Wednesday, February 28, 2018

''സ്ത്രീ ധന നാസ്തീക വൈരി ചരിത്രം ന ശ്രവണീയം''
ഭക്തിയില്‍ മുഴുകി തന്നെത്തന്നെ ഭഗവാനിലേക്കു സമര്‍പ്പിക്കുന്ന ഭക്തന്‍ സ്ത്രീകളെക്കുറിച്ചോ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചോ നിരീശ്വരവാദികളെക്കുറിച്ചോ ശത്രുക്കളെക്കുറിച്ചോ ഉള്ളതായ യാതൊരു വാര്‍ത്തകൡലും ശ്രദ്ധചെലുത്തരുത്. അതിലൊന്നും ഭക്തന് താല്‍പര്യമുണ്ടാകരുത്.
ലോകവ്യവഹാരത്തില്‍ ഏര്‍പ്പെടുമ്പോള്‍ പലതരക്കാരുമായും ഇടപെടേണ്ടിവരും. ഇവരില്‍ ചിലര്‍ നിരീശ്വരവാദികളായിരിക്കാം. ചിലര്‍ പരദൂഷണക്കാരായിരിക്കാം. ചിലര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരാകാം. മറ്റു ചിലര്‍ അത്യാഗ്രഹികളാകാം. വേറെ ചിലര്‍ ലൈംഗികവാസനകള്‍ കൂടുതലുള്ളവരാകാം. അങ്ങനെയുള്ളവരെയെല്ലാം അവഗണിക്കുക ലോകവ്യവഹാരത്തില്‍, ലൗകിക കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പ്രയാസകരമായിരിക്കാം. ലൗകികതയെ മുഴുവന്‍ അവഗണിക്കാന്‍ പറ്റാതെ വരുമ്പോള്‍ ഇവരേയും അവഗണിക്കാനാവില്ല. അപ്പോള്‍ ചെയ്യാവുന്നത് ഇത്രമാത്രമാണ്- ഇവരുടെ ചിന്താഗതികളെ അവഗണിക്കുക. ആ ചിന്താഗതികളിലൊന്നിനും നമ്മുടെ മനസില്‍ സ്വാധീനം ചെലുത്താനാവാത്തവിധം ദേവതയില്‍ നമ്മുടെ മനസ്സ് കേന്ദ്രീകരിക്കുക. ഇവരുടെ വാസനകളൊന്നും നമ്മെ സ്വാധീനിക്കരുത്. പുതിയ വാസനാബീജം നമ്മളിലുണ്ടാക്കാന്‍ അനുവദിക്കരുത്.
ഭക്തിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, വറുത്ത വിത്തുകള്‍ വീണ്ടും മുളയ്ക്കാത്തതുപോലെ വാസനകളില്‍നിന്നും നമ്മുടെ മനസ്സ് മോചിതമായിട്ടുണ്ടാകും.
അല്ലാത്തപക്ഷം പലതും മനസ്സിനെ ദുര്‍ബലമാക്കും. വിഷയങ്ങളിലേക്ക് മനസ്സിനെ വലിച്ചിഴച്ചേക്കും. ലൈംഗികവാസനയുള്ള ചിലരെ ദര്‍ശിച്ചപ്പോഴാണ് അജാമിളന്റെ മനസ്സ് ഇളക്കിയത്. എന്നാല്‍ ജന്മാന്തരവാസന ഭക്തിയില്‍ അധിഷ്ഠിതമായതിനാല്‍ കാലങ്ങള്‍ക്കുശേഷമെങ്കിലും ആ മനസ്സിനെ ഭക്തിയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ അജാമിളനു കഴിഞ്ഞു.
എല്ലാം തന്റേതാക്കാനുള്ള ശ്രമത്തില്‍ ഹിരണ്യാക്ഷന്‍ മനസ്സിനെ കൈവിട്ടു. വിഷ്ണുവിനോടുള്ള ശത്രുത ഹിരണ്യകശിപുവിനേയും ചഞ്ചലനാക്കി. ശിശുപാലനും പറ്റിയത് അതുതന്നെയാണ്- ഭഗവാനോടുള്ള ശത്രുത.
കിംവദന്തികളാലും ചിലരുടെ സല്‍കാരത്താലും മനസ്സിനെ വഴിയില്‍ നഷ്ടപ്പെട്ടതാണ് ശല്യരുടെ അനുഭവം. ശല്യരുടെ ദുഷിപ്പ് കര്‍ണ്ണനേയും തളര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ കര്‍ണ്ണന്റെ വീര്യത്തെ പുകഴ്ത്തിക്കൊണ്ടാണ് ശ്രീകൃഷ്ണന്‍ അര്‍ജുനന്റെ വീര്യം വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ കര്‍ണ്ണനോടുള്ള ശത്രുത അര്‍ജുനന്റെ ഭക്തമനസ്സിനെ തളര്‍ത്താത്ത വിധം ശ്രീകൃഷ്ണന്‍ ശ്രദ്ധിച്ചിരുന്നു.
തന്നേയും സീതയേയും അപമാനിച്ചുകൊണ്ടുള്ള ചില പരദൂഷണക്കാരുടെ കിംവദന്തി ഒരു ഘട്ടത്തില്‍   ശ്രീരാമനെപ്പോലും തളര്‍ത്തി. എന്നാല്‍ സീതാപരിത്യാഗച്ചുമതല ലക്ഷ്മണനെ ഏല്‍പ്പിച്ചതുവഴിയും ലക്ഷ്മണന്‍ വാത്മീകി ആശ്രമ പരിസരത്തില്‍ സീതയെ എത്തിച്ചതുവഴിയും മഹത്തായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശ്രീരാമനു കഴിഞ്ഞു. സന്താനങ്ങളായ ലവകുശന്മാര്‍ക്ക് ഭക്തശ്രേഷ്ഠനായ വാത്മീകിയുടെ ശിക്ഷണം ലഭ്യമാക്കാന്‍ ഇതുവഴി സാധ്യമായി.

No comments: