Friday, November 09, 2018

സംസ്കൃത കളരി - 3

 കളരി - 1ലും 2 ലും പഠിച്ചത് ഒന്നടുക്കി വയ്ക്കണം.  മനസ്സിലും നോട്ബുക്കിലും. ഇംഗ്ലീഷ് ഗ്രാമറിൽ person എന്നു കേട്ടിട്ടില്ലേ?
1st person, 2nd person, 3rd person ? മലയാളത്തിൽ പുരുഷൻ എന്നു പറയും.
ഉത്തമപുരുഷൻ, മദ്ധ്യമപുരുഷൻ, പ്രഥമപുരുഷൻ. ഇംഗ്ലീഷിലേ 3rd person മലയാളത്തിൽ പ്രഥമപുരുഷനും 1st person ഉത്തമപുരുഷനുമാണെന്നു മാത്രം. 2nd person മദ്ധ്യമ പുരുഷനും. സംസ്കൃതത്തിലും മലയാളത്തിലും ഒരു പോലെ തന്നെ.
അഹം, ആവാം, വയം (ഞാൻ, ഞങ്ങൾ രണ്ട്, ഞങ്ങൾ)   --  ഉ. പുരുഷൻ
ത്വം, യുവാം, യൂയം.   --  മ. പുരുഷൻ
സഃ , ബാലഃ , വൃക്ഷഃ., തുടങ്ങി മറ്റെല്ലാ നാമ, സർവനാമങ്ങളും. --  പ്ര. പുരുഷൻ.
   അങ്ങനെ പുരുഷന്മാർ. --  3
പ്രഥമ, മധ്യമ, ഉത്തമ.
  ഓരോ പുരുഷനും മൂന്നു വചനങ്ങൾ
(ഏക, ദ്വി, ബഹു വചനങ്ങൾ)
     ഈ പുരുഷൻന്മാരോടും വചനങ്ങളോടും പൊരുത്തപ്പെടാൻ
3×3=9 ക്രിയാരൂപങ്ങൾ. ആ രൂപങ്ങളുടെ അവസാനത്തെ അക്ഷരങ്ങൾ നാം പ്രത്യേകം മനസ്സിലാക്കിയിട്ടുണ്ടല്ലോ.  അവയെ ഒരു പട്ടിക രൂപത്തിലാക്കിയാൽ (table) :--
                   ഏ.വ.       ദ്വി.വ         ബ.വ
പ്ര.പു:          തി             തഃ            അന്തി
മ.പു:            സി            ഥഃ            ഥ
ഉ.പു:             മി             വഃ            മഃ
             ഈ അക്ഷരങ്ങൾക്ക് പ്രത്യയങ്ങൾ (suffix) എന്നു പറയും. പുരുഷനോടു യോജിക്കേണ്ടതാകയാൽ പുരുഷ പ്രത്യയമെന്നു മുഴുവൻ പേര്.
    ക്രിയയിൽനിന്ന് പ്രത്യയം നീക്കിയാൽ കിട്ടുന്നതു ആ ക്രിയയുടെ മൂല രൂപം അഥവാ ധാതു. തിരിച്ചു പറഞ്ഞാൽ ധാതുവിൻറെ കൂടെ പ്രത്യയം ചേർന്ന് ക്രിയാരൂപങ്ങളുണ്ടാകുന്നു.
ധാതു= root of a verb
    പുരുഷൻ, വചനം, ധാതു, പ്രത്യയം...  ഈ സാങ്കേതിക പദങ്ങൾ ബുദ്ധിമുട്ടായോ?
ഭാവി പാഠങ്ങൾ പഠിക്കാൻ ഈ പദങ്ങൾ വളരെ സഹായകമാകും.
    മേൽ പറഞ്ഞ പ്രത്യയങ്ങൾ ഉപയോഗിച്ച് പഠ് (പഠിക്കുക, വായിക്കുക) ധാതുവിൻറെ 
9 രൂപങ്ങൾ ഉണ്ടാകുന്നതു മനസ്സിലാക്കിയിട്ട് കളരി 3 അവസാനിപ്പിക്കാം.
                 ഏ.വ.     ദ്വി.വ            ബ.വ 
പ്ര.പു:     പഠതി      പഠതഃ        പഠന്തി
മ.പു:       പഠസി     പഠഥഃ         പഠഥ
ഉ.പ:         പഠാമി     പഠാവഃ       പഠാമഃ
           ഇതുപോലെ അറിയാവുന്ന മറ്റു ധാതുക്കളുടെ രൂപങ്ങളും എഴുതി ശീലിക്കുക. (ലിഖ്, വദ്, ചല്, ഖാദ്, പത്, ക്രീഡ് തുടങ്ങിയവ).
pradikshanam.

No comments: