Saturday, February 24, 2018

അദ്വൈതവേദാന്തത്തിന്റെ മൌലിക സിദ്ധാന്തങ്ങള്‍ ഏതാണ്ട് മുഴുവനും ശങ്കരാചാര്യര്‍ക്ക് മുമ്പുതന്നെ ആവിഷ്കരിക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹമാണ് അതിന് ഭാരതീയദര്‍ശനങ്ങളുടെ ഇടയില്‍ സംപൂജ്യമായ ഒരു സ്ഥാനം നേടിക്കൊടുത്തത്. പ്രസ്ഥാനത്രയത്തിന്റെ വ്യാഖ്യാനങ്ങളിലൂടെയും ഉപദേശസാഹസ്രി, വിവേകചൂഡാമണി, ശതശ്ളോകി എന്നിങ്ങനെയുള്ള സ്വതന്ത്ര കൃതികളിലൂടെയും അദ്ദേഹം അദ്വൈതതത്ത്വങ്ങളെ അവതരിപ്പിച്ചു. ഇവയ്ക്കു പുറമേ ഭാരതത്തിന്റെ നാലു ദിക്കുകളിലും മഠങ്ങള്‍ സ്ഥാപിച്ച് അദ്വൈതവേദാന്തത്തിന് പ്രായോഗികമായ ഒരു പശ്ചാത്തലവും സൃഷ്ടിച്ചു.

മാണങ്ങള്‍-വേദാന്തത്തില്‍

പ്രമാണങ്ങള്‍ 'പ്രമ'യുടെ അഥവാ യഥാര്‍ഥ ജ്ഞാനത്തിന്റെ കരണങ്ങളാണ്; ഉപകരണങ്ങളാണ് (പ്രമാകരണം പ്രമാണം). യഥാര്‍ഥ ജ്ഞാനം വ്യാവഹാരികലോകത്തെക്കുറിച്ചോ പാരമാര്‍ഥികസത്തയെക്കുറിച്ചോ ആകാം. വ്യാവഹാരികലോകത്തെക്കുറിച്ച് ജ്ഞാനസമ്പാദനത്തിനുള്ള ഉപായങ്ങളില്‍ പ്രധാനമായവ പ്രത്യക്ഷവും അനുമാനവുമാണ്. ഇന്ദ്രിയങ്ങള്‍ വഴി നേടിയെടുക്കുന്ന അറിവാണ് പ്രത്യക്ഷമെങ്കില്‍ യുക്തിയുടെ സഹായത്താല്‍ ലഭിക്കുന്ന അറിവാണ് അനുമിതി. പ്രത്യക്ഷജ്ഞാനത്തിന്റെ കരണം പ്രത്യക്ഷപ്രമാണവും അനുമിതിയുടേത് അനുമാനപ്രമാണവുമാകുന്നു. ആധുനികശാസ്ത്രം ഈ രണ്ടു പ്രമാണങ്ങളെ മാത്രമേ അംഗീകരിക്കുന്നുള്ളു. എന്നാല്‍ ശങ്കരാചാര്യര്‍ ഇവയ്ക്കു പുറമേ അതീന്ദ്രിയവസ്തുക്കളുടെ ജ്ഞാനലബ്ധിക്കുതകുന്ന മറ്റൊരു പ്രമാണത്തെക്കൂടി അംഗീകരിക്കുന്നുണ്ട്. അതാണ് ശബ്ദം അഥവാ ശ്രുതി. ശങ്കരാചാര്യരുടെ ദൃഷ്ടിയില്‍ ഈ മൂന്ന് പ്രമാണങ്ങളും തമ്മില്‍ യാതൊരു വൈരുധ്യവുമില്ല. ഓരോന്നും അതിന്റേതായ മണ്ഡലത്തില്‍ പ്രബലമാണ്. ശ്രുതിക്ക് ഇന്ദ്രിയങ്ങളുടെയോ യുക്തിയുടെയോ മണ്ഡലത്തില്‍ പ്രസക്തിയില്ലെങ്കില്‍ പ്രത്യക്ഷത്തിനും അനുമാനത്തിനും അതീന്ദ്രിയലോകത്തിലും പ്രസക്തിയില്ല. ഋഷീശ്വരന്‍മാരുടെ ആത്മീയാനുഭൂതികളുടെ വിശ്വസനീയമായ ഒരു രേഖയാണ് ശ്രുതി എന്ന കാരണത്താലാണ് ഈ മൂന്നു പ്രമാണങ്ങളിലും വച്ച് ശ്രുതിക്ക് കൂടുതല്‍ പ്രാമാണ്യം നല്കിയിട്ടുള്ളത്. ശ്രുതിവിരോധത്തെ അദ്ദേഹം ഒരു ന്യായാഭാസമായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ എല്ലാ ശ്രുതിവാക്യങ്ങളെയും ഒരു പോലെ പ്രമാണങ്ങളായി കണക്കാക്കാന്‍ പാടില്ല. 'താത്പര്യ'ത്തോടുകൂടിയ ശ്രുതിവാക്യങ്ങള്‍ക്കേ പ്രാമാണ്യം കല്പിക്കാന്‍ പാടുള്ളു. വേദാന്തവാക്യങ്ങളുടെ താത്പര്യം എങ്ങനെ നിര്‍ണയിക്കാം? ഷഡ്‍ലിംഗങ്ങള്‍ വഴി എന്നായിരിക്കും ഇതിനു അദ്വൈതി നല്കുന്ന ഉത്തരം. ഉപക്രമവാക്യങ്ങളും ഉപസംഹാരവാക്യങ്ങളും തമ്മിലുള്ള ഐകരൂപ്യം, അഭ്യാസം, അപൂര്‍വത, ഫലം, അര്‍ഥവാദം, ഉപപത്തി എന്നിവയാണ് ഷഡ്‍ലിംഗങ്ങള്‍. കുറേക്കൂടി സരളമായി പറഞ്ഞാല്‍ വിഷയം തുടക്കത്തിലും അവസാനത്തിലും അവതരിപ്പിക്കുക, വിഷയത്തെ ഇടയ്ക്കിടെ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുക, വിഷയം ശ്രുതിയല്ലാത്ത മറ്റു പ്രമാണങ്ങള്‍വഴി അറിയപ്പെടാതിരിക്കുക, വിഷയംകൊണ്ടുള്ള പ്രയോജനം എന്താണെന്ന് പറയുക, വിഷയത്തെ പ്രശംസിക്കുകയും അതിന് വിപരീതമായതിനെ ദുഷിക്കുകയും ചെയ്യുക, വിഷയം യുക്തിയുടെ സഹായത്തോടെ ബുദ്ധിഗമ്യമാണെന്നു സ്ഥാപിക്കുക - ഇവയാണ് ഷഡ്‍ലിംഗങ്ങള്‍. ഈ ആറു ലിംഗങ്ങള്‍ ഉപയോഗിച്ച് ശ്രുതിയുടെ താത്പര്യം നിര്‍ണയിക്കുന്ന പക്ഷം ഇത് അദ്വൈതമാണെന്ന് കാണുവാന്‍ പ്രയാസമില്ല.

മറ്റു പ്രമാണങ്ങളെ അപേക്ഷിച്ച് ശ്രുതിക്കാണ് കൂടുതല്‍ പ്രാധാന്യം നല്കിയിട്ടുള്ളതെങ്കിലും അദ്വൈതം തര്‍ക്കത്തെ അഥവാ യുക്തിചിന്തയെ തീരെ അവഗണിച്ചിട്ടില്ല. ഷഡ്‍ലിംഗങ്ങളില്‍ ഉപപത്തിയെ ഉള്‍പ്പെടുത്തിയതുതന്നെ അതുകൊണ്ടാണ്. കൂടാതെ ശ്രുതിയുടെ ഒരു ഭാഗം എടുത്താല്‍ അതില്‍ ഏതാണ് തുടക്കം ഏതാണ് അവസാനം എന്നു നിര്‍ണയിക്കണമെങ്കില്‍ യുക്തിയുടെ സഹായം വേണം. അതുപോലെതന്നെ മറ്റു ലിംഗങ്ങളെ ശരിയായി നിര്‍ണയിക്കുവാനും യുക്തിയുടെ സഹായം കൂടിയേ തീരൂ. എന്നാല്‍ ശങ്കരാചാര്യരുടെ പക്ഷത്തില്‍ യുക്തി, ശ്രുതി എന്നിവയെക്കാളെല്ലാം പ്രധാനം ആത്മീയാനുഭൂതി തന്നെയാണ്.


ശങ്കരാചാര്യര്‍ തന്റെ കൃതികളില്‍ പ്രത്യക്ഷം, അനുമാനം, ശ്രുതി എന്നീ മൂന്നു പ്രമാണങ്ങളെക്കുറിച്ച് മാത്രമേ പ്രതിപാദിച്ചു കാണുന്നുള്ളുവെങ്കിലും അദ്വൈതത്തെ സംബന്ധിച്ച ആധികാരിക ഗ്രന്ഥങ്ങളായ വേദാന്തപരിഭാഷ തുടങ്ങിയവയില്‍ ഉപമാനം, അര്‍ഥാപത്തി, അനുപലബ്ധി എന്നിങ്ങനെ മൂന്നു പ്രമാണങ്ങളെക്കൂടി ഉള്‍പ്പെടുത്തി കാണുന്നു. വ്യാവഹാരിക കാര്യങ്ങളില്‍ ഭാട്ടമീമാംസകനെ പിന്തുടരുന്ന അദ്വൈതി (വ്യവഹാരേ ഭാട്ടനയഃ) അദ്ദേഹത്തെപ്പോലെ തന്നെ ആറു പ്രമാണങ്ങളെയും അംഗീകരിക്കുന്നു...sarvavinjanakosam

No comments: