Friday, November 16, 2018

കർമ്മഫലം

ഈ പ്രപഞ്ചത്തിൽ ഓരോ ജീവിയും ഓരോ നിമിഷവും അനുഭവിക്കുന്ന നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങളും അതാത് ജീവിയുടെ കർമ്മഫലങ്ങളാണ്.
ആർക്കം വെറുതെ ഒന്നും കിട്ടുന്നതല്ല.കർമ്മങ്ങൾ വിഭിന്നങ്ങളായതുകൊണ്ട് ഫലങ്ങളും വിവിധങ്ങളായും വിചിത്രങ്ങളായും കാണുന്നു.

കർമ്മാനുഭവങ്ങൾ എന്തായാലും അവയെ അകറ്റാനോ കർമ്മഫലങ്ങളിൽപ്പെടാത്ത തനിക്കർഹത ഇല്ലാത്ത പ്രാരബ്ധമല്ലാത്ത ഒന്നിനെ അനുഭവിക്കാനോ  ആർക്കും ജ്ഞാനിക്കോ ഭക്തനോ സിദ്ധനോ പോലും കഴിയില്ലന്നതാണ് പ്രപഞ്ച നിയമം.

കർമ്മമോ ഫലമോ കൂടാതെ ആരും ഒരു നിമിഷമെങ്കിലും നില്ക്കുന്നുമില്ല. കർമ്മംകൊണ്ടാണ് ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും.
എവിടെ നിന്നാരംഭിച്ച് എവിടെ അവസാനിക്കുന്നു എന്ന് ആർക്കും അറിയാത്തതുമായ അത്ഭുതകരമായ വാക്കാണ് ജീവിത കർമ്മം.ഉണ്ടാവലും
വർദ്ധിക്കലും നശിക്കലുമായി മൂന്നു തലങ്ങലുള്ളതിൽ
ഉണ്ടാവുന്ന തലത്തിന് ഇച്ഛയെന്നും വളരുന്ന തലത്തിന് ക്രിയയെന്നും നശിക്കുന്ന തലത്തിന് ജ്ഞാനമെന്നും പറയുന്നു. ഈ മൂന്ന് ശക്തിതലങ്ങളിൽ കൂടിയാണ് കർമ്മം കടന്നു പോകുന്നത്. എത്ര നിസ്സാര കർമ്മവും ഉണ്ടായി കഴിഞ്ഞാൽ വളർന്ന് അനുഭവിച്ച് നശിക്കണം ഇതാണ് നിയമം. ചിലപ്പോൾ ചില കർമ്മങ്ങൾ ഇച്ഛയിൽ നിന്ന് ക്രിയയിലേക്കും ക്രിയയിൽ നിന്ന് ജ്ഞാനത്തിലേക്കും എത്താൻ കുറെ കാലം എടുത്തേക്കാം.
ഈ മദ്ധ്യകാല ഘട്ടത്തിലെ കർമ്മത്തെ
*🐚വാസന യെന്നറിയപ്പെടുന്നത്* ഇച്ഛയിൽ നിന്ന് പുറപ്പെട്ട് ക്രിയാശക്തിയിലെത്തിയിട്ടില്ലാത്ത വാസനയെ* സഞ്ചിത കർമ്മമെന്നും
ക്രിയാശക്തിയിൽ നിന്ന് പുറപ്പെട്ട് ജ്ഞാനശക്തിയിലെത്തിയിട്ടില്ലാത്ത വാസനയെ പ്രാരബ്ധ കർമ്മമെന്നും പറയും. എന്നാൽ ജ്ഞാനശക്തിയിൽ എത്തി അനുഭവിച്ചു കഴിഞ്ഞെങ്കിലും വീണ്ടും ഇച്ഛാശക്തിയിലേക്കു തന്നെ പോകുന്നവയും പുതുതായുണ്ടാവുന്നവയുമായ കർമ്മത്തെ ആഗന്തുകം എന്നും പറയും.ഇങ്ങനെ സഞ്ചിതം ബുദ്ധിയിലും പ്രാരബ്ധം മനസ്സിലും ആഗന്തുകം ശരീരത്തിലുമായി  മൂന്ന് രൂപത്തിലും മൂന്നു രംഗങ്ങളിലുമായി  ജീവനെവിടാതെ കെട്ടി നിർത്തുന്നു കർമ്മമെന്ന പാശം.
ഇതിൽ ഈ ശരീരവും ജീവിതവും പ്രാരബ്ധ കർമ്മം അനുഭവിച്ചു തീർക്കാനുള്ളതാണ്
പ്രാരബ്ധ കർമ്മം അവസാനിക്കുന്നതുവരെ ശരീരം നിലനില്ക്കും.
പ്രാരബ്ധ കർമ്മം അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിൽ ഈ ശരീരത്തിലെ ബുദ്ധിയേയും മനസ്സിനേയും കൊണ്ട് നിയിത മാർഗ്ഗത്തിലൂടെ പ്രയത്നിച്ചാൽ സഞ്ചിതാഗന്തുകങ്ങളെ നശിപ്പിക്കാം.
സഞ്ചിതാഗന്തുകങ്ങൾ പ്രാരബ്ധത്തോടു കൂടി നശിക്കുന്ന പക്ഷം പിന്നീട് ശരീരത്തിന്റെ ആവശ്യമില്ല.
ഒരു ജന്മത്തിൽ തന്നെ ഇവ മൂന്നും ഒപ്പം നശിക്കുമ്പോൾ ആ ജീവൻ ജനനമറ്റ് സമഷ്ടിയായിത്തീരുന്നു,. മുക്തിപദം എന്ന് സാരം.
ഇങ്ങനെ ജീവിതം കർമ്മത്തെ ജയിക്കാനുള്ളതാക്കിത്തീർത്താൽ ധന്യമായി .

No comments: