്കപ്പെടുന്നു.
  ഇവിടെ മറ്റൊരു കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്. നമുക്ക് അനുഭവത്തില്‍ വരുന്ന പല പ്രതിഭാസങ്ങളുടെയും ഘടകങ്ങള്‍ സ്ഥിര (സ്റ്റാറ്റിക്) ങ്ങളല്ല; സാഹചര്യത്തിനൊത്തു മാറുന്നവയാണ്. ആ പ്രതിഭാസത്തിന്റെ മൊത്തം നിലനില്‍പ്പിനാണ് ഇത്. ഇത്തരത്തിലുള്ള പ്രതിഭാസങ്ങളെ ശാസ്ത്രഭാഷയില്‍ സംഘടന (സിസ്റ്റം) എന്നു വിളിക്കുന്നു. ഉദാഹരണം നമ്മുടെ ശരീരം തന്നെ. ശരീരത്തിന്റെ ഊഷ്മാവ്, ഹൃദയസ്പന്ദനം, ശ്വാസഗതി മുതലായ പലതും സന്ദര്‍ഭത്തിനൊത്ത് മാറിമാറി സാഹചര്യവുമായി ശരീരത്തെ പൊരുത്തപ്പെടുത്തുന്നു എന്നു കാണാം. അത്തരം പൊരുത്തപ്പെടല്‍ സാധിക്കാതെ വരുമ്പോള്‍ ശരീരത്തിന്റെ നിലനില്‍പ്പ് അപകടത്തിലാകുമല്ലോ. സാഹചര്യത്തിനൊത്ത് ഘടകങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് ഓരോ സിസ്റ്റവും തനിമ നഷ്ടപ്പെടാതെ നില നില്‍ക്കുന്നത് എന്നര്‍ത്ഥം.
 നമ്മുടെ ആധ്യാത്മികസാഹിത്യത്തില്‍ ദര്‍ശനങ്ങള്‍ എന്നു പറയുന്നത് സത്യത്തില്‍ ഈ വിശ്വാസപദ്ധതികളെത്തന്നെയാണ്. ഗൗതമ ബുദ്ധന്റെ കാലത്ത് അറുപത്തിനാലോളം ദര്‍ശനങ്ങള്‍ ഉണ്ടായിരുന്നതായി ചില പണ്ഡിതന്മാര്‍ കരുതുന്നു. മറ്റു ചിലര്‍ മുന്നൂറിലധികമെന്നും വിശ്വസിക്കുന്നു. ചിന്ത, ആചാരം, അനുഷ്ഠാനം, വേഷഭൂഷകള്‍, ജീവിതം തുടങ്ങിയവയിലെക്കാലത്തും സ്വാതന്ത്ര്യം അനുവദിച്ചിരുന്ന ഒരു പാരമ്പര്യത്തില്‍ ഇതു തികച്ചും സ്വാഭാവികം മാത്രം. ഇവയില്‍ പലതും യുക്തിരാഹിത്യം കൊണ്ടോ, അനുഭവത്തിന് നിരക്കാത്തതുകൊണ്ടോ ജനസമ്മതിയുടെ അഭാവം കൊണ്ടോ പില്‍ക്കാലത്ത് അന്യംനിന്നുപോയി.
vamanan

No comments: