Wednesday, February 28, 2018

കാഞ്ചി കാമകോടി പീഠത്തിന്‍റെ 69-ാമത്തെ മഠാധിപതിയാണ് സ്വാമി ജയേന്ദ്ര സരസ്വതി. 1954ൽ സ്വാമി ജയേന്ദ്രസരസ്വതിയെ പിന്‍ഗാമിയായി ചന്ദ്രശേഖര സരസ്വതി നിയോഗിച്ചു. നാൽപത് വ‍ർഷം കാഞ്ചി മഠത്തിന്‍റെ ഇളയ മഠാധിപതിയായിരുന്നു. 1994 ൽ അദ്ദേഹത്തിന്‍റെ മരണശേഷം കാഞ്ചി മഠാധിപതിയായി.
1935 ജൂലൈ 18നാണ് സുബ്രഹ്മണ്യനെന്ന ജയേന്ദ്രസരസ്വതിയുടെ ജനനം. 19-ാം വയസ്സിൽ വേദാധ്യയനം കഴിഞ്ഞു സന്യാസജീവിതത്തിലേക്ക് പ്രവേശിച്ചു. 1954 മാർച്ച് 22നാണ് ഗുരുവിൽനിന്നു ജയേന്ദ്രസരസ്വതി മന്ത്രദീക്ഷ സ്വീകരിച്ചത്. ആദിശങ്കരനുശേഷം ആദ്യമായി കൈലാസവും മാനസസരോവറും സന്ദർശിച്ച കാഞ്ചി മഠാധിപതിയാണ് ജയേന്ദ്രസരസ്വതി. 1970ൽ കാഞ്ചീപുരത്തുനിന്ന് കാൽനടയായി നേപ്പാൾ വരെ പോയി.
കാലടിയിലെ കീർത്തി സ് തംഭം, അലഹാബാദിലെ ആദിശങ്കര വിമാനമണ്ഡപം, കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്ര ഗോപുരം, കാഞ്ചി വരദരാജസ്വാമി ക്ഷേത്രത്തിലെ പഴയ തേര് പുതുക്കൽ, ഏനത്തൂരിൽ അറുപതടി ഉയരമുള്ള ശങ്കരപ്രതിമ, ഗുരു ചന്ദ്രശേഖരസരസ്വതിയുടെ പേരിലുള്ള വിശ്വമഹാവിദ്യാലയമെന്ന ഡീംഡ് സർവകലാശാല, കോയമ്പത്തൂരിലെയും ഗുവാഹത്തിയിലെയും ശങ്കര നേത്രചികിത്സാലയങ്ങൾ നസ് റേത്ത് പേട്ടിൽ ജയേന്ദ്രസരസ്വതി ആയുർവേദ കോളജ്, ഗുവാഹത്തിയിലെ തിരുപ്പതി ബാലാജി ക്ഷേത്രം ഇവയൊക്കെ സ്വാമിയുടെ നേട്ടങ്ങളാണ്.
2005ൽ കാഞ്ചി മഠത്തിന്‍റെ ഓഡിറ്ററായിരുന്ന ശങ്കരരാമന്‍റെ വധവുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, 2013ൽ പുതുച്ചേരിയിലെ പ്രത്യേക വിചാരണ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.
ഔന്നിത്യമാർന്ന ആത്മീയ ജീവിതം നയിച്ചതിനൊപ്പം സാമൂഹ്യ പരിഷ്ക്കർത്താവായി വിളങ്ങുകയും ചെയ്തു സ്വാമി ജയേന്ദ്ര സരസ്വതി. അതിനാൽ തന്നെ, ഈ വിട വാങ്ങൽ നികത്താനാകാത്ത നഷ്ടം തന്നെ.

No comments: