Saturday, February 24, 2018

ആത്മാവിന്റെ നാല് പാദങ്ങളേയും ഓങ്കാരത്തിന്റെ അമാത്രയുള്‍പ്പെടെയുള്ള 4 മാത്രകളേയും സമാനതയെ പറഞ്ഞ് ഓങ്കാരം ആത്മാവ് തന്നെയാണെന്ന് അറിയാന്‍ ഉപനിഷത്ത് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. അങ്ങനെ അറിയുന്നയാള്‍ തന്റെ ആത്മാവിനെക്കൊണ്ട് പരമാത്മാവില്‍ പ്രവേശിക്കുന്നു. അഥവാ സാക്ഷാത്കാരം തേടുന്നു. 'യ ഏം വേദ' എന്ന് രണ്ടുതവണ പറഞ്ഞത് ഉപനിഷത്തിന്റെ സമാപനം കുറിയ്ക്കാനാണ്.
'ഭദ്രാ കര്‍ണ്ണേഭി....' എന്ന ശാന്തിമന്ത്രം തന്നെയാണ് അവസാനവും ഉള്ളത്.
മാണ്ഡൂക്യ ഉപനിഷത്തിന്റെ പഠനം എളുപ്പമാകാന്‍ ഗൗഡപാദാചാര്യര്‍ രചിച്ച മാണ്ഡൂക്യ കാരിക 215 ശ്ലോകങ്ങള്‍ ഉള്ളതാണ്. ചെറിയ വൃത്തമായ അനുഷ്ടുപ്പിലാണ് രചിച്ചിട്ടുള്ളത്. ജഗദ്ഗുരു ആദിശങ്കരാചാര്യ സ്വാമികളുടെ ഗുരുവായ ഗോവിന്ദ ഭഗവദ്പാദരുടെ ഗുരുവാണ് ഗൗഡപാദാചാര്യര്‍. 12 മന്ത്രങ്ങള്‍ മാത്രമുള്ള മാണ്ഡൂക്യ ഉപനിഷത്തിനെ വേണ്ടവിധം മനസ്സിലാക്കാന്‍ കാരിക പഠനം സഹായിക്കും. പരമമായ സത്തയെ മാത്രം അംഗീകരിക്കുകയും അതിനോട് ചേര്‍ന്ന് നില്‍ക്കുന്നവയെ പോലും പരിഗണിക്കാതെയും വളരെ യുക്തിസഹമായാണ് കാരിക തയ്യാറാക്കിയിരിക്കുന്നത്. വൈദികമതം, ബൗദ്ധമതം, ചാര്‍വ്വാകമതം, നിരീശ്വരവാദം തുടങ്ങിയവയൊക്കെ അവയുടെ രീതികളില്‍ക്കൂടി സഞ്ചരിച്ച് നിഷ്‌കരുണം ഖണ്ഡിച്ചിട്ടുണ്ട്. ആത്മാവിന്റെ പാരമാര്‍ത്ഥികതയെ ഇതിലൂടെ സ്ഥാപിച്ചിരിക്കുകയാണ്.
ആദ്യത്തെ പ്രകരണമായ ആഗമപ്രകരണത്തിലെ 29 ശ്ലോകങ്ങൡലൂടെ ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളെ വേണ്ടവിധത്തില്‍ പരിശോധിച്ചിരിക്കുന്നു. ജാഗ്രത്തിലും സ്വപ്‌നത്തിലും ഉണ്ടാകുന്ന അനുഭവങ്ങളെ അറിയുന്ന ബോധത്തെ അഥവാ ചൈതന്യത്തെ ആദ്യം വിശകലനം ചെയ്യുന്നു. സുഷുപ്തിയില്‍ എല്ലാ ഉപാധികളും ലയിച്ചിരിക്കുമ്പോഴും അറിയുന്ന ചൈതന്യത്തേയും അപഗ്രഥിക്കുന്നു. പിന്നീട് സ്വപ്‌ന, ജാഗ്രത്ത് ആയി മാറുമ്പോള്‍ സുഷുപ്തിയില്‍ പ്രാജ്ഞനായിരുന്ന അത് വിശ്വനും തൈജസനുമായി മാറുന്നു. ഈ അവസ്ഥയിലെ അഹംബോധത്തിന് മറ്റൊരു അവസ്ഥയെ അറിയാനാകില്ല. ഈ മൂന്ന് അവസ്ഥകളിലുണ്ടാകുന്ന കാര്യങ്ങള്‍ക്ക് സാക്ഷിയായി മാറാതെ നില്‍ക്കുന്നതാണ് ആത്മാവ് അഥവാ തുരീയം. ഇത് ഒരു അവസ്ഥയേ അല്ല. മറ്റ് മൂന്നിനോടും ചേര്‍ത്ത് പറയുമ്പോള്‍ നാലാമത് എന്നു പറയുന്നുവെന്നുമാത്രം. മൂന്ന് അവസ്ഥകളായി തോന്നുന്നത് ഇതുതന്നെ. ആത്മാവിന്റെ 4 പാദങ്ങള്‍ക്ക് ഓങ്കാരത്തിന്റെ 4 മാത്രകളുമായി അഭേദം പറഞ്ഞ് ഓങ്കാരത്തെ ഉപാസിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
വൈതഥ്യ പ്രകരണത്തില്‍ ഈ ലോകത്തിന്റെ മിഥ്യാത്വത്തെ വിവരിക്കുന്നു. 38 ശ്ലോകങ്ങളാണ് ഇതില്‍. ദ്വൈതമായി കാണുന്ന ലോകത്തിന്റെ അസ്തിത്വമില്ലായ്മയുടെ വിശദീകരണമായതിനാലാണ് വൈതഥ്യ പ്രകരണം എന്ന പേരു വന്നത്. സ്വപ്‌നത്തിലെ അനുഭവങ്ങള്‍ എത്രകണ്ട് വാസ്തവമില്ലാത്തതാണോ അതുപോലെയാണ് ജാഗ്രത്തിലേതും എന്ന് ഇവിടെ  സ്ഥാപിക്കുന്നു. മുമ്പ് ഇല്ലാത്തതും ഭാവിയില്‍ ഇല്ലാത്തതുമായ ഒന്ന് ഇടയ്ക്ക് ഇപ്പോള്‍ ഉണ്ടാകാന്‍  സ്വപ്‌നത്തിനും ജാഗ്രത്തിനും തരമില്ല. അതുകൊണ്ടുതന്നെ ഇവയ്ക്ക് യാഥാര്‍ത്ഥ്യം ഇല്ല.
മൂന്നാമത്തെ പ്രകരണമായ അദ്വൈത പ്രകരണത്തില്‍ 48 ശ്ലോകങ്ങളുണ്ട്. രണ്ടില്ല, ഒന്നു മാത്രമേ ഉള്ളൂ എന്ന് ഇവിടെ സമര്‍ത്ഥിക്കുന്നു. ദ്വൈത അഭാവത്തെ പറയുന്നതിനാലാണ് അദ്വൈതാ എന്ന് പറഞ്ഞത്. അറിയാനുള്ള എല്ലാ പ്രമാണങ്ങളുടെയും പിന്‍ബലത്തിലാണ് അദ്വൈതത്തെ സ്ഥാപിക്കുന്നത്. ആത്മാവ് ഒരിക്കലും ജനിക്കുന്നില്ല എന്ന 'അജാത വാദ'ത്തെ കാരികയില്‍ ഗൗഡപാദര്‍ പ്രഖ്യാപിക്കുന്നു.
അലാതശാന്തി പ്രകരണം എന്ന നാലാമത്തേതില്‍ 100 ശ്ലോകങ്ങളാണുള്ളത്. കത്തിക്കൊണ്ടിരിക്കുന്ന തീക്കൊള്ളിയെ കെടുത്തുന്നു എന്നതാണ് അലാത ശാന്തി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ബുദ്ധമതക്കാര്‍ക്ക് പരിചിതമായ ഈ പ്രയോഗത്തിലൂടെയും അതുമായി ബന്ധപ്പെട്ട വാദഗതികളിലൂടെയും ബ്രഹ്മം, ആത്മാവ് എന്നതിനെ അവര്‍ക്കുകൂടി ബോധ്യപ്പെടുത്തി കൊടുക്കുകയാണ് ഇവിടെ. ആത്മാവിന് മാത്രമേ അസ്തിത്വമുള്ളൂ. ഈ ലോകം ആത്മാവ്  തന്നെ. അദ്വയനായ ആത്മാവിനെയാണ് ഭ്രമംകൊണ്ട് ദ്വൈതഭാവത്തില്‍ ലോകമായി കാണുന്നത്. എല്ലാം ആത്മാവാണെന്ന് സാക്ഷാത്കരിക്കണം. ഇതിലേക്ക് എത്താന്‍ ആധ്യാത്മിക സാധകന്‍ വേണം. ഇതിനെ ഗൗഡപാദര്‍ നിഷേധിക്കുന്നുമില്ല. ലക്ഷ്യമെത്തും വരെ സഹായത്തിന് ഊന്നുവടി വേണമെങ്കില്‍ അത് ഉപയോഗിക്കേണ്ടിവരും.
കാരികാ ഭാഷ്യത്തിന്റെ അവസാനത്തിലും ആചാര്യസ്വാമികള്‍ മൂന്ന് മംഗളശ്ലോകങ്ങളിലൂടെ വന്ദനം നടത്തുന്നുണ്ട്. ആദ്യ ശ്ലോകത്തില്‍ ജന്മാദി വികാരങ്ങളൊന്നുമില്ലാത്തതായ ബ്രഹ്മത്തെ തമസ്‌കരിക്കുന്നു. രണ്ടാമത്തേയും മൂന്നാമത്തേയും മംഗളശ്ലോകത്തില്‍ ഗൗഡപാദാചാര്യര്‍ക്കുള്ള വന്ദനമാണ്.
മാണ്ഡൂക്യ ഉപനിഷത്തിന്റെ പഠനത്തില്‍ സാധകര്‍ക്ക് വളരെയേറെ പ്രയോജനപ്പെടും എന്നതിനാല്‍ ഗൗഡപാദാചാര്യ വിരചിതമായ 'മാണ്ഡൂക്യ കാരിക' കൂടി ഉള്‍പ്പെടുത്തണമെന്നാണ് ആചാര്യന്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ആദിശങ്കരാചാര്യസ്വാമികളുടെ ഭാഷ്യം കൂടിയാകുമ്പോള്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാനും കഴിയും. നമ്മുടെ ശരിയായ സ്വരൂപമായ ആത്മതത്ത്വത്തെ അനുഭവമാക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍ 9495746977)

No comments: