Thursday, November 01, 2018

*രാസലീല 55*
വീണ്ടും പുറമേക്ക് നോക്കി ഹരിയെ അന്വേഷിക്കുന്നപോലെ

പുന: പുളിനമാഗത്യ കാളിന്ദ്യാ: കൃഷ്ണ ഭാവനാ:

ഇവിടെ ഭാവന യാണ് മുഖ്യം. ഭാവന ചെയ്താലേ കൃഷ്ണനെ അനുഭവിക്കാൻ പറ്റുള്ളൂ.

അഭാവയത ശാന്തി.

ശാന്തി ന്നാ ആത്മാനുഭവം എന്നർത്ഥം. ഭാവനയില്ലാത്തവന് ശാന്തി ഇല്ല.

 പുന പുളിനമാഗത്യ

 യമുനാപുളിനത്തിലേക്ക് വന്ന്

 കാളിന്ദ്യാ: കൃഷ്ണ ഭാവനാ: സമവേതാ: ജഗു: കൃഷ്ണം

എല്ലാരും കൂടെ കൂടി ച്ചേർന്ന് നാമസങ്കീർത്തനത്തിന് കൂടിച്ചേരാം.

 തദാഗമനകാങ്ക്ഷിതാ:

വരുമ്പോ തനിയെ തനിയെ വന്നു. ആരും അറിയാതെ വന്നു. ഇപ്പൊ ഹരി അപ്രത്യക്ഷമായപ്പോ കൂടിച്ചേർന്ന്

കൃഷ്ണം തദാഗമനകാങ്ക്ഷിതാ.

കൃഷ്ണൻ വരുന്നതുവരെ സങ്കീർത്തനം ചെയ്യാം. എന്ന് തീരുമാനിച്ചു.

ജയതി തേഽധികം ജന്മനാ വ്രജ:
ശ്രയത ഇന്ദിരാ ശശ്വദത്ര ഹി
ദയിത ദൃശ്യതാം ദിക്ഷു താവകാ:
ത്വയി ധൃതാസവസ്ത്വാം വിചിന്വതേ

ഇവിടം തൊട്ടു ഗോപികാ ഗീതം ആണ്. സർവ്വസംഗപരിത്യാഗികളായ ഗോപികകൾ യമുനാപുളിനത്തിൽ വന്ന് കൃഷ്ണനെ വിളിക്കാണ്. ഭഗവാനെ സ്മരിച്ചു കൊണ്ട് ഭഗവാൻ എങ്ങനെ ഒക്കെ അവർക്ക് അനുഗ്രഹം ചെയ്തുവോ ഭഗവാനെ അവർ ഏതൊക്കെ വിധത്തിൽ അനുഭവിച്ചുവോ അതൊക്കെ സ്മരിക്കുകയാണ്. ഭക്തിക്ക് അതാണ് മാർഗ്ഗം. മനസ്സില്ലാതാവലാണ് കൃഷ്ണാനുഭവം. ആ കൃഷ്ണാനുഭവം നഷ്ടപ്പെട്ടു വീണ്ടും മനസ്സ് പൊന്തുമ്പോ മനസ്സിൽ ഭഗവദ് സ്മരണയെ കൊണ്ട് വന്ന് പ്രാർത്ഥിക്കുകയാണ് ഭക്തി.

ജയതി തേഽധികം ജന്മനാ വ്രജ
ശ്രയത ഇന്ദിരാ ശശ്വദത്ര ഹി
ദയിത ദൃശ്യതാം ദിക്ഷു താവകാ
ത്വയി ധൃതാസവസ്ത്വാം വിചിന്വതേ
ശരദുദാശയേ സാധുജാതസത്-
സരസിജോദരശ്രീമുഷാ ദൃശാ
സുരതനാഥ തേഽശുല്കദാസികാ
വരദ നിഘ്നതോ നേഹ കിം വധ:
വിഷജലാപ്യയാദ്വ്യാള രാക്ഷസാ
ദ്വർഷമാരുതാദൈദ്യുതാനലാത്
വൃഷമയാത്മജാദ്വിശ്വതോഭയാ
ദൃഷഭ തേ വയം രക്ഷിതാ മുഹു:

'ജയതി' ഗോപികാ ഗീതം ആരംഭിക്കുന്നത് ജയതി എന്ന് പറഞ്ഞു കൊണ്ടാണ്. ഭഗവാനേ എപ്പഴാ ജയം ഉണ്ടാവണത്.
തേ ജന്മനാ
ഹൃദയത്തിൽ എപ്പോ ഭഗവാൻ ജനിക്കുന്നുവോ അപ്പോ നമുക്ക് ജീവിതം ജയമായി. നമ്മള് ജയം ന്ന് വിചാരിക്കുന്നത് ഒക്കെ തന്നെ പരാജയം ആണ്. എല്ലാത്തിനും പതർച്ച ണ്ട്. തകർച്ച ണ്ട്. സക്സസ് അകമേയാണ്.  സക്സസ് ഗീതയിലൂടെ അങ്ങനെ നോക്കിയാൽ ശ്രീകൃഷ്ണ ഭഗവാനേ സക്സസ്ഫുൾ അല്ല. കൃഷ്ണൻ വിചാരിച്ചിട്ട് യുദ്ധം ഒഴിവാക്കാൻ പറ്റിയില്ല. ദ്വാരകയിലെ തന്റെ ആളുകളെ തന്നെ പിടിച്ചു നിർത്താൻ പറ്റിയില്ല. ഒക്കെ തമ്മില് തല്ലി. അതൊക്കെ കണ്ടിട്ടും മന്ദഹസിച്ചൂ കൊണ്ട് സന്തോഷമായി യാതൊന്നും തന്നെ ബാധിക്കാതെ സ്വയം യാതൊരു കർമ്മത്തിലും ബന്ധപ്പെടാതെ സർവ്വസ്വതന്ത്രനായി നിന്ന് ഭഗവാൻ കാണിച്ചു തന്നു വല്ലോ. അതാണ് സക്സസ്. അന്തരംഗത്തിലുള്ള ശാന്തി ആണ് സക്സസ്. ഉള്ളിലുള്ള ധ്യാനമാണ്. തൃപ്തി ആണ്. അതാണ് ജയംന്ന് പറയണത്. ആ ജയം എപ്പോ വരും. വ്യക്തിത്വരൂപമായ അഹങ്കാരത്തിന്റെ നാശത്തിലാണ് ജയം വരുന്നത്. ആ വ്യക്തിത്വരൂപമായ അഹങ്കാരമാവട്ടെ ഭഗവദ് ഭക്തി ഉള്ളില് ഉദിക്കുമ്പഴേ പോവുള്ളൂ. എപ്പോ കൃഷ്ണൻ ജനിച്ചുവോ അപ്പോ എനിക്ക് ജയം ഉണ്ടായി. ഭഗവാൻ ഹൃദയത്തിൽ ആവിർഭവിക്കുമ്പോ ദിവ്യത്വം ഹൃദയത്തിൽ പ്രകാശിക്കും. എന്താന്ന്വാച്ചാൽ ആത്മസ്വരൂപം തന്നെ ദിവ്യമാണ്. ഭഗവാന്റെ ആവിർഭാവത്തിൽ ഹൃദയത്തിൽ അജ്ഞാനം നീങ്ങും. അജ്ഞാനമാണ് എല്ലാ ദോഷത്തിനും കാരണം. അജ്ഞാനം കൊണ്ടാണ് മനസ്സ് പ്രവർത്തിക്കുന്നത്. അജ്ഞാനം കൊണ്ടാണ് ഞാൻ ജീവനാണെന്നും ശരീരമാണെന്നും ഒക്കെ ഭ്രമം ഉണ്ടാവണത്. അജ്ഞാനം പോകുമ്പോ ശരീരമോ മനസ്സോ ബുദ്ധിയോ അഹങ്കാരമോ വാസ്തവമല്ലെന്നും നിത്യശുദ്ധബുദ്ധമുക്തസ്വരൂപമായ ആത്മാവ് മാത്രമേ ഉള്ളുവെന്നും ഉള്ള ബോധം ഹൃദയത്തില് ഉദിക്കും. ആ ബോധം ഉദിക്കലാണ് ജയം.
ശ്രീനൊച്ചൂർജി
 *തുടരും. ...*

No comments: