Wednesday, February 28, 2018

ബഹുജനങ്ങളുടെ കൂട്ടായ്മയില്‍, മോക്ഷം ആഗ്രഹിക്കുന്നവര്‍ ഒരിക്കലും പങ്കെടുക്കരുത്; പങ്കെടുക്കണം എന്ന് തോന്നാന്‍പോലും പാടില്ല. ഒരിക്കലെങ്കിലും അവയില്‍പ്പെട്ടുപോയാല്‍ നമുക്ക് ലേശമെങ്കിലും ജ്ഞാനമോ, ഭക്തിയോ ഉണ്ടെങ്കില്‍ അത് നശിച്ചുപോകും.
മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്. ആരോടെങ്കിലും സംസാരിച്ചും പ്രവര്‍ത്തിച്ചും കഴിയണമെന്ന് തോന്നുകയാണങ്കില്‍ ഭക്തന്മാരും ഭഗവത്തത്വജ്ഞാനികളുമായി കൂടിച്ചേരുകയാണ് വേണ്ടത്. ഉത്തമ ഭക്തന്മാരെ ക്ഷണിച്ചുവരുത്തി, സജ്ജന സദസ്സുകളില്‍, ഭഗവാനെപ്പറ്റി പ്രഭാഷണം നടത്താം. അതു ശ്രദ്ധയോടെ, വിനയത്തോടെ ശ്രവിക്കുക. അങ്ങനെ നമുക്ക് ഭക്തി വളര്‍ത്താം. ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമായ ശ്രീകപില മഹായോഗി, ദുഷ്ടന്മാരും വിഷയലമ്പടന്മാരുമായ ജനങ്ങളുമായുള്ള കൂട്ടായ്മ-ദുസ്സംഗം-തീരെ ഒഴിവാക്കണമെന്നും അതിനുള്ള എളുപ്പവഴി ഭഗവദ് ഭക്തന്മാരായ സജ്ജനങ്ങളുമായി കൂടുകയാണെന്നും അമ്മയ്ക്ക് ഉപദേശം നല്‍കുന്നു- മാത്രമല്ല സജ്ജന സംഗത്തിന്റെ ലക്ഷ്യവും പറയുന്നു.
സതാം പ്രസംഗാന്മമവീര്യസം വിഭോ,
ഭവന്തിഹൃത് കര്‍ണരസായനാ കഥാ
തജ്ജോഷണാദാശ്വപവര്‍ഗവര്‍ത്മനി
ശ്രദ്ധാരതിര്‍ഭക്തിരനുക്രമിഷ്യതി ( ഭാഗവതം.3-25-25)
 (=''സതാം പ്രസംഗാത്''- സജ്ജനങ്ങളുമായി നിരന്തരം കൂടിച്ചേരുകയും സംസാരിക്കുകയും ചെയ്താല്‍ ''ഹൃത്കര്‍ണരസായനാഃ കഥാ ഭവന്തി'' അവരുടെ മുഖത്തില്‍ നിന്ന് ഹൃദയത്തിനും ചെവിക്കും രസായനം പോലെ ആസ്വാദ്യമായ എന്റെ ലീലകള്‍ കേള്‍ക്കാന്‍ സാധിക്കും. ആ കഥാമൃതം പാനം ചെയ്താല്‍ എന്റെ ഗുണഗണങ്ങളും തത്വങ്ങളും മനസ്സിലാക്കാന്‍ കഴിയും.  അങ്ങനെ കേട്ടുകൊണ്ടിരുന്നാല്‍ മോക്ഷമാര്‍ഗ്ഗത്തിന്റെ വഴിയായ ഭക്തിയോഗത്തില്‍ ശ്രദ്ധയുണ്ടാവും. അതായത് വിശ്വാസം ദൃഢമാവും. പിന്നെ ക്രമേണ ഭജനത്തില്‍ ആനന്ദം തോന്നിത്തുടങ്ങും. പിന്നെ ഉത്തമാവസ്ഥയായ പ്രേമലക്ഷണയായ ഭക്തിയില്‍ ഭഗവാനെ ഭജിക്കാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ എത്തിച്ചേരും.) (13-11)

No comments: