Saturday, February 24, 2018

സര്‍വ്വക്ഷേത്രജ്ഞനും പരമാത്മാവുമായ ഭഗവാനെയാണ് അറിയേണ്ടത്-ജ്ഞാനവിഷയം-എന്ന്  12-ാം ശ്ലോകം മുതല്‍ പറയുന്നുണ്ട്. പരമാത്മാവിനെ അറിയാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ നിശ്ചയമായും ചില സദ്‌സ്വഭാവങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ജ്ഞാനം നേടാന്‍ ആവശ്യമായ ഉപകരണങ്ങള്‍ എന്ന് അവയെ ശാസ്ത്രങ്ങളില്‍ പറയുന്നു. അഞ്ചു ശ്ലോകങ്ങളിലൂടെ ആ ഗുണങ്ങള്‍ ഭഗവാന്‍ വിവരിക്കുന്നു.
1. അമാനിത്വം 
ഞാന്‍ പാണ്ഡിത്യംകൊണ്ടും ധനംകൊണ്ടും കുലമഹിമകൊണ്ടും ഉത്കൃഷ്ടനാണ് എന്ന മനോഭാവമാണ് മാനം. അതില്ലാത്ത അവസ്ഥയാണ് അമാനിത്വം. കീര്‍ത്തിയോ, ധനലാഭമോ ലക്ഷ്യമാക്കി, ആധ്യാത്മിക കര്‍മ്മങ്ങള്‍ ചെയ്യുന്നത്, ചിത്തത്തെ ശുദ്ധീകരിക്കുകയില്ല. കാമമാകുന്ന മാലിന്യം നശിച്ച ചിത്തില്‍ മാത്രമേ ആത്മജ്ഞാനം ഉദിക്കുകയുള്ളൂ.
2 അദംഭിത്വം
വേഷം, ഭാഷ, പ്രവൃത്തിക്കാനുള്ള കഴിവ്, തന്റെ മഹത്വം പൊതുജനങ്ങളുടെ മുന്‍പില്‍ പ്രകടിപ്പിക്കുകയാണ് ഭിത്വം-ദംഭം ഇല്ലാത്ത മനോഭാവം അദംഭിത്വം. മോക്ഷം ആഗ്രഹിക്കുന്നവന് ദംഭം ഉണ്ടാവരുത്.
 3 അഹിംസ
മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രാണിക്കും ദുഃഖം വരാത്തവിധം ആചരിക്കുകയാണ്-അഹിംസ. അഹിംസാചരണത്തിന് സര്‍വ ഭൂതങ്ങളോടും കാരുണ്യം എന്ന മനോഭാവം വളര്‍ത്തണം.
 4 ക്ഷാന്തിഃ
ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന ഉപദ്രവങ്ങള്‍ നിമിത്തം ചിന്താകുലനാവാതെ, പൊട്ടിക്കരയാതെ ആ ദുഃഖങ്ങളെ സഹിക്കുക-താന്‍ പൂര്‍വജന്മങ്ങളില്‍ ചെയ്തുകൂട്ടിയ പാപകര്‍മ്മങ്ങളുടെ ഫലമാണ് ഈ ദുഃഖം എന്ന് സ്വയം ആശ്വസിക്കുക.
 5 ആര്‍ജവം
ചിന്തകള്‍ക്കും വാക്കുകള്‍ക്കും സമത്വം ഉണ്ടാവുക യാണ് ആര്‍ജവം. ചിന്ത ഒരുതരം, വാക്ക് മറ്റൊരുതരം, പ്രവൃത്തി വേറെ ഒരുതരം ഈ വിധത്തില്‍ പെരുമാറുന്ന ആളുകളെ നമുക്ക് കാണാന്‍ കഴിയും. അങ്ങനെ മറ്റുള്ളവര്‍ക്ക് ഉപദ്രവമായി തീരാതിരിക്കുക.
6 ആചാര്യോപാസനം
പരമപദപ്രാപ്തിക്ക് അനുഷ്ഠാന ക്രമങ്ങളും വ്രതങ്ങളും ഉപദേശിച്ചു തരാന്‍ കഴിവുള്ള ഒരു ആചാര്യന്‍ അത്യാവശ്യമാണ്. ''ആചാര്യവാന്‍ പുരുഷോവേദ'' (ആചാര്യനെ സ്വീകരിച്ച മനുഷ്യനുമാത്രമേ, ആത്മ-പരമാത്മ-യാഥാര്‍ത്ഥ്യം-അറിയാന്‍ കഴിയുകയുള്ളൂ.) എന്ന് ഉപനിഷത്ത് നിര്‍ദ്ദേശിക്കുന്നു. ''ശ്രോത്രിയം ബ്രഹ്മനിഷ്ഠം'' എന്ന് ആചാര്യലക്ഷണവും പറയുന്നുണ്ട്-ആചാര്യന്‍ വേദോപനിഷത്തുകളില്‍ ജ്ഞാനം നേടിയവനും ബ്രഹ്മധ്യാനത്തില്‍ മുഴുകിയവനുമായിരിക്കണം) സ്മൃതികളിലും പറയുന്നു.
''ആചാര്യോ വേദസമ്പന്നോ
വിഷ്ണുഭക്തോ വിമത്സരഃ''
മന്ത്രജ്ഞോ മന്ത്രഭക്തശ്ച
സദാ മന്ത്രാശ്രയഃ ശുചിഃ
(=ആചാര്യന്‍ വേദജ്ഞാനം നേടിയവനും വിഷ്ണുഭക്തനും മത്സരബുദ്ധിയില്ലാത്തവനും ഭഗവാന്റെ മന്ത്രങ്ങള്‍ അറിയുന്നവനും മന്ത്രാര്‍ത്ഥങ്ങള്‍ അറിയുന്നവനും എപ്പോഴും മന്ത്രം ജപിക്കുന്നവനും ആയിരിക്കും.)
മേല്‍പ്പറഞ്ഞ ഗുണങ്ങളുള്ള ആചാര്യന്റെ ശിഷ്യനായി തീര്‍ന്നിട്ട്, അദ്ദേഹത്തെ ഭക്തിയോടെ വാക്കുകൊണ്ടും മനസ്സുകൊണ്ടും കരചരണാദി 
അവയവങ്ങള്‍ കൊണ്ടും നഷ്‌കപടമായി സേവിക്കണം. ഇതാണ് ആചാര്യോപാസനം. 
 7 ശൗചം
ശൗചം രണ്ടുവിധത്തിലാണ്. ഒന്ന് ബാഹ്യം. വെള്ളത്തില്‍ സ്‌നാനം ചെയ്തു ശരീരത്തിലെ മാലിന്യം കളയുക. രണ്ട് ആഭ്യന്തരം-മനസ്സിലെ കാമക്രോധാദി  വികാരങ്ങള്‍ ജ്ഞാന സാധനയ്ക്ക് തടസ്സം സൃഷ്ടിക്കും എന്ന ഭാവത്തോടെ തിരസ്‌കരിക്കുക. ഭഗവദ് വിഗ്രഹത്തില്‍ അഭിഷേകം ചെയ്ത തീര്‍ത്ഥ ജലവും ഭഗവാന് നിവേദിച്ച പഴം മുതലായ പ്രസാദങ്ങളും സേവിക്കുന്നത് മനഃശുദ്ധി നേടാന്‍ സഹായിക്കും എന്നും മനസ്സിലാക്കുക.
 8 സ്ഥൈര്യം
മോക്ഷത്തിനുവേണ്ടി സാധനകള്‍ അനുഷ്ഠിക്കുമ്പോള്‍, പൂര്‍വ്വജന്മത്തിലെ പാപകര്‍മ്മങ്ങളുടെ ഫലമായി ഇടയ്ക്കിടെ വിഘ്‌നങ്ങല്‍ വന്നുചേര്‍ന്നേക്കാം. അപ്പോഴും അനുഷ്ഠാനക്രമങ്ങള്‍ നിര്‍ത്താതെ, പ്രയാസപ്പെട്ടും, തുടര്‍ന്നു ചെയ്യാനുള്ള മനോഭാവം.
ഫോണ്‍: 9961157857

No comments: