Saturday, February 24, 2018

ഇന്ത്യന്‍ ഫിലോസഫി എന്ന പ്രസിദ്ധ പുസ്തകമെഴുതിയ ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ പറയുന്നു- ഇന്ത്യന്‍ മനസ്സിന്റെ പ്രബലസ്വഭാവം ആധ്യാത്മിക പ്രവണതയായിരുന്നു. അതാണ് ഇന്ത്യയുടെ എല്ലാ സംസ്‌കാരത്തെയും ചിന്തകളേയും നിറം പിടിപ്പിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക ചരിത്രത്തിന്റെ അടിത്തറ ആധ്യാത്മിക അനുഭൂതിയാണ്. അത്, അതീന്ദ്രിയനായ ഒരു ദൈവം എന്ന നിലയ്ക്കല്ല, മറിച്ച് ആത്മസാക്ഷാത്കാരത്തിലേക്കു നയിക്കുന്ന തരത്തില്‍ മനുഷ്യസ്വഭാവത്തെ ചിട്ടപ്പെടുത്തുന്ന ഒരു അതീന്ദ്രിയ ശാസ്ത്രം (മിസ്റ്റിസിസം) ആണ്. 
അപ്പോള്‍, ഹിന്ദുദര്‍ശനങ്ങളുടെ പ്രധാന സവിശേഷത, മുകളില്‍കൊടുത്ത പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍, അവയുടെ ആധ്യാത്മിക അടിത്തറയാണ്. എസ്. രാധാകൃഷ്ണന്‍ കുറേക്കൂടി വ്യക്തമായി 'ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക ചരിത്രത്തിന്റെ അടിത്തറ ആധ്യാത്മിക അനുഭൂതിയാണ്' എന്നു സൂചിപ്പിച്ചതും നാം കണ്ടു. അതേ, ഹിന്ദുദര്‍ശനങ്ങളുടെ പ്രധാന സവിശേഷത ആധ്യാത്മിക അനുഭൂതി എന്ന അടിത്തറയാണ്. ഹിന്ദുവിന് എന്നോ കൈവിട്ടുപോയ ഈ യാഥാര്‍ത്ഥ്യം ഇനി നാം ഒരിക്കലും മറക്കരുത്.
നാം മനസ്സില്‍ വെക്കേണ്ട മറ്റൊരു സവിശേഷത ഹിന്ദുദര്‍ശനങ്ങളുടെ പരസ്പര സംവാദ രീതിയാണ്. ആല്‍ബര്‍ട്ട് ഷൈ്വസ്റ്റര്‍ എന്ന പ്രസിദ്ധ ജര്‍മ്മന്‍ തത്വചിന്തകന്‍ ഇതേപ്പറ്റി പറയുന്നത് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്- വ്യത്യസ്തതകളെ വൈരുദ്ധ്യങ്ങളായി കാണാതിരിക്കാനും, സമാന സ്വഭാവമില്ലാത്ത ആശയങ്ങളെ അന്യോന്യം തോളുരുമ്മി നിലനില്‍ക്കാന്‍ അനുവദിക്കുവാനും, അവയെ പരസ്പരം ബന്ധപ്പെടുത്താനും വേണ്ട ഇച്ഛാശക്തിയും കഴിവും, പ്രശംസനീയമായ തരത്തില്‍, ഉള്‍ക്കൊള്ളുന്ന ഒരു തത്ത്വചിന്താപദ്ധതിയുടെ വ്യക്തമായ വികാസരേഖകളെ വിശദീകരിക്കാനുള്ള വൈഷമ്യത്തെക്കുറിച്ച് ഞാന്‍ തികച്ചും ബോധവാനാണ് (ഇന്ത്യന്‍ തോട്ട് ആന്‍ഡ് ഇറ്റ്‌സ് ഡെവലെപ്‌മെന്റ്). 
ഇതാണ് ആ രീതി- ഒരു ദാര്‍ശനികന്‍ ഒരു വിഷയത്തില്‍ തന്റെ നിലപാട് അവതരിപ്പിക്കുന്നതിനു മുമ്പ് ആ വിഷയത്തെ സംബന്ധിച്ച്  ആ സമയം വരെയുള്ള മറ്റ് ഓരോ ദാര്‍ശനികന്റെയും നിലപാടുകള്‍ ഒന്നൊന്നായി അവതരിപ്പിക്കണം. ഇതിന് ശാസ്ത്രഭാഷയില്‍ പൂര്‍വ്വപക്ഷം എന്നു പറയുന്നു. അടുത്ത പടി അവയുടെ ന്യൂനതകള്‍ യുക്തിയുക്തം ചൂണ്ടിക്കാട്ടി ഖണ്ഡിക്കലാണ്. ഇതിനു പരമത ഖണ്ഡനം എന്നു പറയും. അടുത്തതായി സ്വമതം, ഉത്തരപക്ഷം, സ്വപക്ഷം അഥവാ സിദ്ധാന്തപക്ഷം ഉചിതമായ യുക്തികള്‍ ചൂണ്ടിക്കാട്ടി (മണ്ഡനം) സമര്‍ത്ഥിക്കണം.
തിസിസ്, ആന്റിതിസിസ്, സിന്തെസിസ് എന്ന കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കുന്ന തികച്ചും നിഷേധാത്മകമായ ഡയലറ്റിക്കല്‍ രീതിയിലല്ല ഈ വാദഗതി. ഇവിടെ സത്യാന്വേഷണത്തിനും സത്യത്തിന്റെ സാക്ഷാത്കാരത്തിനും ആയിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്. പരസ്പരം ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയും സ്വയം ആ ന്യൂനതകള്‍ പരിഹരിച്ചും യുക്തി, ഉദാഹരണം, എന്നിവയില്‍ ആവശ്യമായ പരിഷ്‌കരണം വരുത്തിയും (മുകളില്‍ വിവരിച്ച ശാസ്ത്രത്തിന്റെ രീതിപോലെ) മറ്റും ഈ ദര്‍ശനങ്ങള്‍ ഓരോന്നും കൂടുതല്‍  കൂടുതല്‍ സ്ഫുടമാക്കാന്‍ ഉതകുന്ന ഒരു ശൈലി, സമീപനം ആണ് സ്വീകരിച്ചു കാണുന്നത്.
ഈ ശൈലിയുടെ പ്രയോജനത്തെപ്പറ്റി സതീശ് ചന്ദ്ര ചാറ്റര്‍ജിയും  ധീരേന്ദ്രമോഹന്‍ ദത്തയും (ഇന്‍ട്രൊഡക്ഷന്‍ ടു ഇന്ത്യന്‍ ഫിലോസഫി, 1939,1944, 1948) ഇങ്ങനെ വിശദീകരിക്കുന്നു- ഇന്ത്യന്‍ ഫിലോസഫി, ഇക്കാര്യത്തില്‍, അതിന്റെ വീക്ഷണവിശാലത കൊണ്ട് വേറിട്ടു നില്‍ക്കുന്നു. ഇത് സത്യം കണ്ടെത്താനുള്ള അതിന്റെ അഭിവാഞ്ഛയെ വ്യക്തമാക്കുന്നു. വ്യത്യസ്ത ചിന്താപഥങ്ങളും അവയുടെ ചിലപ്പോള്‍ വളരെയേറെ ഭിന്നങ്ങളായ കാഴ്ച്ചപ്പാടുകളും ഉണ്ടായിരുന്നിട്ടും, ഒരു ദര്‍ശനവും മറ്റുള്ള ഓരോന്നിന്റെയും നിലപാടുകളെ സശ്രദ്ധം പഠിച്ച് മറ്റുള്ളവയ്ക്ക് എന്ത് പറയാനുണ്ടെന്ന് വ്യക്തമായി മനസ്സിലാക്കാതെ, അവയുടെ വാദങ്ങളെ എങ്ങനെ നേരിടാമെന്ന് കണ്ടെത്താതെ, ഒരു നിഗമനത്തിലെത്താന്‍ തിടുക്കം കാണിച്ചില്ല. ഈ മനോഭാവം സംവാദത്തിന്റെ ഒരു പ്രത്യേക രീതിശാസ്ത്രത്തിനു (മെത്തഡോളജി) രൂപം കൊടുത്തു.
vamanan

No comments: