Wednesday, February 21, 2018

ദീപാരാധനക്ക് അല്‍പം ഊര്‍ജ്ജതന്ത്ര വിവരണംകൂടി ആകാം. ഏതൊരു ചൈതന്യ സ്രോതസ്സിനും ചൈതന്യം സ്വീകരിച്ചതിനുശേഷമേ അതു കൊടുക്കുവാന്‍ സാധിക്കൂ. ശ്രീകോവിലിനകത്തുള്ള വിഗ്രഹത്തെ ചൈതന്യവത്താക്കി, അതില്‍നിന്ന് ആയിരങ്ങള്‍ക്ക് ചൈതന്യം വിതരണം ചെയ്യുക. (വലിയ ടാങ്കറില്‍ റിഫൈനറിയില്‍ നിന്നും പെട്രോള്‍ കൊണ്ടുവന്ന്, പെട്രോള്‍ പമ്പുകളില്‍ നിറച്ച് അവിടെനിന്നും ഓരോ വാഹനങ്ങള്‍ക്കും യഥേഷ്ടം വിതരണം ചെയ്യുന്നതുപോലെയാണിത്.) ആധുനിക ഊര്‍ജ്ജതന്ത്രത്തില്‍ വിവരിക്കുന്നതുപോലെ ശബ്ദഘോഷങ്ങളിലൂടെ സൗണ്ട് എനര്‍ജിയും പ്രകാശ സ്രോതസ്സുകളായി ദീപത്തിലൂടെ ഹീറ്റ് എനര്‍ജിയും ലൈറ്റ് എനര്‍ജിയും സുഗന്ധദ്രവ്യങ്ങളിലൂടെ കെമിക്കല്‍ എനര്‍ജിയും വിഗ്രഹത്തിലേക്ക് പൂജാകര്‍മ്മങ്ങളിലൂടെ നിറയ്ക്കുന്നത് നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും.
സംഗീതാത്മകമായ ശബ്ദത്തിലൂടെയും മിന്നിത്തിളങ്ങുന്ന ചെറുജ്വാലകളിലൂടെയും ശാന്തമായ പുഷ്പങ്ങളിലൂടെയാണ് ഹാര്‍മോണി/സ് എനര്‍ജി ട്രാന്‍സ്ഫര്‍ നടക്കേണ്ടത്. അതാണ് ക്ഷേത്രങ്ങളില്‍ നടക്കുന്നത്. ഭയാനക ശബ്ദമോ ആളിക്കത്തുന്ന തീയോ, കുപ്പി നിറയെ വാസനദ്രാവകം ഒഴിച്ച അത്തറോ ഉപയോഗിക്കുമ്പോള്‍ ഭയാനകമായ ഒരു എനര്‍ജി ട്രാന്‍സ്ഫര്‍ നടക്കുന്നത് ഗുണഫലങ്ങളെക്കാള്‍ ദോഷഫലങ്ങളുളവാക്കുന്നവയായിരിക്കും. (ഒരു ഗുളിക വീതം കഴിച്ച് ചികിത്സിക്കുന്നതിന് പകരം, രോഗം എളുപ്പത്തില്‍ ഭേദമാകുവാന്‍ ഒരാഴ്ചത്തേക്കുള്ള ഗുളികകള്‍ ഒരുമിച്ചു കഴിക്കുമ്പോഴുണ്ടാകുന്ന തീവ്രത പോലെയാണിത്)
സമൂഹപ്രാര്‍ത്ഥന: ഓരോ വീട്ടിലെ പൂജാമുറിയിലും ഇരുന്ന് ഈശ്വരനെ ഭജിച്ചാല്‍ മതിയെന്നും ഈശ്വരന്‍ അവനവനിലുണ്ട് ക്ഷേത്രത്തിലേക്ക് പോകേണ്ടതില്ല എന്നും പൊതുവെ ചിന്തിക്കുന്നവരുണ്ട്. ആത്മീയമായി ഉയര്‍ന്ന നിലവാരത്തിലുള്ള വ്യക്തികള്‍ക്ക് അത് ശരിയാണ്. എന്നാല്‍ സാധാണ ജനതയ്ക്ക് ക്ഷേത്രം, സാമൂഹ്യബന്ധങ്ങള്‍ കെട്ടിയുറപ്പിക്കുന്നതിനുള്ള സ്ഥലവും കൂടിയാണ്. ക്ഷയാത് ത്രായതേ ഇതി ക്ഷേത്രഃ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം. വ്യക്തിയേയും സമൂഹത്തേയുമാണ് നാശത്തില്‍നിന്ന് സംരക്ഷിക്കേണ്ടത്. സാമൂഹിക ബന്ധങ്ങളുടെ ക്ഷയത്തെ ഇല്ലാതാക്കുന്നതാണിത്. അതിനാല്‍ ക്ഷേത്രത്തിന് സാമൂഹ്യശാസ്ത്രത്തിന്റെ അടിത്തറയുണ്ട്. ഒരുവ്യക്തി ഒറ്റക്കിരുന്ന് ധ്യാനിക്കുന്നതിനേക്കാള്‍ അനേകം മടങ്ങ് ഫലപ്രദമാണ് ഒരുമിച്ചിരുന്നുള്ള ധ്യാനം എന്ന് ഇസിജി പഠനങ്ങള്‍ തെളിയിക്കുന്നു. ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള യാത്രയിലും, പ്രദക്ഷിണവേളയിലും ഒരല്‍പം സമയം ക്ഷേത്രമണ്ണിലിരുന്നു ചര്‍ച്ച ചെയ്യുമ്പോഴും, മനസ്സിലെ ദുഃഖഭാരങ്ങള്‍ പങ്കുവക്കുവാനും, ആശ്വസിപ്പിക്കുവാനും മറ്റുമുള്ള അവസരവും ലഭിക്കുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട വേളയിലെ ഈ ചര്‍ച്ചകള്‍ക്ക് ആത്മാര്‍പ്പണത്തിന്റെ ഉപദേശസന്ദേശവും ലഭിക്കുന്നുണ്ടാകും. ഈയവസരത്തിലാണ് ക്ഷയ(നാശ)ത്തില്‍നിന്ന് മോചിപ്പിക്കുന്ന ക്ഷേത്രമഹത്വം നാം അറിയുന്നത്.
കൂടാതെ ക്ഷേത്രത്തിലെ ആത്മീയ പ്രഭാഷണങ്ങള്‍ക്ക് മനഃശാസ്ത്രത്തിന്റെ വലിയ പിന്‍ബലമുണ്ട്.  അത്യാധുനിക ഡോക്ടര്‍മാര്‍പോലും ക്ഷേത്രദര്‍ശനത്തെ പ്രോത്സാഹിപ്പിക്കാന്‍ കാരണമിതാണ്. ഒറ്റക്കിരുന്നുള്ള പ്രാര്‍ത്ഥനയേക്കാള്‍ സാമൂഹ്യബന്ധത്തിനുതകുന്ന ഈ വഴി സാധാരണ ജനതക്ക് ഉത്തമവുമാണ്.
ക്ഷേത്രത്തിലെ അഭിഷേകം: ക്ഷേത്രസംബന്ധിയായ ഒരു പ്രധാന ആചാരമാണ് അഭിഷേകം. ക്ഷേത്രവിഗ്രഹത്തില്‍ പൂജാരി ആത്മചൈതന്യത്തെ ആവാഹിച്ചിട്ടാണ് വിഗ്രഹത്തിന് ഈശ്വരീയ മഹത്വം വരുത്തുന്നത്. മനുഷ്യശരീരത്തില്‍ ആത്മചൈതന്യത്തിന്  വസിക്കുവാന്‍ സ്വസ്ഥമായതും വൃത്തിയുള്ളതുമായ  ഭൗതീകശരീരം ആവശ്യമുള്ളതുപോലെ, ക്ഷേത്രചൈതന്യം നിറഞ്ഞുനില്‍ക്കുന്നതിന് അഭിഷേകത്തിലൂടെ ശുദ്ധി ചെയ്ത വിഗ്രഹം ആവശ്യമാണ്. മനുഷ്യന് ശ്രേഷ്ഠമായതെല്ലാം ക്ഷേത്രവിഗ്രഹത്തിനും അത്രതന്നെ ശ്രേഷ്ഠമാണ് എന്നും ഓര്‍ക്കുക. 
janmabumi

No comments: