Saturday, February 24, 2018

സ്കന്ദാശ്രമത്തിലെ ഒരു ദിവസം
സ്കന്ദാശ്രമത്തിൽ ദിവസം ആരംഭിക്കുന്നത് ശ്രീ ഭഗവാന്റെ മാതാവ് വെളുപ്പിന് നാല് മണിയോടെ എഴുന്നേറ്റു പ്രാർത്ഥന ചൊല്ലുന്നതോടെയാണ്. ഭഗവാൻ ആ സമയം ചാരിയിരിക്കുകയാരിക്കും, ഞങ്ങളൊക്കെ ധ്യാനിക്കുകയും ചെയ്യും. അഞ്ച് മണിക്ക് ശ്രീ ഭഗവാൻ പുറത്തേക്കു പോയി അര മണിക്കൂറിനകം മടങ്ങിയെത്തും. പിന്നീട് ഞങ്ങളെല്ലാം അക്ഷരമണ മാലയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യും. ഏതാണ്ട് ആറു മണിക്ക് അത് അവസാനിക്കും.ശ്രീ ഭഗവാൻ തന്റെ സ്നാനത്തിനായി പോകും, ഞങ്ങളും പുറത്തു പോയി കുളിയൊക്കെ കഴിഞ്ഞു ഏഴ് മണിക്ക് ശ്രീ ഭഗവാനോടൊപ്പം ആഹാരം കഴിക്കാൻ തയ്യാറാകും. ശാമു അയ്യർ നാല് മണിക്ക് തന്നെ ഉണർന്ന്, കുളിച്ച് രസവും ചോറുമൊക്കെ തയാറാക്കിയിരിക്കും. അദ്ദേഹവും രാമനാഥ ബ്രഹ്മചാരിയുമാണ്‌ ആഹാരം വിളമ്പുക.
ഭക്ഷണ ശേഷം ശ്രീ ഭഗവാൻ പുറത്തു ഇരിപ്പുറപ്പിക്കും. ചില ഭക്തന്മാർ ധ്യാനിക്കും. മറ്റ്‌ ചിലരാകട്ടെ 'ഋഭു ഗീത' തുടങ്ങിയ ഗ്രന്ഥങ്ങൾ വായിക്കും. വളരെ പ്രശാന്തമായ അന്തരീക്ഷമായിരിക്കും എപ്പോഴും. ചിലപ്പോഴാകട്ടെ ശ്രീ ഭഗവാൻ ഭക്തന്മാരുടെ സംശയ നിവൃത്തി വരുത്തുകയും ചെയ്യും.
(ശ്രീ ഭഗവാനോടൊത്ത്‌ -കുഞ്ചു സ്വാമിയുടെ ഓർമക്കുറിപ്പുകൾ)

No comments: