ആത്മബോധം
(ശ്രീശങ്കരാചര്യ രചിതം)
ഒരു ആചാര്യൻ ഗ്രന്ഥം രചിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേകതരം അദ്ധ്യേതാക്കളെ മനസ്സിൽ കണ്ടു കൊണ്ടായിരിയ്ക്കും. അതായത് ഓരോ പാഠ്യപുസ്തകവും ചില പ്രത്യേക യോഗ്യതകൾ ഉള്ളവരെ ഉദ്ദേശിച്ചുള്ളതായിരിക്കും. അവർക്കു മാത്രമേ ആ ഗ്രന്ഥം ഏറ്റവും നന്നായി പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളൂ. തന്റെ ഈ കൊച്ചുപുസ്തകം പഠിക്കാനുദ്ദേശിക്കുന്നവർ എങ്ങനെയുള്ളവരായിരിക്കണമെന്ന് -- ആരെയാണ് താൻ അഭിസംബോധന ചെയ്യുന്നതെന്ന്--- വ്യക്തമാക്കുകയാണ് ഈ പ്രഥമ ശ്ലോകത്തിലൂടെ ശ്രീശങ്കരൻ ചെയ്യുന്നത്.
ആത്മനിയന്ത്രണത്തോടെ ജീവിക്കാനുള്ള എല്ലാശ്രമവും - ദിവ്യതയിലേക്ക് സ്വയം ഉയരുവാൻ ലക്ഷ്യംവച്ചുകൊണ്ട്, അർപ്പണ ഭാവത്തോടെ കർമ്മരംഗത്ത് ചെയ്യപ്പെടുന്ന എല്ലാ യത്നങ്ങളും-- തപസ്സാകുന്നു. തീർത്ഥയാത്ര, ഉപവാസം മുതലായവ തുടങ്ങി ജപം, ധ്യാനം എന്നിവ വരെ ആത്മ നിയന്ത്രണത്തിനു വേണ്ടി അനുഷ്ഠിക്കപ്പെടുന്ന എല്ലാ സാധനകളും പലതരത്തിലുള്ള തപസ്സുകൾ തന്നെ. ഇത്തരം തപസ്സുകളിലൂടെ ഒരുവന്റെ പാപങ്ങൾ ക്ഷയിക്കുന്നു.
പാപം ഏതെങ്കിലുമൊരു പ്രത്യേക കർമ്മമല്ല, അത്, തെറ്റായ പ്രവൃത്തികളുടെ ഫലമായി നമ്മുടെ മനസ്സിൽ ഊറിക്കൂടുന്ന, പ്രതിലോമമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള വാസനയത്രെ. കുറേക്കാലം ആത്മനിയന്ത്രണത്തോടെ ജീവിക്കുമ്പോൾ ഈ പാപ വാസനകൾ ക്ഷയിക്കുന്നു.
ഇപ്രകാരം ബോധപൂർവ്വം നിയന്ത്രിതമായ ചര്യകളിലൂടെ (തപസ്സ്) ബാഹ്യമായ സ്വാസ്ഥ്യം കൈവരിക്കുമ്പോൾ അതിന്റെ സ്വാഭാവികമായ അനന്തരഫലം ആന്തരമായ ശാന്തിയാകുന്നു. അങ്ങനെ ശാന്തമാക്കപ്പെട്ട മനസ്സിലാകട്ടെ, ആശകളാലും ആശങ്കകളാലും ഉണ്ടാകുന്ന വിക്ഷോഭങ്ങൾ ഏറ്റവും ചുരുങ്ങിയുമിരിക്കും.
ഈ വിധത്തിൽ, തപസ്സുകൊണ്ട് വാസനകളെ ക്ഷയിപ്പിക്കുകയും അതിന്റെ ഫലമായി കൂടുതൽ ആന്തര ശക്തി നേടുകയും രാഗ വിക്ഷോഭങ്ങൾ താൽക്കാലികമായെങ്കിലും അടങ്ങിയിരിക്കയും സംസാരത്തിൽ നിന്നുള്ള വിമോചനത്തിന് തീവ്രമായി ഇച്ഛിക്കയും ചെയ്യുന്നവരാണ് "ആത്മബോധം" പഠിക്കുവാൻ അർഹരായിരിക്കുന്നത്.
ഈ ഗ്രന്ഥം വായിക്കയും പഠിക്കുകയും ചെയ്യുന്നതിൽ നിന്ന് ആരെയെങ്കിലും വിലക്കുകയല്ല ഈ ശ്ലോകം ചെയ്യുന്നത്. ഇതിലെ പ്രതിപാദ്യവിഷയം കൂടുതൽ നന്നായും സൂക്ഷ്മമായും ഗ്രഹിക്കുവാൻ അദ്ധ്യേതാവ് കൈക്കൊള്ളേണ്ട ആന്തരമായ ക്രമീകരണങ്ങളെ സൂചിപ്പിക്കുക മാത്രമാണ്.
ഓം. സ്വാമി ചിന്മയാനന്ദ.
No comments:
Post a Comment