Monday, February 26, 2018

Karuka

ശാസ്ത്രീയ നാമം :  Cynodon dactylon
സംസ്‌കൃതം :നീല ധ്രുവ, ധ്രുവ
തമിഴ്: അറുകന്‍ തില്ല്
എവിടെകാണാം : ഇന്ത്യയില്‍ ഉടനീളം. 
പുനരുത്പാദനം : തണ്ടില്‍ നിന്ന്. ദശപുഷ്പങ്ങളില്‍ ഒന്നാണ് കറുക. 
ഔഷധപ്രയോഗങ്ങള്‍:  കാലിലെ ആണിരോഗം മാറുന്നതിന് കറുക വേര്, മൂവില വേര് ഇതു രണ്ടും ചതയ്ക്കുക. ഇതില്‍ ചുക്കും വയമ്പും ഓരോ കഷ്ണം പകുതി ചുട്ടുകരിച്ച ശേഷം പൊതിഞ്ഞ് വീണ്ടും ചതച്ച് രാത്രിയില്‍ ആണിയുള്ള ഭാഗത്ത് വച്ചുകെട്ടുക. ഏഴ് ദിവസം തുടര്‍ച്ചയായി ഇപ്രകാരം ചെയ്താല്‍ ആണി രോഗം മാറും. കറുക നീരില്‍ മീറ( മുറു) പൊടിച്ചുചേര്‍ത്ത് തേനില്‍ ചാലിച്ച് ആണിയില്‍ വച്ചുകെട്ടുന്നതും നല്ലതാണ്.
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കറുക നീര് ദിവസം 20 മില്ലി വീതം കഴിക്കുക. നാഡീബലത്തിനും ബലക്ഷയം മാറുന്നതിനും ഇത് നല്ലതാണ്. 
കാലിലെ ചൊറിച്ചില്‍ മാറുന്നതിന് കറുക അരച്ച് തേയ്ക്കുന്നത് ഉത്തമം. കറുക സമൂലം കഷായം വച്ച് കുടിച്ചാല്‍ ജ്വര രോഗങ്ങള്‍ ശമിക്കും. ശ്വാസകോശത്തിലെ പാട മാറുന്നതിനും ഈ കഷായം നല്ലതാണ്. 
മുടികൊഴിച്ചില്‍ മാറാന്‍ എണ്ണ: കറുക നീര്- ആറ് ലിറ്റര്‍, പൂവാങ്കുറുന്നില നീര്- ഒരു ലിറ്റര്‍, മൂടില്ലാത്താളി നീര്- ആറ് ലിറ്റര്‍, ചെമ്പരത്തിപ്പൂവ് ഇടിച്ചുപിഴിഞ്ഞ നീര്- ആറ് ലിറ്റര്‍, തേങ്ങാപ്പാല്‍- ആറ് ലിറ്റര്‍, കാരെള്ള് എണ്ണ- ആറ് ലിറ്റര്‍. ഇതില്‍ ചന്ദനം, കയ്യുണ്യം, നീല അമരിയില, രാമച്ചം ഇവ ഓരോന്നും 100 ഗ്രാം വീതം കല്‍ക്കം ചേര്‍ത്ത് കാച്ചി തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ മാറും. കണ്ണിന് കുളിര്‍മ, നല്ല ഉറക്കം ഇവ കിട്ടും. 
ശീതപിത്തം( ശരീരത്തില്‍ വട്ടത്തില്‍ ചൊറിഞ്ഞ് തടിക്കുക) മാറുന്നതിന് കറുക നാമ്പ്, നറുനീണ്ടി കിഴങ്ങ്, ഇരട്ടിമധുരം, മുത്തങ്ങ ഇവ സമം തേങ്ങാപ്പാലില്‍ അരച്ച് തേച്ചാല്‍ മതിയാകും. 
ശരീരത്തിന് വണ്ണം വയ്ക്കുന്നതിന് കറുകപ്പുല്ല് സമൂലം ഉണക്കിയതും വാളന്‍പുളിയുടെ പുളിഞരമ്പ്( പുളിയില ഉരിഞ്ഞുകളഞ്ഞ ശേഷമുള്ളത്), അമുക്കുരം, നെല്ലിക്ക തൊണ്ട്, ഇവ സമൂലം പൊടിച്ച് അഞ്ച് ഗ്രാം വീതം നെയ്യില്‍ ചാലിച്ച് ദിവസം രണ്ട് നേരം മുപ്പത് ദിവസം കഴിക്കുക. 
കറുക വേര് ഉണക്കിപ്പൊടിച്ചത് മൂക്കിപ്പൊടിപോലെ വലിച്ചാല്‍ മൂക്കിലൂടെ രക്തം വരുന്നത്( രക്തപിത്തം മൂലം) ശമിക്കും. 
കറുക നീര് തുടര്‍ച്ചയായി ഏഴ് ദിവസം കുടിച്ചാല്‍ ആര്‍ത്തവം വരാത്തവര്‍ക്ക് ആര്‍ത്തവം ഉണ്ടാകും.
പ്രസവശേഷം പാല് നിറഞ്ഞ് സ്തനങ്ങള്‍ക്ക് നീരുവച്ചാല്‍ കറുകപ്പുല്ല്, തുമ്പ പൂവ്, കാരെളള്, മഞ്ഞള്‍ ഇവ സമം പശുവിന്‍ പാലില്‍ അരച്ച് തേച്ചാല്‍ നീര് ശമിക്കും. 

No comments: