Thursday, November 01, 2018

കര്‍മയോഗത്തെപ്പറ്റി മനസ്സിലാക്കുന്നതിനു കര്‍ത്തവ്യമെന്നാലെന്ത് എന്നറിയേണ്ടത് ആവശ്യമാകുന്നു. ഞാന്‍ വല്ലതും ഒന്നു ചെയ്യണമെന്നുണ്ടെങ്കില്‍, അത് എന്റെ കര്‍ത്തവ്യമാണെന്ന് ആദ്യം അറിയേണ്ടിയിരിക്കുന്നു; എങ്കില്‍ പിന്നെ അതു ചെയ്യാന്‍ എനിക്കു സാധിക്കും. 'കര്‍ത്തവ്യ'ത്തെക്കുറിച്ച് ഓരോ ജനതയ്ക്കുമുള്ള ബോധം ഓരോ വിധത്തിലാണ്. ഒരു മുഹമ്മദീയന്‍ പറയും, തന്റെ ഗ്രന്ഥമായ ഖുറാനില്‍ എഴുതിയിട്ടുള്ളത് തന്റെ കര്‍ത്തവ്യമാണെന്ന്. വേദങ്ങളില്‍ വിധിച്ചിട്ടുള്ളതാണ് തന്റെ കര്‍ത്തവ്യമെന്നു ഹിന്ദുവും, ബൈബിളിലെ ശാസനങ്ങളാണ് തനിക്കു കര്‍ത്തവ്യമെന്നു ക്രിസ്ത്യാനിയും പറയും. ജീവിതത്തിലെ അവസ്ഥാഭേദങ്ങളനുസരിച്ചും ചരിത്ര പരമായ കാലഘട്ടങ്ങളുടെ വ്യത്യാസമനുസരിച്ചും ജനവര്‍ഗങ്ങളുടെ ഭേദമനുസരിച്ചും കര്‍ത്തവ്യത്തെക്കുറിച്ചുള്ള ധാരണകള്‍ക്കു വൈവിധ്യമുള്ളതായി കാണുന്നു. സാര്‍വലൗകികവും കേവലം സൂക്ഷ്മാര്‍ഥ വാചിയുമായ മറ്റേതു പദത്തേയുംപോലെ കര്‍ത്തവ്യം എന്ന പദവും വ്യക്തമായി നിര്‍വചിക്കാന്‍ സാധ്യമല്ലാത്ത ഒന്നാകുന്നു. അതിന്റെ പ്രവര്‍ത്തനരീതികളേയും ഫലങ്ങളേയും അറിഞ്ഞ് തദ്വാരാ അതിനെക്കുറിച്ച് ഒരാശയം നേടുവാനേ നമുക്കു കഴിയൂ.
നമ്മുടെ മുമ്പാകെ ചില സംഭവങ്ങള്‍ നടക്കുമ്പോള്‍, അവയെ സംബന്ധിച്ച് പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഉള്‍പ്രേരണ നമുക്കെല്ലാവര്‍ക്കും സ്വഭാവേനയോ പരിശീലനം ഹേതുവായിട്ടോ ഉണ്ടാകുന്നുണ്ട്. ഈ പ്രേരണയുണ്ടാകുമ്പോള്‍ മനസ്സ് ആ അവസ്ഥാവിശേഷത്തെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങുന്നു. നിലവില്‍ വന്ന പരിതോവസ്ഥകളില്‍, പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കുന്നതു നല്ലതാണെന്ന് മനസ്സിനു ചിലപ്പോള്‍ തോന്നും; മറ്റു സന്ദര്‍ഭങ്ങളില്‍ അതേ പരിതഃസ്ഥിതികളില്‍ത്തന്നെ, അതേ പ്രകാരം പ്രവര്‍ത്തിക്കുന്നതു തെറ്റാണെന്നു തോന്നും. കര്‍ത്തവ്യത്തെക്കുറിച്ച് സാധാരണമായുള്ള ധാരണ, സജ്ജനങ്ങളെല്ലാം അവരവരുടെ മനഃസാക്ഷിയുടെ നിയോഗത്തെ ആദരിച്ചു പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ്. എന്നാല്‍, ഒരു കര്‍മത്തെ കര്‍ത്തവ്യമാക്കിത്തീര്‍ക്കുന്നതെന്താണ്? 
കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ തഗ്ഗുകള്‍ എന്നു വിളിക്കപ്പെട്ടിരുന്ന പ്രസിദ്ധ കവര്‍ച്ചാസംഘങ്ങള്‍ ഉണ്ടായിരുന്നു. കഴിയുന്നവരെയൊക്കെ കൊന്ന് അവരുടെ സ്വത്ത് അപഹരിക്കുന്നതു തങ്ങളുടെ കര്‍ത്തവ്യ മാണെന്ന് അവര്‍ വിചാരിച്ചിരുന്നു. എത്രയും കൂടുതലാളുകളെ കൊല്ലുന്നുവോ അത്രയ്ക്കും തങ്ങള്‍ക്കു നന്മയാണെന്ന് അവര്‍ വിചാരിച്ചിരുന്നു.
ഒരാള്‍ തെരുവീഥിയിലേക്ക് ഇറങ്ങി മറ്റൊരാളെ വെടിവെച്ചുകൊന്നാല്‍ അതിനെപ്പറ്റി താന്‍ ഒരു തെറ്റു ചെയ്തുപോയല്ലോ എന്നു വിചാരിച്ച് സാധാരണയായി പശ്ചാത്തപിക്കാനിടയുണ്ട്. എന്നാല്‍, അതേ ആള്‍ തന്നെ സൈന്യത്തിലെ ഒരു ഭടനെന്ന നിലയില്‍ ഒന്നല്ല, ഇരുപതു പേരെ കൊന്നാലും തന്റെ കര്‍ത്തവ്യം സവിശേഷം നിര്‍വഹിച്ചു എന്നു വിചാരിച്ച് അത്രയ്ക്ക് ആഹ്ലാദിക്കുകയേയുള്ളുവെന്നു തീര്‍ച്ച. അതിനാല്‍, ചെയ്യുന്ന കര്‍മത്തിന്റെ ബാഹ്യരൂപത്തെ ആസ്പദമാക്കി കര്‍ത്തവ്യത്തെ നിര്‍വചിക്കാവുന്നതല്ല എന്നു കാണുന്നു. കര്‍ത്തവ്യത്തിനു വസ്തുനിഷ്ഠമായ ഒരു നിര്‍വചനം നല്‍കുക അസാധ്യം തന്നെ. എന്നാല്‍ കര്‍ത്തൃനിഷ്ഠമായി (കര്‍മം ചെയ്യുന്ന ആളിനെ ആസ്പദമാക്കി) കര്‍ത്തവ്യം ഉണ്ട്. നമ്മെ ഈശ്വരങ്കലേക്കു നയിക്കുന്ന ഏതൊരു കര്‍മവും സത്കര്‍മമാകുന്നു; അതു നമ്മുടെ കര്‍ത്തവ്യവുമാണ്. നമ്മെ അധഃപതിപ്പിക്കുന്ന ഏതൊരു കര്‍മവും ദോഷമാകുന്നു; അതു നമുക്കു കര്‍ത്തവ്യമല്ല താനും. കര്‍ത്തൃനിഷ്ഠമായി നോക്കുമ്പോള്‍, ചില കര്‍മങ്ങള്‍ നമ്മുടെ സ്വഭാവത്തിനു മേന്മയും ഔത്കൃഷ്ട്യവും ചേര്‍ക്കുന്നതിനു പര്യാപ്തങ്ങളാണെന്നും മറ്റു ചില കര്‍മങ്ങള്‍ നമ്മെ അധഃപതിപ്പിക്കന്നതിനും നമ്മിലെ മൃഗീയത വളര്‍ത്തുന്നതിനും സഹായിക്കുന്നവയാണെന്നും കാണാന്‍ കഴിയും. എന്നാല്‍ പല പരിതഃസ്ഥിതിയിലും വര്‍ത്തിക്കുന്നവരായ നാനാജനങ്ങളെ സംബന്ധിച്ചും ഇന്ന കര്‍മത്തിന് ഇന്ന  പ്രവണതയാണുള്ളതെന്നു സൂക്ഷ്മമായി നിര്‍ണയിക്കുക സാധ്യമല്ല. എങ്കിലും കര്‍ത്തവ്യത്തെക്കുറിച്ച്, സര്‍വരാജ്യങ്ങളിലും സര്‍വകാലങ്ങളിലും സര്‍വസമ്പ്രദായങ്ങളിലുംപെട്ട മനുഷ്യര്‍ പൊതുവെ അംഗീകരിച്ചിട്ടുള്ള ഒരാശയം മാത്രമുണ്ട്; അതിനെ സംസ്‌കൃതത്തിലുള്ള ഒരു വാക്യത്തില്‍ ഇങ്ങ നെ സംക്ഷേപിച്ചിരിക്കുന്നു; 'ഒരു ജീവിയേയും ഹിംസിക്കാതിരിക്കുക. പരോപകാരം പുണ്യവും പരപീഡനം പാപവും ആകുന്നു.'

No comments: