Friday, February 23, 2018

ഇന്ത്യന്‍ ഉപഭൂഖണ്ഡം, വിശാലാര്‍ത്ഥത്തില്‍, ഒരൊറ്റ സാംസ്‌കാരിക പ്രദേശമാണ്. നൂറ്റാണ്ടുകളിലൂടെ ആശയങ്ങളും സ്ഥാപനങ്ങളും ആര്‍ടിഫാക്റ്റുകളും (മനുഷ്യര്‍ നിര്‍മ്മിച്ചതോ, പരിഷ്‌കരിച്ചതോ, ഉപയോഗിച്ചതോ ആയതും കൊണ്ടുനടക്കാവുന്നതുമായ വസ്തുക്കള്‍) നാടിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് തുടരെത്തുടരെ പ്രചരിച്ചുകൊണ്ടിരുന്നു. അവയുടെ ഈ സഞ്ചാരത്തില്‍ ഓരോ കാല്‍വെയ്പ്പിലും അവയ്ക്ക് പരിഷ്‌കാരങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. നാട്ടിലുടനീളം യാത്ര ചെയ്യുന്ന ഒരാള്‍ക്ക് തന്മൂലം പരിചിതമെന്നു തോന്നുന്ന വസ്തുക്കള്‍ അപ്രതീക്ഷിതമായ അപരിചിതത്ത്വങ്ങളേയും അപരിചിത വസ്തുക്കള്‍ മുന്‍പരിചയങ്ങളേയും വെളിവാക്കി എന്നുവരാം. ഇന്ത്യയുടെ ഏകാത്മതയേയും വൈവിധ്യത്തേയും ഒരേപോലെ എപ്പോഴും ഓര്‍മ്മയില്‍ നിലനിര്‍ത്തണം. അല്ലെങ്കില്‍, ഒരു ഗ്രാമമോ, ഗോത്രമോ ഒറ്റപ്പെട്ടവയാണെന്നു കരുതിപ്പോകാം. 
ഒരു പ്രത്യേക സമൂഹത്തെക്കുറിച്ചു പഠിക്കുമ്പോള്‍ ഇന്ത്യന്‍ചരിത്രം, സംസ്‌കാരം എന്നിവയേപ്പറ്റി മുഴുവന്‍ അറിഞ്ഞില്ലെങ്കിലും അവയുടെ പ്രാദേശിക ഭേദങ്ങളെപ്പറ്റിയെങ്കിലും അറിവു കൂടിയേ തീരൂ. പക്ഷേ ഇതും തെറ്റായ നിഗമനങ്ങളിലേക്ക് എത്തിച്ചേക്കാം. പ്രാദേശികചരിത്രവും സംസ്‌കാരവും സംബന്ധിച്ച പൊതുഅറിവുകള്‍ മാത്രം പലപ്പോഴും മതിയാകാതെ വരും. 
സത്യത്തില്‍, ഒരു ഗ്രാമത്തെക്കുറിച്ചോ, ചെറുപട്ടണത്തെക്കുറിച്ചോ, ഒരു ജാതിയെക്കുറിച്ചോ ഉള്ള പഠനം, ഇന്ത്യന്‍ സമൂഹം, സംസ്‌കാരം എന്നിവയുടെ ഒരു സമഗ്ര പഠനത്തിലേക്കുള്ള തന്ത്രപരമായ പ്രവേശന കവാടമാണ്. സമൂഹത്തിന്റെ പുസ്തകത്താളുകളില്‍ എഴുതപ്പെട്ട ചിത്രവും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യവും തമ്മില്‍ ദൃഢമായി താരതമ്യം ചെയ്തു മുന്നോട്ടുപോകാന്‍ ഇത് ഒരു യുവവിദ്യാര്‍ത്ഥിയെ നിര്‍ബന്ധിതനാക്കുന്നു. പരിപാവനങ്ങളായി കരുതുന്ന സാഹിത്യസഞ്ചയവും നിലവിലുള്ള സ്ഥാപനങ്ങളും തമ്മില്‍ ഇന്ത്യന്‍ചരിത്രത്തിലെ വിവിധ- അതായത് ഏതെങ്കിലും ഒരു പ്രത്യേക- കാലഘട്ടങ്ങളിലുള്ള ബന്ധം എന്താണ്? എന്ന പരമപ്രധാനമായ ചോദ്യവും ഇതു നമ്മുടെ മുമ്പാകെ ഉയര്‍ത്തുന്നു. പ്രാദേശിക ചരിത്രസംസ്‌കാരങ്ങളെക്കുറിച്ചു വര്‍ഷങ്ങളിലൂടെ നടത്തപ്പെട്ട കഠിന ഗവേഷണത്തിനു ശേഷമേ ഈ ചോദ്യത്തിനു തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയൂ.' എം.എന്‍. ശ്രീനിവാസന്‍ എന്ന പരിണിതപ്രജ്ഞനായ സോഷ്യോളജിസ്റ്റിന്റെ ഈ വാക്കുകള്‍ ഇനി മുന്നോട്ട് നമുക്ക് വഴി കാട്ടട്ടെ.
ഹിന്ദുദര്‍ശനങ്ങള്‍ പഠിക്കേണ്ടതിന്റെ ആവശ്യകതയെയും അതിന്റെ പ്രത്യേകതകളെയും  കുറിച്ച് പല പണ്ഡിതന്മാരും പല കാര്യങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുരേന്ദ്രനാഥ് ദാസ്ഗുപ്ത എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി, ഫിലൊസോഫിക്കല്‍ എസ്സേയ്‌സ് തുടങ്ങിയ ആധികാരിക കൃതികള്‍ എഴുതിയ വലിയ പണ്ഡിതനാണ്. അദ്ദേഹം പറയുന്നു- ഇന്ത്യയുടെ പ്രാചീന നാഗരികത കല, ശില്‍പം, സാഹിത്യം, മതം, ധര്‍മ്മം, ശാസ്ത്രം എന്നിങ്ങനെ ബഹുമുഖമായി വികാസം പ്രാപിച്ച ഒരു സമൂര്‍ത്ത ഏകകം ആയി അന്നത്തെ കാലത്ത് അറിയപ്പെട്ടിരുന്നു. എങ്കിലും ഇന്ത്യന്‍ ചിന്തയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം തത്വചിന്തയായിരുന്നു. പ്രായോഗികവും താത്ത്വികവുമായ എല്ലാ മഹനീയപരിശ്രമങ്ങളുടെയും അന്തിമലക്ഷ്യം അതായി കരുതപ്പെട്ടിരുന്നു. ഒരു വിശാലദേശത്ത് വാസമുറപ്പിച്ച പലതരക്കാരായ ജനവിഭാഗങ്ങളുടെ സങ്കീര്‍ണ്ണമായ തരത്തില്‍ വൃദ്ധി പ്രാപിച്ച സംസ്‌കാരത്തിന്റെ എല്ലാ ബാഹ്യവൈവിദ്ധ്യങ്ങളുടേയും നടുവില്‍ ഒരു ഏകോപനബിന്ദുവിനെ അതു പ്രതിനിധാനം ചെയ്തു. 
  വൈദേശികാക്രമണങ്ങളുടെ ചരിത്രത്തിലോ, പല കാലങ്ങളിലായി സ്വതന്ത്ര രാജ്യങ്ങള്‍ ഉയര്‍ന്നുവന്നതിലോ, ഏതെങ്കിലുമൊരു ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തിലോ അല്ല ഇന്ത്യയുടെ ഏകത തേടേണ്ടത്. അത്, അന്ത: സത്തയില്‍, മറ്റെന്തിനേക്കാളും ഉയര്‍ന്നതെന്നു കരുതിവന്ന ആധ്യാത്മികഅഭിലാഷങ്ങളായിരുന്നു; അധ്യാത്മനിയമങ്ങളോടു വിധേയത്വം പുലര്‍ത്തലായിരുന്നു.
 ഭൂമി കൈക്കലാക്കുകയും രാജനൈതിക യന്ത്രത്തെ നിയന്ത്രിക്കുകയും ചെയ്ത ഗ്രീക്കുകാരും, ഹൂണന്‍മാരും, സ്‌കിതിയന്മാരും, പഠാണികളും, മുഗളന്മാരും ഒരിക്കലും ജനമനസ്സിനെ ഭരിച്ചില്ല. ഈ രാജനൈതിക സംഭവങ്ങള്‍ കൊടുങ്കാറ്റുകളും ഋതുഭേദങ്ങളും പോലെ കേവലം പ്രാകൃതികമോ അതായത് ഭൗതികമോ ആയ പ്രതിഭാസങ്ങള്‍ മാത്രമായിരുന്നു. അവ ഒരിക്കലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആധ്യാത്മിക അന്ത:സത്തയെ ബാധിച്ചില്ല. കുറെ ശതകങ്ങളിലെ നിഷ്‌ക്രിയതക്കു ശേഷം ഇന്ത്യ വീണ്ടും സക്രിയമാകാന്‍ തുടങ്ങുകയാണെങ്കില്‍ അത് അവളുടെ പുരോഗതിയുടേയും നാഗരികതയുടേയും ഈ മൗലിക ഏകത കൊണ്ടാണ്; അല്ലാതെ മറ്റു രാജ്യങ്ങളില്‍ നിന്നും കടമെടുത്തേക്കാവുന്ന എന്തെങ്കിലും കൊണ്ടല്ല. 
അതുകൊണ്ട്, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രാധാന്യത്തേയും സാധ്യതകളേയും ആസ്വദിക്കാനാഗ്രഹിക്കുന്ന, അടുത്തറിയാനാഗ്രഹിക്കുന്ന, ഏതൊരാള്‍ക്കും ഇന്ത്യ വളര്‍ത്തിയ ഏറ്റവും നല്ലതും ഉയര്‍ന്നതുമായ എല്ലാറ്റിന്റെയും കേന്ദ്രമായ ഇന്ത്യന്‍ തത്ത്വചിന്തയുടെ ചരിത്രത്തെ വേണ്ടതുപോലെ ഉള്‍ക്കൊള്ളുക എന്നത് അനുപേക്ഷണീയമാണ്. ഇന്ത്യന്‍ സംസ്‌കാരവും തത്വചിന്തയും സ്വപ്‌നാടനവും ദുര്‍ഗ്രഹവും ആണെന്ന തരത്തിലുള്ള അഭിപ്രായങ്ങളുടെ പ്രചാരം വലിയ തോതിലുള്ള ദോഷം ഉണ്ടാക്കിക്കഴിഞ്ഞു. അതുകൊണ്ടും ഇന്ത്യക്കാരും മറ്റുള്ളവരും ഇന്ത്യന്‍തത്വചിന്തയുടെ ചരിത്രത്തിന്റെ യഥാര്‍ത്ഥമായ സ്വഭാവങ്ങളെ കൂടുതല്‍ കൂടുതല്‍ പരിചയപ്പെടേണ്ടതും ആ തത്ത്വചിന്തയുടെ സവിശേഷതകളെക്കുറിച്ച് ശരിയായ നിഗമനത്തിലെത്തേണ്ടതും അടിയന്തിരമായ ആവശ്യമാണ്.
അദ്ദേഹം തുടരുന്നു- ഇന്ത്യയെക്കുറിച്ചുള്ള ശരിയായ അറിവു നേടാനോ, ഇന്ത്യയുടെ പൂര്‍വകാലചിന്തകളുടെ രേഖ ഉണ്ടാക്കാനോ വേണ്ടി മാത്രമല്ല ഇന്ത്യന്‍ തത്വചിന്തയെ പഠിക്കേണ്ടത്. ആധുനികതത്വചിന്താരംഗത്ത് ഇപ്പോഴും വിവാദവിഷയങ്ങളായ മിക്ക പ്രശ്‌നങ്ങളും വ്യത്യസ്തരൂപങ്ങളില്‍ ഇന്ത്യന്‍ തത്വചിന്തകരുടെ ശ്രദ്ധയില്‍ വന്നുകഴിഞ്ഞതാണ്. അവരുടെ ചര്‍ച്ചകളും അവര്‍ നേരിട്ട പ്രതിസന്ധികളും പരിഹാരവും നമ്മുടെ കാലത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി വേണ്ടതുപോലെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ ആധുനികതത്വചിന്തയുടെ ഭാവിയിലെ പുന:സൃഷ്ടിയുടെ പാതയില്‍ അത് വെളിച്ചം വീശിയേക്കാം.
ഔട്ട്‌ലൈന്‍സ് ഓഫ് ഇന്ത്യന്‍ ഫിലോസഫി, എസന്‍ഷ്യല്‍സ് ഓഫ് ഇന്ത്യന്‍ ഫിലോസഫി തുടങ്ങിയ ഗ്രന്ഥങ്ങളെഴുതിയ പ്രശസ്തപണ്ഡിതനായ എം. ഹിരിയണ്ണയുടെ വാക്കുകള്‍ ശ്രദ്ധിക്കുക- ഇന്ത്യന്‍ തത്വചിന്ത യുക്തിക്കുമപ്പുറത്തേക്കു നോക്കുന്നു. കാഴ്ചപ്പാടിന്റെ ഈ പ്രത്യേകതയ്ക്കു കാരണമുണ്ട്. പാശ്ചാത്യനാടുകളിലേപ്പോലെ ആശ്ചര്യത്തില്‍ നിന്നോ കൗതുകത്തില്‍ നിന്നോ  അല്ല ഇന്ത്യന്‍ തത്വചിന്തയുടെ പിറവി. മറിച്ച്, അതു രൂപപ്പെട്ടത് ജീവിതത്തിലെ ധാര്‍മ്മികവും ഭൗതികവും ആയ ദുഷിപ്പിന്റെ സാന്നിധ്യം സൃഷ്ടിച്ച സമ്മര്‍ദ്ദത്താലുണ്ടായ ഒരു പ്രായോഗിക ആവശ്യം എന്ന നിലയ്ക്കായിരുന്നു. ഈ ദുഷിപ്പിനെ എങ്ങനെ നീക്കം ചെയ്യാം എന്നതായിരുന്നു ഇന്ത്യന്‍മനസ്സിനെ ഏറ്റവും കൂടുതല്‍ അലട്ടിയിരുന്നത്. എല്ലാ പദ്ധതികളിലും കാണുന്ന മോക്ഷം എന്നത്, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, ഇതിനെ  നീക്കിയ അവസ്ഥയാണല്ലോ.
vamanan

No comments: