Wednesday, February 21, 2018

നാലാമത്തെ പാദമായ തുരീയം മറ്റ് മൂന്ന് പാദങ്ങളില്‍നിന്നും വ്യത്യസ്തമായ ലക്ഷണത്തോടുകൂടിയതാണ്. ആദ്യ മൂന്ന് പാദങ്ങളിലേയും ധര്‍മ്മങ്ങളെല്ലാം മാറ്റമുള്ളവയാണ്. ഒരു അവസ്ഥയിലുള്ളത് മറ്റേ അവസ്ഥയില്‍ ഉണ്ടാകാറില്ല. അറിയുന്ന ചൈതന്യ സ്വരൂപം മാത്രമാണ് മാറാതെ നില്‍ക്കുന്നത്. സുഷുപ്തിയില്‍പോലും ഇത് അറിയാം. ജ്ഞാനേന്ദ്രിയങ്ങളെക്കൊണ്ട് ചൈതന്യസ്വരൂപമായ ഈ വിജ്ഞാനത്തെ അറിയാനാവില്ല. അതിനാല്‍ ഒരു വ്യവഹാരവും നടക്കില്ല. കര്‍മ്മേന്ദ്രിയങ്ങളാല്‍ ഗ്രഹിക്കാനുമാവില്ല. രൂപമില്ലാത്തതായതിനാല്‍ ലക്ഷണങ്ങളൊന്നുമില്ല മനസ്സിനും വാക്കിനും വിഷയവുമില്ല. അതുകൊണ്ട് അചിന്ത്യം അവ്യപദേശ്യം എന്ന് വിശേഷിപ്പിക്കുന്നു. എല്ലാ അവസ്ഥകളിലുമുള്ള ആത്മാവ് ഒന്നെന്ന ബോധംകൊണ്ട് അറിയേണ്ടതാണ് തുരീയം അല്ലെങ്കില്‍ തുരീയത്തെ അറിയാന്‍ ആത്മബോധം മാത്രമേയുള്ളൂ. ഇതിനാല്‍ ഏകാത്മ പ്രത്യയസാരം എന്നുപറയുന്നു.
 പ്രപഞ്ചോപശമം എന്നാല്‍ ആത്മാവില്‍ പ്രപഞ്ച പ്രതിഭാസങ്ങളൊന്നുമില്ലെന്ന് അറിയണം. ജാഗ്രത് തുടങ്ങിയ അവസ്ഥകളെ നിഷേധിച്ചാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. രാഗം, ദ്വേഷം തുടങ്ങിയ വികാരങ്ങളും മറ്റു മാലിന്യങ്ങളും ഇല്ലാത്തതിനാല്‍ ശാന്തമാണ്. മംഗളസ്വരൂപവും പരിശുദ്ധവുമാണ്. ആനന്ദസ്വരൂപമായ ആത്മാവിന് ഭേദം ഇല്ലാത്തതിനാല്‍ അദ്വൈതമാണ്. രണ്ട് ഇല്ലാത്ത അവസ്ഥയാണത്, ഒന്നുമാത്രമേ ഉള്ളൂ. ഇപ്രകാരമുള്ള നാലാം പാദം തന്നെയാണത് അഥവാ മറ്റ് മൂന്ന് പാദത്തിനും അപ്പുറത്തുള്ളതാണ്. നാം സാക്ഷാത്കരിക്കേണ്ടത് നമ്മുടെ ശരിയായ സ്വരൂപമായ ഈ ആത്മാവിനെയാണ്. അതിന് അജ്ഞാതം നീങ്ങണം. അജ്ഞാനത്തെ തുടര്‍ന്നുള്ള മൂന്ന് അവസ്ഥകളിലും മാറാതെ നില്‍ക്കുന്നതും ഈ അവസ്ഥകള്‍ ഇല്ലാതായാലും നിലനില്‍ക്കുന്നതായ ആത്മസ്വരൂപമാണ് തുരീയം. തുരീയത്തില്‍ അജ്ഞാനമില്ലാത്തതിനാല്‍ രണ്ടെന്ന തോന്നല്‍ ഉണ്ടാകില്ല. മറ്റ് മൂന്ന് അവസ്ഥകളിലും അനുഭവവും അനുഭവിക്കുന്ന ആളും വേറെയെന്ന് തോന്നും. അജ്ഞാനം നശിച്ചാല്‍ ആത്മാവ് അന്തഃപ്രജ്ഞമോ ബഹിഃപ്രജ്ഞമോ അല്ലെന്ന് ബോധ്യമാകും. ആത്മാവിനെക്കുറിച്ച് തനിയോ ബോധമുണ്ടാകും. 'ഇതല്ല....ഇതല്ല' എന്ന് നിഷേധരൂപത്തില്‍ പറഞ്ഞ് നമ്മുടെ അറിവില്ലായ്മയെ നീക്കം ചെയ്യുകയാണ് ശ്രുതി ചെയ്യുന്നത്. ജ്ഞാനം തനിയേ ഉണ്ടാകും അത് അനുഭൂതിയാകും. ഉപാധികളുമായി ബന്ധപ്പെട്ട മൂന്ന് അവസ്ഥകളില്‍ സാക്ഷിയായും ഉപാധികളില്ലാതാവുമ്പോള്‍ സ്വസ്വരൂപത്തില്‍ വിളങ്ങുന്നതുമായ തുരീയന്‍ തന്നെ ആത്മാവ്. ഈ ആത്മാവിനെ നാം നേടുകതന്നെ വേണം.
തുരീയത്തിന്റെ ശ്രേഷ്ഠതയെ വിവരിക്കുന്ന എട്ട് കാരികാ ശ്ലോകങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ട്.  മറ്റ് മൂന്ന് അവസ്ഥകളില്‍ നിന്നും എപ്രകാരം തുരീയന്‍ മികച്ചുനില്‍ക്കുന്നുവെന്ന് ഇതില്‍ കാണാം. തുരീയനെ അറിഞ്ഞാല്‍ മായയാലുള്ള പ്രപഞ്ചത്തെ, ദ്വൈതാവസ്ഥയെ മറികടക്കാമെന്ന് വ്യക്തമാക്കുന്നു. 
സോയമാത്മാദ്ധ്യക്ഷരമോങ്കാരോളധിമാത്രം
പാദാമാത്രാ മാത്രാശ്ച പാദാ അകാര ഉകാരോ
മകാര ഇതി.
ഈ ആത്മാവ് അക്ഷരത്തെ അധികരിച്ച് ഓങ്കാരമാകുന്നു. മാത്രകളെ അധികരിച്ച് പാദങ്ങള്‍ മാത്രകളാകുന്നു. അകാരം, ഉകാരം, മകാരം എന്നീ മൂന്ന് പാദങ്ങളാകുന്നു.
ആത്മതത്വത്തെ അറിയാനാഗ്രഹിക്കുന്ന ഉത്തമന്‍മാരായവരും മധ്യമരായവരുമായ അധികാരികളെ ഉദ്ദേശിച്ചാണ് നാല് പാദങ്ങളോടുകൂടി ആത്മാവിനെ വിശദീകരിച്ചത്. ഇനി ജ്ഞാനത്തെ നേടാന്‍ അത്രയൊന്നും യോഗ്യതയില്ലാത്തവരായ അധമ അധികാരികളെ കൂടി പരിഗണിക്കുകയാണ് ഇവിടെ. അവര്‍ക്ക് ആത്മധ്യാനത്തിനായി ആത്മാവിന്റെ പ്രതീകമായ ഓങ്കാരത്തെ വിവരിച്ചുതരുന്നു. അതിനാലാണ് ആത്മാവ് അക്ഷരത്തെ അധികരിച്ച് അഥവാ ആശ്രയിച്ച് വര്‍ത്തിക്കുന്നുവെന്ന് പറഞ്ഞത്. 
ബ്രഹ്മം അഭിധേയ രൂപമാണ്. അതിനെ അഭിധാനമായി കണക്കാക്കുമ്പോള്‍ അത് ഓങ്കാരമാണ്. ആത്മാവിന് നാല് പാദങ്ങള്‍ പറഞ്ഞതുപോലെ ഓങ്കാരത്തിന് നാല് മാത്രകളുണ്ട്. പാദങ്ങള്‍ക്കും മാത്രകള്‍ക്കും തമ്മില്‍ താദാത്മ്യത്തെ കല്‍പ്പിച്ചിരിക്കുകയാണ്. നാലാമത്തെ പാദമായ തുരീയത്തിന് മറ്റ് മൂന്ന് പാദങ്ങളുമായി വ്യത്യാസം ഉള്ളതുപോലെ നാലാമത്തെ മാത്രയായ അമാത്രയ്ക്കും മറ്റ് മൂന്ന് മാത്രകളില്‍നിന്ന് വേറിട്ട നിലയാണ്. അതുകൊണ്ടാണ് ഇവിടെ ഓങ്കാരത്തിന് മൂന്ന് മാത്രകള്‍ എന്ന് പറഞ്ഞത്. അത് അ, ഉ, മ എന്നീ മൂന്ന് അക്ഷരങ്ങളാണ്. ഈ മൂന്ന് മാത്രകള്‍ക്കും മൂന്ന് പാദങ്ങളോട് പൊരുത്തമുള്ളതിനാലാണ് 'പാദാമാത്രാ മാത്രാശ്ച പാദാ' എന്ന് മന്ത്രത്തില്‍ പറഞ്ഞത്. മാത്രയും പാദവും ഒന്നുതന്നെ. ഓങ്കാരം തന്നെയാണ് ബ്രഹ്മം അവ തമ്മില്‍ വ്യത്യാസമില്ല. ഇങ്ങനെ പറഞ്ഞ് മന്ദ അധികാരികള്‍ക്ക് ആത്മാവിനെ പ്രതീക ധ്യാനം ചെയ്യാന്‍ സഹായിക്കുന്നു. ഓങ്കാരം സഗുണബ്രഹ്മത്തിന്റെ പ്രതീകമായും പറയാറുണ്ട്. നാലാമത്തെ അമാത്ര നിര്‍ഗുണ ബ്രഹ്മത്തേയും കുറിക്കുന്നു.
janmabhumi

No comments: