Wednesday, February 28, 2018

ജൈനദർശനമനുസരിച്ച് ശരീരം, വാക്ക്, മനസ്സ് എന്നിവ വഴിയുള്ള പ്രവൃത്തികൾ കൊണ്ട് കർമ്മം എന്ന സാങ്കേതിക സംജ്ഞയുള്ള ഒരുതരം സൂക്ഷ്മദ്രവ്യം ഉത്പാദിപ്പിക്കപ്പെടുന്നു.
കര്‍മ്മങ്ങളെ നാലായി തരംതിരിച്ചിരിക്കുന്നു. ശുക്ലം, കൃഷ്ണം, ശുക്ലകൃഷ്ണം, അശുക്ലകൃഷ്ണം എന്നിവയാണവ. നല്ലത്, ചീത്ത, നല്ലതും ചീത്തയും ഇടകലര്‍ന്നത്, രണ്ടുമല്ലാത്തത് എന്നും പറയാം. അഹങ്കാരത്യാഗം, സംന്യാസം, ധ്യാനം മുതലായ ഫലേച്ഛ കൂടാതെയുള്ള പ്രവൃത്തികള്‍ ഈ നാലാമത്തേതില്‍ പെടും. കര്‍മ്മങ്ങളെ ഈ നാലാമത്തേ രീതിയില്‍ മാത്രം ചെയ്യാനുള്ള സ്വയംനിയന്ത്രണം കൈവന്ന ഒരാളിന് പിന്നെ സഞ്ചിതകര്‍മ്മം ഉണ്ടാകുന്നില്ല. അയാള്‍ക്ക് പ്രാരബ്ധകര്‍മ്മം അനുഭവിച്ചു തീര്‍ത്താല്‍ മാത്രം മതിയാകും. ഈ കാലയളവില്‍ അയാള്‍ക്ക് തത്വജ്ഞാനം കൂടി ഉണ്ടായാല്‍ സഞ്ചിതകര്‍മ്മങ്ങളെല്ലാം നശിക്കുകയും അശുക്ല കൃഷ്ണകര്‍മ്മങ്ങള്‍ മാത്രം ചെയ്യുന്നതിനാല്‍ പുതിയകര്‍മ്മഫലം ഉണ്ടാകാതെയുമിരിക്കും. ശേഷിച്ച പ്രാരബ്ധകര്‍മ്മങ്ങള്‍ കൂടി അനുഭവിച്ചുതീര്‍ത്താല്‍ പിന്നെ അയാള്‍ക്ക് സംസാരചക്രത്തില്‍ നിന്നും പൂര്‍ണ്ണമുക്തിയായി.
ജൈനദര്‍ശനമനുസരിച്ച്, ശരീരം, വാക്ക്, മനസ്സ് എന്നിവ വഴിയുള്ള പ്രവൃത്തികള്‍ കൊണ്ട് കര്‍മ്മം എന്ന സാങ്കേതിക സംജ്ഞയുള്ള ഒരുതരം സൂക്ഷ്മദ്രവ്യം ഉത്പാദിപ്പിക്കപ്പെടുന്നു. ഒരു വ്യക്തിയുടെ മോഹങ്ങള്‍ ഒരുതരം പശപോലെ ഈ കര്‍മ്മദ്രവ്യത്തെ ആകര്‍ഷിക്കുകയും ആ ദ്രവ്യം ആത്മാവില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു. അനന്തജന്മങ്ങളിലൂടെ ഇങ്ങനെ ആത്മാവിനുചുറ്റുമായി ഒട്ടിപ്പിടിച്ച സഞ്ചിത കര്‍മ്മദ്രവ്യത്തെ കര്‍മ്മശരീരം എന്നു വിളിക്കുന്നു. ഈ കര്‍മ്മദ്രവ്യം ക്രമേണ പാകമാകുമ്പോള്‍ വ്യക്തി തത്ഫലമായ സുഖദു:ഖങ്ങള്‍ അനുഭവിക്കുന്നു. ഇത്തരത്തില്‍ ചില കര്‍മ്മദ്രവ്യം അനുഭവത്തിലൂടെ ഒഴിഞ്ഞു പോയാലും തുടരെ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനാല്‍ സുഖദു:ഖങ്ങള്‍ അനുഭവിച്ചുകൊണ്ടേയിരിക്കും. ഈ ഒട്ടിപ്പിടിച്ചിരിക്കുന്ന കര്‍മ്മദ്രവ്യം ലെശ്യം എന്നുപറയുന്ന വെളുപ്പ്, കറുപ്പ്  എന്നിങ്ങനെയുള്ള നിറഭേദങ്ങള്‍ ആത്മാവിലുണ്ടാക്കുന്നു. ആ നിറഭേദങ്ങള്‍ ആത്മാവിന്റെ ലക്ഷണത്തെ സൂചിപ്പിക്കുന്നു. യോഗദര്‍ശനത്തിലെ ശുക്ലകൃഷ്ണകര്‍മ്മങ്ങള്‍ എന്ന ആശയം ഈ ജൈനകാഴ്ച്ചപ്പാടില്‍ നിന്നും സ്വീകരിച്ചതാകാമെന്നു ദാസ്ഗുപ്ത അനുമാനിക്കുന്നു.
  എപ്പോഴാണോ ഒരു വ്യക്തി മോഹങ്ങളില്‍ നിന്നും നിശ്ശേഷം അകലുകയും സദാചാര നിയമങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യുന്നത്, അപ്പോള്‍ അയാളുടെ കര്‍മ്മഫലം ക്ഷണനേരത്തേക്കുമാത്രം ഉണ്ടായി നിലനിന്ന് നശിക്കുന്നു. ആ യതിവര്യന്‍ മുമ്പുചെയ്ത കര്‍മ്മങ്ങളുടെ ഫലങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ അനുഭവിച്ച് തീരുന്നു. ധ്യാനം, പഞ്ചമഹാവ്രതങ്ങളുടെ കൃത്യമായ ആചരണം എന്നിവ കൊണ്ട്  പുതിയകര്‍മ്മം ഉണ്ടാകുന്നില്ല. അങ്ങനെ എല്ലാ കര്‍മ്മങ്ങളും നിശ്ശേഷം തീരുമ്പോള്‍  ആ വ്യക്തിയുടെ ലൗകികജീവിതത്തിനും അന്ത്യമാകും. ധ്യാനത്തിന്റെ ആ അവസാനപദത്തില്‍, എല്ലാ കര്‍മ്മങ്ങളുമൊടുങ്ങി, പ്രവൃത്തികളെല്ലാം നിലച്ച്, ആ ആത്മാവ് ദേഹം ഉപേക്ഷിച്ച്, പ്രപഞ്ചത്തിന്റെ ഏറ്റവും മുകളില്‍ ഇത്തരത്തിലുള്ള മുക്തന്മാര്‍ എന്നന്നേക്കുമായി വസിക്കുന്ന ഇടത്തില്‍ എത്തിച്ചേരുന്നു.
ബൗദ്ധദര്‍ശനവും ഈ കര്‍മ്മസിദ്ധാന്തം സംബന്ധിച്ച് ചില വ്യത്യസ്ത ഉള്‍ക്കാഴ്;കള്‍ മുന്നോട്ടു വെക്കുന്നുണ്ട്. അവയെപ്പറ്റി  ബൗദ്ധദര്‍ശനത്തെ വിവരിക്കുമ്പോള്‍ നമുക്കു മനസ്സിലാക്കാം. 
 മോക്ഷസിദ്ധാന്തം- സുഖദുഖങ്ങള്‍ പങ്കിടുന്നതില്‍ വ്യക്തികള്‍ക്കിടയില്‍ കാണുന്ന ഭിന്നാനുഭവങ്ങളുടെ കാരണം (കര്‍മ്മഫലം), വ്യക്തികളുടെ കര്‍മ്മങ്ങളും ഈ ലോകത്തു നടക്കുന്ന സംഭവങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന അജ്ഞേയമായ ഒരു അതീന്ദ്രിയ സത്ത (അപൂര്‍വം അഥവാ അദൃഷ്ടം) യാല്‍ ഉണ്ടാകുന്ന അനാദിയായ ജന്മപുനര്‍ജന്മചക്രം എന്നീ തത്ത്വങ്ങളില്‍ ദര്‍ശനങ്ങള്‍ തമ്മിലുള്ള അഭിപ്രായൈക്യം നാം കണ്ടു. ഇവയില്‍ മാത്രമല്ല, ഈ അനാദിയായ അനുഭവ പരമ്പരയ്ക്ക് ഒരു അവസാനം ഉണ്ട് എന്ന നിലപാടിലും ഇവ തമ്മില്‍ യോജിക്കുന്നു. ഈ അന്ത്യം തേടേണ്ടത് ഏതോ വിദൂരഭാവികാലത്തിലോ, മുകളിലെങ്ങോ ഉള്ളതായി കരുതുന്ന വിദൂരരാജ്യത്തോ അല്ല, മറിച്ച് നമ്മുടെ ~ഓരോരുത്തരുടേയും ഉള്ളില്‍ത്തന്നെയാണ്. കര്‍മ്മമാണ് നമ്മെ ഈ അനന്തചക്രത്തിലേക്കു നയിക്കുന്നത്. കര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വികാരങ്ങള്‍, ചിന്തകള്‍, മോഹങ്ങള്‍ എന്നിവയെ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ സുഖിക്കുകയോ, ദു:ഖിക്കുകയോ, പ്രവര്‍ത്തിക്കുകയോ, പുനര്‍ജനിക്കുകയോ ചെയ്യാത്ത കര്‍മ്മരഹിതനായ ആത്മതത്ത്വത്തെ നമ്മുടെ ഒരോരുത്തരുടെയും ഉള്ളില്‍ കാണാന്‍ കഴിയും.
അവസാനമില്ലാത്ത ഈ ലോകജീവിതത്തിന്റെ തിക്കും തിരക്കും അനുഭവിച്ചു മടുത്ത ഇന്ത്യക്കാര്‍ ഇതിന് എവിടെങ്കിലും സമാധാനം നിറഞ്ഞ ഒരു അവസാനം കണ്ടെത്താന്‍ കഴിയും എന്ന് ആഗ്രഹിച്ചു, കരുതി. അന്വേഷണത്തിനൊടുവില്‍ അവരെല്ലാവരും തന്നെ ആത്മാവ് എന്ന സത്തയില്‍ എത്തിച്ചേര്‍ന്നു എന്ന് ദാസ്ഗുപ്ത അനുമാനിക്കുന്നു. പ്രവൃത്തി, വികാരം, ചിന്തകള്‍ എന്നിവയില്‍ നിന്നും മുക്തനായ ഒരു ആത്മാവിനെ ഏതെങ്കിലും തലത്തില്‍ സാക്ഷാത്കരിക്കാന്‍ കഴിയും എന്ന വിശ്വാസം അവരെ ആത്മാവും ഈ പ്രപഞ്ചത്തിന്റെ ഘടകങ്ങളുമായുള്ള ബന്ധം കേവലം ബാഹ്യമോ, കൃത്രിമമോ, മിഥ്യ തന്നെയോ ആണെന്ന നിഗമനത്തിലെത്തിച്ചു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ദാസ്ഗുപ്ത തുടരുന്നു- ആത്മാവ് അതിന്റെ യഥാര്‍ത്ഥമായ അവസ്ഥയില്‍ നമ്മുടെ സാധാരണജീവിതത്തിന്റെ അഴുക്കുകള്‍ പുരളാത്തതാണ്. അനാദിയായ കര്‍മ്മചക്രത്തില്‍ നിന്നും പകര്‍ന്നു കിട്ടിയ അജ്ഞാനവും മോഹവും വഴിയാണ് അത് മലിനമായത്. ഈ അതീന്ദ്രിയാവസ്ഥയുടെ സാക്ഷാത്കാരമാണ് കര്‍മ്മം മൂലം ഉളവായ അനന്തമായ ജന്മപുനര്‍ജന്മ•ചക്രത്തിന്റെ അന്തിമലക്ഷ്യവും നേട്ടവും. ബൗദ്ധദാര്‍ശനികര്‍ ആത്മാവിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നില്ല. എങ്കിലും, കര്‍മ്മപ്രക്രിയയുടെ ഒടുക്കത്തെ സാക്ഷാത്കാരം നിര്‍വാണം എന്ന അന്തിമ വിലയത്തിലാണ് എന്നു തിരിച്ചറിഞ്ഞിരുന്നു.
(തുടരും..)...vamanan.

No comments: