Friday, November 09, 2018

സംസ്കൃത കളരി - 4 

      ധാതുക്കളോട് തി, തഃ, അന്തി തുടങ്ങിയ പ്രത്യയങ്ങൾ ചേർത്താണു ക്രിയാപദങ്ങളുണ്ടാക്കുന്നതെന്നാണു നാം കണ്ടത്. എന്നാൽ ഈ പ്രത്യയങ്ങൾ എല്ലാ ധാതുക്കളോടും ചേരുകയില്ല.  
      ഉദാഹരണത്തിന്, ഭാഷ്(സംസാരിക്കുക),
വന്ദ്(വന്ദിക്കുക) എന്നീ ധാതുക്കളോടു  ' തി' ചേർത്ത് ഭാഷതി, വന്ദതി എന്നു പറയുകയില്ല. അവയോട് 'തേ' എന്ന പ്രത്യയം ചേർത്ത് ഭാഷതേ, വന്ദതേ എന്നാണു പറയേണ്ടത്. 
       അപ്പോൾ രണ്ടു തരം ധാതുക്കളുണ്ട്, തി ചേരുന്നവയും തേ ചേരുന്നവയും.  ആദ്യത്തെ വിഭാഗത്തിനു പരസ്മൈ പദിയെന്നും രണ്ടാമത്തേതിന് ആത്മനേപദിയെന്നും പേരുകൾ.
         പരസ്മൈപദ ധാതുക്കളോട് പരസ്മൈ പദ പ്രത്യയങ്ങളായ തി, തഃ അന്തി etc ചേരുന്നു.   ആത്മനേപദികളോടു ചേരുന്ന ആത്മനേപദ പ്രത്യയങ്ങൾ ഇവയാണ്.
                        ഏ.വ.         ദ്വി.വ.       ബ.വ
      പ്ര.പു.          തേ           ഇതേ     അന്തേ
       മ.പു.           സേ          ഇഥേ      ധ്വേ
       ഉ.പു.            ഇ            വഹേ      മഹേ
ഉദാ:--ഭാഷ് ധാതു (ഭാഷതേ=സംസാരിക്കുന്നു)
     ഭാഷതേ      ഭാഷേതേ      ഭാഷന്തേ
     ഭാഷസേ      ഭാഷേഥേ      ഭാഷധ്വേ
      ഭാഷേ          ഭാഷാവഹേ  ഭാഷാമഹേ
    മുദ് - മോദതേ(സന്തോഷിക്കുന്നു)
    ലഭ് - ലഭതേ (ലഭിക്കുന്നു)
    സഹ് - സഹതേ (സഹിക്കുന്നു)
    യാച് - യാചതേ (യാചിക്കുന്നു)
    യത് - യതതേ (പ്രയത്നിക്കുന്നു)
     വന്ദ് - വന്ദതേ (വന്ദിക്കുന്നു)
  മറ്റു രൂപങ്ങൾ ഭാഷ് പോലെ എഴുതുക.
  ബാലാഃ മോദന്തേ.  ത്വം സഹസേ.
അഹം വന്ദേ.  യാചകാഃ യാചന്തേ.  യൂയം ലഭധ്വേ.  ഇങ്ങനെയുള്ള ലഘു വാക്യങ്ങളും ഉണ്ടാക്കി പഠിക്കുക.
       ഇനി മൂന്നാമത് ഒരു വിഭാഗം ധാതുക്കളുണ്ട്.  അവയോട് നാം പഠിച്ച രണ്ടു തരം പ്രത്യയങ്ങളും ചേരും. ഭജ് (ഭജിക്കുക).
ഭജതി എന്നോ ഭജതേ എന്നോ നമ്മുടെ ഇഷ്ടം പോലെ പറയാം. രണ്ടും ശരിയാണ്.
അഹം ഭജാമി, അഹം ഭജേ , രണ്ടും ശരി.
ഇങ്ങനെയുള്ള ധാതുക്കളെ ഉഭയപദികൾ എന്നു പറയുന്നു.  ഇവയുടെ പരസ്മൈപദ രൂപങ്ങൾ പഠതി,പഠതഃ etc പോലെയും ആത്മനേപദ രൂപങ്ങൾ ഭാഷതേ, ഭാഷേതേ etc പോലെയും കണ്ടു കൊള്ളണം.
പച് - പചതി,പചതേ(പാകം ചെയ്യുന്നു)
ധാവ് - ധാവതി, തേ (ഓടുന്നു)
യജ് - യജതി, തേ (യജ്ഞം ചെയ്യുന്നു)
വഹ് - വഹതി, തേ (വഹിക്കുന്നു)
ഇവയെല്ലാം ഉഭയപദികൾക്കുദാഹരണങ്ങൾ.
     മേൽ ധാതുക്കൾ മലയാളത്തിലും ഉപയോഗത്തിലുള്ളവയാകയാൽ അർത്ഥം ഓർക്കാൻ പ്രയാസമില്ല.
    മൂന്നു വാക്കുകൾ: പരസ്മൈപദം, ആത്മനേപദം, ഉഭയപദം - ഓർത്തിരിക്കണം.
     ഈ പാഠം ആവർത്തിച്ചു വായിക്കണം.  

പരസ്മൈ/ആത്മനേ/ഉഭയപദി

No comments: