Tuesday, November 20, 2018

ഇല്ലത്തുനിന്നും ഇറങ്ങിയവർ
"ഇല്ലത്തുനിന്നും ഇറങ്ങി, അമ്മാത്തൊട്ടെത്തിയതുമില്ല" എന്ന പ്രയോഗം പ്രസിദ്ധമാണല്ലോ. എന്തോ ഔത്സുക്യത്താലോ, ഏതോ പ്രേരണയാലോ ആത്മീയമാർഗ്ഗത്തിലേക്കിറങ്ങിയവർ പാതിവഴിക്കെത്തി അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന രീതിയിൽ നദിയുടെ ഒത്ത നടുക്കെത്തി ഒന്നും ചെയ്യാനാവാതെ കുഴഞ്ഞുനിൽക്കുന്നു. ഭക്തിയുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്, ജപമുണ്ടോ; ഉണ്ട്, സാധനാനുഷ്ഠാനങ്ങൾ ഉണ്ടോ; ഉണ്ട്, ശ്രവണം ഉണ്ടോ; ഉണ്ട്, ധ്യാനമുണ്ടോ അതും ഉണ്ട്... എന്നാൽ കിട്ടേണ്ടത് കിട്ടിയില്ല, എത്തേണ്ട കര എത്തിയില്ല. നമുക്കറിയാത്ത എന്തോ ഒരു വലിയ തടസ്സം ഒരു വന്മതിൽ പോലെ ഇതിനും അതിനും ഇടയിൽ വന്നുനിൽക്കുന്നു; ആ തടസ്സമെന്തെന്നു അറിയാൻ പറ്റുന്നില്ല, അതൊട്ടു മാറ്റാനും കഴിയുന്നില്ല. അതിനും അപ്പുറത്ത് 'വസ്തു' ഉണ്ട് എന്നറിയാം; പക്ഷേ, ഇപ്പറഞ്ഞ തടസ്സം മൂലം കാണാൻ പറ്റുന്നില്ല. ഒരു യുവതി കാമുകന്റെ കൂടെ ഇറങ്ങിത്തിരിച്ചു, കാമുകനാവട്ടെ യുവതിയുടെ ചാരിത്ര്യം കവർന്നെടുത്തുകൊണ്ട് ഉപേക്ഷിച്ചു; ഈ അവസ്ഥയാണ് പാതിവഴിയിൽ ഒന്നും ചെയ്യാനാവാതെ നിൽക്കുന്നവരുടേത്.
എന്താവാം 'അനുഭവം' ഏർപ്പെടാത്തതിനു കാരണം? ഒരു കാര്യം ആദ്യമേ തന്നെ മനസ്സിലാക്കുന്നത് നല്ലത്. എന്തെങ്കിലുമൊക്കെ അറിയൽ അല്ല ആത്മീയത; സാധന ചെയ്യലോ ഭജനം ചെയ്യലോ മന്ത്രം ഉരുവിടുന്നതോ ഒന്നും തന്നെ ആത്മീയത അല്ല. സകല അറിവുകളുടെയും അറിവായി വിളങ്ങുന്ന 'എന്തോ ഒന്നിനെ' (തന്നെ) അനുഭവിച്ചറിഞ്ഞ് അതിൽ അതായിരിക്കൽ ആണ് ആത്മീയത. ഇവിടെയാണ് യാത്രയുടെ പൂർത്തീകരണം.
ആദ്യം തന്നെ മുകളിൽ പറഞ്ഞ ഭക്തി, ജപം, പ്രാർത്ഥന, സാധന, ധ്യാനം... ഇതൊക്കെ ആത്മാർത്ഥതയോടെയാണോ ചെയ്യുന്നത് എന്നുറപ്പുവരുത്തുക. എല്ലാറ്റിനും മേലെ അവശ്യം വേണ്ടത് സത്യത്തെ മറനീക്കി പലർക്കും കാണിച്ചുകൊടുത്ത ഗുരുപരമ്പരയോടുള്ള സംശയലേശമില്ലാത്ത, ആത്മാർത്ഥമായ അടക്കവും ഭക്തിയും വിശ്വാസവുമൊക്കെ ആണ്. ശക്തമായ ഈ അടിത്തറയിൽനിന്നുകൊണ്ടു വേണം ആനന്ദമെന്ന മനോഹരമായ ഒരു വീട് കെട്ടിയുയർത്താൻ. ഭക്തി എന്നുപറഞ്ഞാൽ, അതിന്റെ ഒരു വശം ഈയൊരു ആരാധനയും അടക്കവുമൊക്കെയാണ്, മറുവശം അവർ കാണിച്ചുകൊടുത്ത സത്യത്തെ പ്രാപിക്കണമെന്നുള്ള അഗാധമായ അഭിവാഞ്ജയും, അതിനോടുള്ള പ്രേമവും.
പിന്നെ വേണ്ടത് സത്യത്തെ കാണിച്ചുതരാൻ പര്യാപ്തമെന്നുറപ്പുള്ള ഒരു പരമ്പരയിൽ അധിഷ്ഠിതമായ ഒരാചാര്യനെ തനിയ്ക്ക് വഴികാട്ടാനായി തിരഞ്ഞെടുക്കലാണ്. ഒരു സ്ഥലത്തേക്കുപോകുന്ന അനേകം വാഹനങ്ങളുണ്ടാവാം; എന്നാൽ അങ്ങോട്ടുപോകുന്ന ഏറ്റവും യോജിച്ച ഏതെങ്കിലും ഒരു വാഹനത്തിൽ കയറിയിരിക്കാനേ ഒരാൾക്ക് സാധിക്കൂ. എല്ലാ വാഹനത്തിലും കയറിയിരിക്കുക എന്നത് അസംഭവ്യമാണ്; യാത്ര എങ്ങും എത്തിച്ചേരുകയില്ല. ആചാര്യവചനങ്ങളെ (ശ്രവണം) ശിരസ്സാ വഹിച്ചുകൊണ്ടുവേണം മുന്നോട്ടു അടിവച്ചടിവച്ചു നടക്കാൻ. ശ്രവണം മാത്രം പോരാ; സത്സംഗത്തിൽ കേട്ടതിനെ സമയം കിട്ടുമ്പോഴൊക്കെ നിരന്തര മനനം ചെയ്ത് ആന്തരികാർത്ഥം ബോധ്യപ്പെടണം. പിന്നെ നിദിധ്യാസനം എന്ന കല; അത് ആചാര്യനിൽനിന്നും ശ്രവിച്ച പരമമായ സത്യത്തെ സ്വാനുഭവത്തിൽ കൊണ്ടുവരാനുള്ള നിരന്തര പരിശീലനം ആണ്. ഇതിനെ ധ്യാനം എന്നു വിളിക്കാം.
ഇങ്ങനെ ശ്രവണവും മനനവും ധ്യാനവുമൊക്കെ ഒരേ യന്ത്രത്തിന്റെ പല ഭാഗങ്ങൾ കണക്കെ, അവയെ മൂന്നിനേയും ഒരുമിച്ച് കൂട്ടിയോജിപ്പിച്ചുകൊണ്ട് സശ്രദ്ധയോടെ മുന്നേറിയാൽ മാത്രമേ ലക്‌ഷ്യം കാണുകയുള്ളൂ. ഭഗവദ്പാതയിൽ ഇറങ്ങിത്തിരിച്ച ഒട്ടുമിയ്ക്ക ആളുകളും പാതിവഴിയിലെത്തി ഒന്നും ചെയ്യാൻ കഴിയാതെ തരിച്ചിരിക്കേണ്ടിവരുന്നതിനു കാരണം പരസ്പരം യോജിപ്പിച്ചുകൊണ്ടുപോകാത്ത ശ്രവണ-മനന-ധ്യാന പദ്ധതികൾ മൂലമാണ്. ഇതിനെല്ലാം പുറകിൽ, "എനിയ്ക്കു ഭഗവാനെ വേണം" ആത്മാർത്ഥമായ ഒരുറപ്പ് അവശ്യമായും വേണം. പലരും ശ്രവണം ചെയ്യും, മനനവും ഒരുവിധം നടന്നെന്നു വരും; എന്നാൽ അതിനെ ഉള്ളിൽ ഉറപ്പിക്കാനുള്ള പദ്ധതിയായ ധ്യാനത്തിൽ വേണ്ടപോലെ ശ്രദ്ധ പതിപ്പിക്കുകയില്ല. ഒന്നുകിൽ ധ്യാനം ഒട്ടും ഉണ്ടാവില്ല, അല്ലെങ്കിൽ അതു ശരിയായ പാതയിലായിരിക്കുകയില്ല. 'സ്വരൂപ ശ്രദ്ധ'യാണ് ധ്യാനം എന്നുതന്നെ ഒട്ടുമിയ്ക്കവർക്കും അറിയുകയുമില്ല.
വേണ്ടവിധത്തിൽ സാധകൻ ചലിച്ചില്ലെങ്കിൽ പൂർണ്ണമായും നദി കടക്കാൻ പറ്റുകയില്ല; ഒരുപാട് അലയേണ്ടതായി വരും. ഇല്ലത്തുനിന്നും ഇറങ്ങുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയതുമില്ല. ഇവിടെ സാധകന്റെ 'ആത്മാർത്ഥത' നല്ലപോലെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അതിനു സാധകൻ തന്നെ തുനിഞ്ഞിറങ്ങുകയും വേണം. കാരണം, തന്റെ പോരായ്മകളെ നല്ലപോലെ അറിയാവുന്നത് സാധകന് മാത്രമാണ്. പോരായ്മകളെ തിരുത്തി മുന്നേറേണ്ടതും സാധകൻ തന്നെയാണ്.

No comments: