Thursday, November 01, 2018

ഇതിനു മുമ്പ് ഇത് ഇവിടെ ആരെങ്കിലും പറഞ്ഞിട്ടുണ്ടൊ എന്നറിയില്ല എങ്കിലും എത്ര കേട്ടാലും മതിവരാത്ത മഹാഭാരതത്തിലെ ചില സംഭവങ്ങൾ!

കുരുപാണ്ഡവയുദ്ധം നടക്കുകയാണ്. കൗരവപക്ഷത്ത് വളരെയധികമായിരുന്നു ആള്‍നാശം. ഉറ്റവരും ഉടയവരും ജീവന്‍ വെടിഞ്ഞു കിടക്കുന്ന കാഴ്ച ദുര്യോധനനെ നടുക്കി. ഇങ്ങനെ പോയാല്‍..! ആലോചിക്കുമ്പോള്‍ തന്നെ വേവലാതി കൂടുകയാണ്.

‘അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്’ എന്നാണല്ലൊ. ഇവിടെ, അമ്മ, ഗാന്ധാരി നിസ്സഹായയാണ്. പാതിവ്രത്യത്തിന്റെ പാരമ്യതയില്‍ ഭര്‍ത്താവിന്റെ അന്ധതയോട് സഹവര്‍ത്തിയാവാന്‍ കണ്ണുമൂടിക്കെട്ടി സ്വയം ആന്ധ്യം വരിച്ച അവരോട് ഒന്നും പറഞ്ഞിട്ട് പ്രയോജനമില്ല. വേറൊരാളുള്ളതാകട്ടെ അന്നും ഇന്നും സ്‌നേഹപരിലാളനങ്ങള്‍ നിര്‍ലോഭം ചൊരിഞ്ഞുതരുന്ന പിതാമഹനാണ്. ഭീഷ്മപിതാമഹന്‍…!

തന്റെ പിണക്കം മുഴുവന്‍ അപ്രിയമായ വാക്കുകളില്‍ പൊതിഞ്ഞ്, പക്ഷേ, ബഹുമാനം ഒട്ടും കൈവിടാതെ ദുര്യോധനന്‍ ഭീഷ്മര്‍ക്കുനേരെ എടുത്തുതൊടുത്തു. ഒരമ്പുകൊണ്ട് പാണ്ഡവര്‍ അഞ്ചിനെയും കൊന്നുതള്ളി യുദ്ധത്തിനറുതി വരുത്തുന്നതില്‍നിന്നും ഭീഷ്മരെ തടുക്കുന്നത് പാണ്ഡവപക്ഷത്തുള്ളവരോടുള്ള പിതാമഹന്റെ അമിതസ്‌നേഹവാത്സല്യങ്ങളാണ് എന്ന ആരോപണം ഒളിഞ്ഞും തെളിഞ്ഞും ദുര്യോധനന്റെ പരിദേവനങ്ങളില്‍ കവിഞ്ഞുനിന്നിരുന്നു.

മനസ്സില്‍ വിചാരിക്കുകപോലും ചെയ്യാത്തതു പറഞ്ഞാല്‍ ആര്‍ക്കും വരുമല്ലോ കോപം. ഭീഷ്മര്‍ കോപിഷ്ഠനായെങ്കിലും വാക്കുകള്‍ പതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ”മകനെ, നീ പറയുന്നതില്‍ ഒട്ടുമില്ല സത്യം. എങ്കിലും നിന്റെ വാക്കുകളിലൂടെ നിന്റെ മനസ്സ് വായിക്കാന്‍ മുത്തച്ഛനാവുന്നുണ്ട്. ഭയപ്പടാതിരിക്കൂ. നാളെ സന്ധ്യ മയങ്ങുന്നതിന് മുന്‍പ് പാണ്ഡവന്മാര്‍ അഞ്ചുപേരുടെയും കഥ കഴിഞ്ഞിരിക്കും.”

വിവരം കൃഷ്ണനറിഞ്ഞു. സംഗതി കുഴപ്പമാണ്. പറഞ്ഞിരിക്കുന്നത് ഭീഷ്മാചാര്യനാണ്. അദ്ദേഹം പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്തിരിക്കും. അങ്ങനെയെങ്ങാനും ചെയ്തുപോയാല്‍ തന്നെ വിശ്വസിച്ചുപോരിനു പുറപ്പെട്ട പാണ്ഡവന്മാര്‍ അമ്പേറ്റു തന്റെ മുന്നില്‍ പിടഞ്ഞുവീഴുന്നത് താന്‍ കാണേണ്ടിവരും.

കൃഷ്ണന്‍ പാഞ്ചാലിയുടെ അടുത്തേക്ക് നടന്നു. വിവരങ്ങള്‍ പാഞ്ചാലിയെ ധരിപ്പിക്കുമ്പോള്‍ അവള്‍ ഭയംകൊണ്ട് വിറയ്ക്കുന്നത് കൃഷ്ണനറിയുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു:
”കൃഷ്‌ണേ, ഭയപ്പെടാനുള്ള സമയമല്ലിത്. നീ ഇന്നു രാത്രി തന്നെ പിതാമഹനെക്കാണണം. വെളിച്ചത്തിന്റെ തെളിച്ചമോ കൈവളകളുടെ കിലുക്കമോ അപ്പോള്‍ നിനക്കകമ്പടിയുണ്ടാവരുത്. അദ്ദേഹം നിന്നെ തിരിച്ചറിയാന്‍ പാടില്ല. നീ അദ്ദേഹത്തിന്റെ പാദവന്ദനം ചെയ്യുക.

നാട്ടുനടപ്പനുസരിച്ച് അദ്ദേഹം നിന്നെ ‘ദീര്‍ഘസുമംഗലീഭവഃ’ എന്നുപറഞ്ഞനുഗ്രഹിക്കും. ഒരു പ്രാവശ്യംകൊണ്ട് നിര്‍ത്താതെ തുടര്‍ച്ചയായി ഏഴു പ്രാവശ്യം നീ പാദവന്ദനം ആവര്‍ത്തിക്കുക. അദ്ദേഹവും ഏഴു തവണ ‘ദീര്‍ഘസുമംഗലീഭവഃ’ എന്നുപറഞ്ഞുകൊണ്ട് തന്റെ അനുഗ്രഹവും ആവര്‍ത്തിക്കും. ഏഴു പ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ അനുഗ്രഹം വരമാവും എന്നുണ്ട്.

അതാണ് നാട്ടുനടപ്പ്. അത് പിതാമഹനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നീയാരാണെന്ന് വെളിപ്പെടുത്തുക. വരമനുസരിച്ച്, നീ ദീര്‍ഘസുമംഗലിയാവണമെങ്കില്‍ പാണ്ഡവര്‍ അഞ്ചുപേരും ജീവനോടെയിരിക്കണമെന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുക. പാണ്ഡവരെ കൊല്ലുമെന്ന തന്റെ ശപഥത്തില്‍നിന്ന് അദ്ദേഹം പിന്‍വാങ്ങിയാലേ തന്ന അനുഗ്രഹപ്രകാരം നീ സുമംഗലിയായി ഭവിക്കൂ എന്ന് അദ്ദേഹത്തെ ധരിപ്പിക്കുക. അപ്പോള്‍ തന്റെ ശപഥത്തില്‍ നിന്ന് അദ്ദേഹത്തിന് പിന്തിരിയേണ്ടിവരും.” കൃഷ്ണന്റെ തന്ത്രം പാഞ്ചാലിക്കും വളരെ ബോധ്യമായി.

കൈവളകളില്ലാതെ, വേഷഭൂഷാഡംബരങ്ങളില്ലാതെ പാഞ്ചാലി പിതാമഹനെക്കാണാന്‍ യാത്രയായി. കൃഷ്ണനുമുണ്ടായിരുന്നു കൂടെ. വഴിയില്‍ കൃഷ്ണന്‍ പറഞ്ഞു: ”കൃഷ്‌ണേ, നിന്റെ പാദുകങ്ങള്‍ ‘കര കര’ ശബ്ദമുണ്ടാക്കുന്നുണ്ടല്ലൊ. രാജകീയ പ്രൗഢിയുടെ പ്രതീകമായ ആ ശബ്ദം നീ ആരാണെന്ന് മനസ്സിലാക്കാന്‍ പിതാമഹനെ സഹായിക്കും. ആ പാദുകം ഊരി എന്റെ കയ്യില്‍ത്തരൂ. അത് ഞാന്‍ ചുമന്നുകൊള്ളാം.”

തന്റെ പാദുകങ്ങള്‍ ഭഗവാന്‍ ചുമക്കുക! സഹിക്കാനായില്ലെങ്കിലും വേറെ പോംവഴിയില്ലാത്തതിനാല്‍ പാഞ്ചാലി പാദുകങ്ങള്‍ ഊരി കൃഷ്ണനെ ഏല്‍പ്പിച്ച് യാത്ര തുടര്‍ന്നു. അവള്‍ പിതാമഹന്റെ അടുത്തെത്തി.

നിലവിളക്കില്‍ തെളിഞ്ഞുകത്തുന്ന ഒറ്റത്തിരി പരത്തുന്ന ഇത്തിരിവെട്ടമേ മുറിക്കകത്തുള്ളൂ. കൃഷ്ണന്‍ പറഞ്ഞതുപോലെ പാഞ്ചാലി പിതാമഹന്റെ കാല്‍തൊട്ടുവന്ദിച്ചു. മങ്ങിയ വെളിച്ചത്തില്‍ തന്റെ പാദവന്ദനമനുഷ്ഠിക്കുന്നത് ആരാണെന്ന് ഭീഷ്മര്‍ക്ക് മനസ്സിലായില്ല. എങ്കിലും അദ്ദേഹം അവളെ അനുഗ്രഹിച്ചു: ‘ദീര്‍ഘസുമംഗലീ ഭവ’ അങ്ങനെ ഏഴാവര്‍ത്തികള്‍…
അനുഗ്രഹം വരമാവുന്നു! താനാരാണെന്നു വെളിപ്പെടുത്തിക്കൊണ്ട് അപ്പോള്‍ പാഞ്ചാലി പറഞ്ഞു:

”പിതാമഹാ… കൃഷ്ണയാണ് ഞാന്‍… അങ്ങയുടെ ദ്രൗപതി. അങ്ങയുടെ അനുഗ്രഹം, വരമായി ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായവള്‍. ഈയുള്ളവളെ ദീര്‍ഘസുമംഗലിയായിരിക്കാന്‍ വരം തന്നതുപോലെ അങ്ങ് അതിനനുവദിക്കുകയും ചെയ്യുക. ദീര്‍ഘസുമംഗലിയായിരിക്കാന്‍ എനിക്ക് വരം തന്ന അങ്ങയുടെ കൈകൊണ്ട് എന്റെ ഭര്‍ത്താക്കന്മാര്‍ മരിച്ചുവീഴാന്‍ ഇടയാവരുത്. അങ്ങ് പാണ്ഡവര്‍ക്കെതിരെ ആയുധമെടുക്കരുത്. അവരെ വെറുതെ വിടാന്‍ അങ്ങ് കാരുണ്യം കാണിക്കണം.”

ഭീഷ്മര്‍ അന്ധാളിച്ചുപോയി. ചതിയാണിത്. ഈ യുദ്ധതന്ത്രത്തിനു പിന്നില്‍ കൃഷ്ണനല്ലാതെ മറ്റാരുമില്ലെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല. ഭീഷ്മര്‍ അലറി:

”എവിടെ കൃഷ്ണന്‍?”
പുറത്ത് മഴ കോരിച്ചൊരിഞ്ഞു പെയ്യുന്നുണ്ട്. ശരവേഗതയില്‍ പിതാമഹന്‍ ഓടി പുറത്തെത്തി. തുള്ളിക്കൊരുകുടം പെയ്യുന്ന മഴയില്‍ നനഞ്ഞുകൊണ്ട് കൃഷ്ണന്‍ പുറത്തുനില്‍ക്കുന്നു. പീതാംബരംകൊണ്ട് മറച്ച് എന്തോ അദ്ദേഹം തന്റെ മാറോടുചേര്‍ത്തു പിടിച്ചിട്ടുണ്ട്. അത് വകഞ്ഞുമാറ്റിക്കൊണ്ട് ഭീഷ്മര്‍ ചോദിച്ചു: ”കൃഷ്ണാ, എന്താണത്? എന്താണ് നീ മാറോടു ചേര്‍ത്തു മറച്ചുപിടിച്ചിരിക്കുന്നത്?”

ശക്തിയോടെ ഭീഷ്മര്‍ കൃഷ്ണന്‍ മാറിലിട്ടിരിക്കുന്ന പീതാംബരം വലിച്ചുമാറ്റി. അദ്ദേഹം പകച്ചുനിന്നുപോയി. പാഞ്ചാലിയുടെ പാദുകങ്ങള്‍! അത് കൃഷ്ണന്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചുനില്‍ക്കുന്നു! പിതാമഹന്റെ മുഖത്തെ പിരുമുറുക്കം മെല്ലെ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നതുപോലെതോന്നി. അദ്ദേഹം രണ്ടടി പിന്നാക്കം വച്ചുകൊണ്ട് എന്തോ ആലോചിച്ചുകൊണ്ട് നിന്നു.

പുറത്ത് ഇലകളില്‍ വീഴുന്ന മഴത്തുള്ളികള്‍ കലപിലകൂട്ടുന്നുണ്ടായിരുന്നു. ഗാഢമായ ഏതോ ചിന്തകള്‍ക്കൊടുവിലെ ഉള്‍വിളിപോലെ മെല്ലെ വെട്ടിത്തിരിഞ്ഞുകൊണ്ട് ഭീഷ്മര്‍ കൃഷ്ണന്റെ അരികിലേക്ക് നടന്നു. ബലിഷ്ഠമായ തന്റെ കരങ്ങളുയര്‍ത്തി കൃഷ്ണന്റെ തോളില്‍വച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:

‘കൃഷ്ണാ, ആശ്രിതവത്സലനായ നിന്റെ ഈ പ്രവൃത്തി എനിക്കൊരു പാഠമായിരിക്കുന്നു. ഇപ്പോള്‍ നീ എനിക്ക് ഗുരുതുല്യനാണ്. ദ്രൗപതി ഇവിടെ അരങ്ങേറിയ നാടകത്തിന്റെ പിന്നില്‍ നിന്റെ മസ്തിഷ്‌കമായിരുന്നുവെന്ന് എനിക്ക് തീര്‍ത്തും ബോധ്യമുണ്ടായിരുന്നു. ഞാന്‍ ചെയ്ത ശപഥം നിന്റെ മുന്‍പില്‍ ഗുരുദക്ഷിണയായി വച്ചുകൊണ്ട് ഞാനിതാ അതില്‍നിന്നും പിന്മാറുന്നു. ഞാനായുധമെടുക്കുകയില്ല. ഇതു സത്യം… നീ വിജയിക്കുക… വിജയീഭവ”
തന്റെ മുഖത്തു പതിച്ച മഴത്തുള്ളികള്‍ കൈവിരലുകള്‍കൊണ്ട് വടിച്ചെറിഞ്ഞ് ഭീഷ്മര്‍ കൊട്ടാരത്തിനകത്തേക്ക് നടന്നു.

തന്നെ വിശ്വസിച്ചവരുടെ വിജയത്തിനുവേണ്ടി സ്വന്തം നിലയും വിലയുംകൂടി ഉപേക്ഷിച്ചുകൊണ്ട് അഹങ്കാരം കൈവിട്ട് പാഞ്ചാലിയുടെ പാദുകവും ചുമന്ന് മഴയത്തുനിന്ന കൃഷ്ണന്‍! ആ സ്‌നേഹവായ്പിന്റെ മുന്‍പില്‍ കീഴടങ്ങിയ ഭീഷ്മ പിതാമഹന്‍! അതിലൂടെ തന്റെ ദീര്‍ഘസൗമംഗല്യം വിജയകരമായി നിലനിര്‍ത്തിയ പാഞ്ചാലി! കൃഷ്ണനൊരാള്‍ അഹങ്കാരം കയ്യൊഴിഞ്ഞതിന്റെ ശുഭോദര്‍ക്കമായ പരിണതികള്‍! അഹങ്കാരം ആപത്താണെന്ന് സ്വയം മനസ്സിലാക്കുന്നതാണല്ലോ ജീവിതത്തിലെ ഏറ്റവും വലിയ പാഠം

No comments: