Friday, February 23, 2018

ധര്‍മദേവാവതാരവും വ്യാസ പുത്രനുമായ വിദുരരോട് വ്യാസശിഷ്യനായ മൈത്രേയ മഹര്‍ഷി തുടര്‍ന്നു.ശരീരത്തിന്റെ ഉടമ പരമാത്മാവായ ജീവന്‍ (ജീവാത്മാവ്) തന്നെയാണെങ്കിലും ഇടയ്ക്ക് ഞാന്‍ എന്ന ബോധം കടന്നുകൂടുന്ന മനസ്സ് അഹന്തയോടെ ഞാനാണ് ഉടമയെന്ന് അവകാശപ്പെടുന്നതാണ് ദുഃഖഹേതു. ഈ ഘട്ടത്തില്‍, യഥാര്‍ത്ഥ ഉടമയായ ജീവന്‍ സാക്ഷിരൂപം പൂണ്ട് എന്തുവേണമെങ്കിലും ആയിക്കോട്ടെ എന്ന ഭാവത്തോടെ നോക്കിനില്‍ക്കുന്നു. വെറും സാക്ഷിഭാവത്തില്‍. ഈ ദുഃഖത്തില്‍ നിന്നും നിവൃത്തി നേടാന്‍ 
സവൈ നിവൃത്തിധര്‍മേണ 
വാസുദേവാനുകമ്പയാ
ഭഗവദ്ഭക്തിയോഗേന 
തിരോധത്തേ ശനൈരിഹ
ശ്രീവാസുദേവന്റെ അനുഗ്രഹംകൊണ്ടുമാത്രമാണ് സാധ്യമാവുക. നിവൃത്തി ധര്‍മംകൊണ്ട് വാസുദേവാനുകമ്പ നേടാനാവും. ഭഗവദ് ഭക്തി ലഭിക്കുന്നതോടെ പതുക്കെ അഹങ്കാരം നശിക്കും. ഈ ഭക്തിയോഗം ലഭിക്കാന്‍ സമര്‍പണ ബുദ്ധിയോടെ ശ്രമിച്ചാല്‍ കാര്യനിവൃത്തിയാവും. അതിന് ഭഗവാന്റെ ഗുണങ്ങളെ കീര്‍ത്തിക്കുകയും ശ്രവിക്കുകയും ചെയ്യുക. ആ പരമാത്മാവിന്റെ പാദാരവിന്ദങ്ങളെ ഒരിക്കലെങ്കിലും അനുഭവത്തില്‍ ലഭിച്ചാല്‍ ആ ആത്മാവിനു ക്ലേശങ്ങളെല്ലാം ശമിക്കും.
എന്നാല്‍ ഇതൊക്കെ കേട്ടിട്ടും വിദുരര്‍ക്ക് സംശയങ്ങള്‍ തീരുന്നില്ല. വിദുരര്‍ പറയുന്നു.മഹര്‍ഷേ, മദ്യത്തിലും മദിരാക്ഷിയിലും സമ്പത്തിലുമെല്ലാം മനസ്സുറപ്പിച്ചിരിക്കുന്ന മൂഢനും പരമപുരുഷനില്‍ മനസ്സുറപ്പിച്ചിരിക്കുന്ന ജ്ഞാനിയും സന്തോഷത്തോടെ ജീവിക്കുന്നു. ഇതിന്റെ രണ്ടിന്റെയും ഇടയില്‍ പെട്ടു കഴിയുന്ന സാധാരണക്കാരുടെ ബദ്ധപ്പാടാണ് പ്രശ്‌നം.  വിഷയസുഖങ്ങളില്‍ അവരുടെ മനസ്സു നില്‍ക്കില്ല. എന്നാല്‍ ആത്മസുഖത്തിലേക്കെത്തിയിട്ടുമില്ല. ഫലത്തില്‍ ഇതു രണ്ടും അവര്‍ അനുഭവിക്കുന്നില്ല.
ഹേ, ഭഗവന്‍, അങ്ങയെപ്പോലുള്ള മഹാഗുരുവുമായി സത്സംഗമുണ്ടാകാന്‍ എനിക്ക് ഭഗവത് പ്രസാദമുണ്ടായി. എല്ലാവര്‍ക്കും ഇങ്ങനെ സത്സംഗം ലഭിക്കുന്നില്ലല്ലോ. എന്നാല്‍ ചുറ്റുമുള്ള പ്രകൃതിയെക്കുറിച്ച് ചിന്തിച്ച് പ്രകൃതിയെ സ്‌നേഹിക്കുമ്പോള്‍ ഭഗവത്കൃപയാല്‍ സത്സംഗം ലഭിക്കും. സത്ഗുരു സംഗത്താലും സംസര്‍ഗത്താലും ഭഗവത് ജ്ഞാനം ലഭിക്കും.
എനിക്ക് വീടും നാടും എല്ലാമുപേക്ഷിച്ച് കാടും മേടും കയറി നടന്നപ്പോള്‍ പ്രകൃതിയെ സ്‌നേഹിച്ചും പ്രകൃതിയോടിണങ്ങിയും ജീവിക്കാനായി. അങ്ങനെ കഴിയുമ്പോഴാണ് ഭഗവത് കൃപയാല്‍ അങ്ങയെപ്പോലുള്ള സദ്ഗുരുക്കന്മാരെ കാണാന്‍ അവസരം ലഭിച്ചത്. ആ ഗുരു സംസര്‍ഗത്താല്‍ ജീവന്മുക്തനായിക്കഴിയുന്നതോടെ ക്രമേണ ഞാന്‍, എനിക്ക്, എന്റേത് എന്നിത്യാദി ചിന്തകളെല്ലാം ഒഴിവായി ഭഗവത് സായുജ്യത്തിലെത്തും.
ഈ പ്രകൃതി മുഴുവന്‍ ഭഗവാന്റെ ഭാഗമാണെന്നു മനസ്സിലായി. ആ വിരാട് പുരുഷനെക്കുറിച്ച് കൂടുതലറിയണമെന്നാഗ്രഹമുണ്ട്. ഹേ, മഹര്‍ഷേ, ഞാന്‍ അറിയേണ്ടതായ എല്ലാ കാര്യങ്ങളും എന്നോടരുളിച്ചെയ്യണമേ. ഞാന്‍ ചോദിച്ചില്ലെങ്കില്‍ പോലും അവയെല്ലാം എനിക്കുപദേശിക്കാന്‍ കരുണയുണ്ടാകണമേ.
ശ്രീഹരിയുടെ സൃഷ്ട്യാദി പ്രക്രിയകളെക്കുറിച്ചും പ്രളയകാലത്തെ ലയനത്തെക്കുറിച്ചും അറിയാനാഗ്രഹമുണ്ട്.വിദുരരുടെ ചോദ്യാവലികള്‍ കേട്ട് മൈത്രേയ മഹര്‍ഷിക്കു സന്തോഷമായി. ഭഗവത് കഥകള്‍ വിവരിക്കാന്‍ തനിക്ക് ലഭിച്ച അവസരമാണിത്. മൈത്രേയ മഹര്‍ഷി ആ സന്തോഷം പ്രകടമാക്കാന്‍ തെല്ലും മടി കാണിച്ചില്ല.
ഹേ, വിദുരമഹാശയ, പുരുവംശം അനുഗൃഹീതമാണ്. ലോകപാലനായ യമധര്‍മന്‍ ഈ വംശത്തില്‍ വന്ന് അവതരിച്ചുവല്ലോ. അജിതന്റെ കഥകള്‍ പറയാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യം.സാക്ഷാല്‍ ഭഗവാന്‍ ഋഷിമാര്‍ക്ക് ഉപദേശിച്ച ശ്രീഭാഗവതം ഞാന്‍ അങ്ങേക്ക് പറഞ്ഞുതരാം.
പണ്ട് സനത് കുമാരാദി മഹര്‍ഷിമാര്‍ സാക്ഷാല്‍ സങ്കര്‍ഷണമൂര്‍ത്തിയോട് ഭഗവത് തത്വത്തെക്കുറിച്ച്  ചോദിച്ചു. താന്‍ എപ്പോഴും ഉപാസിച്ചുകൊണ്ടിരിക്കുന്ന ശ്രീവാസുദേവനെക്കുറിച്ചു പറയുന്നതിന് ആദിശേഷനായ ശ്രീ സങ്കര്‍ഷണ മൂര്‍ത്തിക്ക് ആയിരം നാവുതന്നെയായിരുന്നു.
സങ്കര്‍ഷണമൂര്‍ത്തിയില്‍നിന്ന് ഭാഗവതതത്വം ഗ്രഹിച്ച സനത് കുമാരാദികളില്‍നിന്നും സാംഖ്യായന മഹര്‍ഷി അവ ചോദിച്ചു മനസ്സിലാക്കി. ഈ സാംഖ്യായന മഹര്‍ഷി ഈ ഭാഗവതതത്വം പരാശര മഹര്‍ഷിക്കും ബൃഹസ്പതിക്കും ഉപദേശിച്ചു. ഈ പരാശര മഹര്‍ഷിയില്‍നിന്നുമാണ് ഞാന്‍ ആദ്യമായി ഭാഗവതതത്വങ്ങളെക്കുറിച്ചറിയുന്നത്. ഹേ വിദുരരേ, പരാശര മഹര്‍ഷിയില്‍നിന്നും കേട്ടറിഞ്ഞ ആ തത്വം ഞാന്‍ അങ്ങേക്കും ഉപദേശിക്കാം...janmabhumi

No comments: