പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ രണ്ടു ദിവസം തുടർച്ചയായി അന്യമതസ്ഥർ കയറിയെന്നും തന്ത്രി നടയടച്ചു ശുദ്ധിക്രിയ ചെയ്യുന്നുവെന്നതും ആശങ്കയോടെ മാത്രമേ വായിക്കാനാവൂ .
വിവേചനങ്ങളും ദുരാചാരങ്ങളും ആണ് ഹൈന്ദവ ക്ഷേത്ര സംസ്കാരത്തിന്റെ മുഖ മുദ്ര എന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ശ്രദ്ധിച്ചു നോക്കുന്നവർക്കൊക്കെ കാണാം . ക്ഷേതങ്ങളോടനുബന്ധിച്ചു വിവാദങ്ങൾ ഉണ്ടാക്കി , അത് സാമൂഹിക , ഭരണഘടനാ അവകാശങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും പരിധിയിൽ കൊണ്ടുവന്നു കോടതി മുതൽ വഴിയേ പോകുന്ന സകലർക്കും അഭിപ്രായം പറയാനും ചർച്ച ചെയ്യാനും ഇടപെടലുകൾ നടത്താനും വഴിയൊരുക്കുന്ന കുൽസിത നീക്കം എത്ര അവഗണിച്ചാലും കാണാം .
ഉദാഹരണങ്ങൾ അനവധി ആണ് .പുറ്റിങ്ങൽ ദുരന്തം നടന്നപ്പോൾ ചർച്ച ചെയ്യപ്പെട്ടത് കരിമരുന്നെന്ന ദുരാചാരം ആയിരുന്നു . വേദത്തിൽ പറഞ്ഞിട്ടുണ്ടോ, ഉത്തരേന്ത്യയിൽ വെടിവഴിപടുകൾ ഉണ്ടോ , പിന്നെന്തിനാണ് നമുക്കീ ദുരാചാരം എന്ന ചോദ്യം ആണുയർന്നത് . അന്ന് ആർത്തവമുള്ള സ്ത്രീകൾ , അന്യമതസ്ഥർ ,പുലയുള്ളവർ ഒക്കെ ദുരന്തവാർത്ത അറിഞ്ഞു ക്ഷേത്രത്തിൽ ഓടിക്കയറിക്കാണും . പിന്നെ ദുരന്തങ്ങൾ ഇല്ലാത്തപ്പോൾ എന്തിനീ അനാചാരങ്ങൾ എന്ന പരിഹാസം അനുശോചനങ്ങൾക്കു മുകളിൽ ഉയർന്നു കേൾക്കാമായിരുന്നു . തിരുവനന്തപുരത്തു കഴിഞ്ഞാഴ്ച ഒരു ഫാക്ടറിയിൽ തീപിടിച്ചല്ലോ . എന്ത് കൊണ്ട് അപകട സാധ്യതയുള്ള , മലിനീകരണ സാധ്യതയുള്ള ഫാക്ടറികൾ അടച്ചു പൂടികൂടാ എന്നത് പോട്ടെ ,സുരക്ഷാ വീഴ്ച പോലും കേരളം ചർച്ച ചെയ്തില്ല . പതിനായിരക്കണക്കിന് ക്ഷേത്രങ്ങളിൽ ഒന്നിൽ ഒരപകടം ഉണ്ടായപ്പോൾ ,കരിമരുന്നു ദുരാചാരം ആയി പക്ഷെ .
അത് പോലെ ഒന്നാണ് തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിനെതിരെ കുറച്ചു വർഷങ്ങൾക്കു മുൻപ് ഉയർന്ന അയിത്ത ആരോപണം. കേരളത്തിലെ 108 മഹാശിവ ക്ഷേത്രങ്ങളിൽ ഒന്നും , ശിവ താണ്ഡവത്തിനു ശേഷം സതീദേവിയുടെ ശിരസ്സ് പതിച്ചതുമായ പരശുരാമ പ്രതിഷ്ഠ ആയ ശക്തിപീഠം ആണ് രാജരാജേശ്വര ക്ഷേത്രം . ടി .ടി .കെ ദേവസ്വം എന്നപേരിൽ ഊരാളന്മാരായ നാൽപ്പതിൽ പരം നമ്പൂതിരി കുടുംബങ്ങൾ നല്ല രീതിയിൽ നടത്തി കൊണ്ട് പോവുന്ന സമയത്താണ് നിർബന്ധപൂർവം മലബാർ ദേവസ്വം ക്ഷേത്രം പിടിച്ചെടുക്കാൻ ശ്രമിച്ചതും അതിനെതിരെ ഊരാളന്മാർ കോടതിയിൽ പോയതും . ഉടനെ വന്നു അയിത്തം എന്ന ആരോപണം . ഊരാളന്മാർക്കു ക്ഷേത്രത്തിൽ ഉള്ള ഒരു പ്രിവിലേജ് , പ്രസാദിന് മുൻപ് കൈ കഴുകാൻ ലേശം വെള്ളം കൊടുക്കുമെന്നത് , അത് അയിത്തവും മനുഷ്യാവകാശ ലംഘനവുമൊക്കെ ആയി മനുഷ്യാവകാശ കമ്മിഷന് വരെ ഇടപെട്ടു . എന്തിനു ? കുറച്ചു വെള്ളം കൊടുക്കുന്നതിന് . ഇടതു സംഘടനകളും യൂത്ത് കോൺഗ്രസ്സും വരെ അയിത്തത്തിനെതിരെ പടനയിച്ചു .കേസ് ഊരാളന്മാർ ജയിച്ചു , പക്ഷെ മാനസിക പീഡനം എന്തായാലും അനുഭവിക്കേണ്ടി വന്നു.
ഒരു നാടിന്റെ ആഘോഷമായ തൃശൂർ പൂരം .അവിടെയും കരിയും കരിമരുന്നും എന്ന ദുരാചാരം ആണ് കുടമാറ്റം നടത്തുന്നത് .ഒരു കരിവീരൻ ചരിഞ്ഞാൽ ഒരു നാട് മുഴുവൻ കരയുന്ന മണ്ണാണ് കേരളം . ആനകളോടുള്ള ക്രൂരത എന്ന സ്ഥിരം പല്ലവി കൊണ്ടിറങ്ങുകയാണ് പൂരം വന്നാലോ ഒരു കരിവീരൻ ചരിഞ്ഞാലോ ഒരു കൂട്ടർ ചെയ്യുക . പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കു പ്രകാരം കഴിഞ്ഞ പത്തു വർഷത്തിൽ 655 ഓളം കാട്ടാനകൾ ആണ് ചരിഞ്ഞത് . ഒരുമാസത്തിൽ ഏഴോളം കാട്ടാനകൾ എന്നാണ് കണക്കു . ട്രെയിൻ മുതലായ അപകടങ്ങൾ , പട്ടിണി , എലെക്ട്രിക്‌യൂഷൻ , വിഷം ,കാട്ടുതീ എന്നിങ്ങനെ പല രീതിയിൽ . ഒരുകൊല്ലത്തിൽ എത്ര നാട്ടാന ചരിയുന്നുണ്ട് . ഒന്നാണെങ്കിലും വിഷയം അതാണ് . പട്ടിണി കിടക്കാറില്ലെങ്കിലും പട്ട കഴിക്കുന്ന ആനയുടെ വേദന പട്ടിണി കിടന്നു ജീവൻ നഷ്ടപെടുന്ന കാട്ടാനയുടെ വേദനയേക്കാൾ വലുതാണ് . അവൻ തിടമ്പേറ്റുന്നു , ഒരു സംസ്കാരത്തെ ഉജ്ജ്വലമാക്കുന്നു എന്നത് തന്നെ ആണ് കാരണം . മൃഗസംരക്ഷണം എന്ന ബാന്നറിന് പിറകിൽ ആണ് നാടകങ്ങൾ അരങ്ങേറുക .ഗുരുവായൂർ ആനയോട്ടം കോടതിയിൽ ആണ് . ഭൂലോകത്തിലെ സകല കരിവീരന്മാരുടെയും ഉടമസ്ഥൻ ആണ് ഗുരുവായൂരപ്പൻ . പക്ഷെ ഇനി അതൊക്കെ കോടതി തീരുമാനിക്കും .
അത് പോലെ വിവാദത്തിൽ ആണ് ശബരിമല പ്രശ്നം തുടങ്ങുന്നതും . ജയമാല എന്ന സ്ത്രീ കയറിയെന്ന വിവാദം . അതുപ്രകാരം തന്ത്രി ശുദ്ധികലശം നടത്തി എന്ന വിവാദം .സ്ത്രീത്വം അപമാനിക്കപെട്ടു എന്ന വിവാദം . അവരുടെ അനുഭവ കുറിപ്പിൽ അവർ തിരക്കിൽ അയ്യപ്പ വിഗ്രഹത്തിനു മുകളിൽ വീണെന്നൊക്കെ ആണ് . ശബരിമലയിൽ ശ്രീകോവിലിനകത്തുള്ള വിഗ്രഹത്തിനു മുകളിൽ അവരെങ്ങനെ വീണു എന്നിപ്പോഴും മനസ്സിലാവുന്നില്ല . എന്തായാലും സ്ത്രീവിരുദ്ധത എന്ന ബാന്നറിൽ അരങ്ങേറിയ നാടകം എവിടെ വരെ എത്തി എന്ന് നമുക്കറിയാം .
മറ്റൊരു പ്രധാന ദുരാചാരം ആണ് ആറ്റുകാൽ പൊങ്കാല . ഒരുപാടു കാലം ട്രാഫിക് മലിനീകരണം എന്നൊക്കെ ഉള്ള പരിസ്ഥിതി ബാനറിൽ നടന്ന പുരോഗമന ശ്രമം കഴിഞ്ഞ കൊല്ലം കുത്തിയോട്ടമായി പരിഗണിച്ചു ശിശു സംരക്ഷണ ബാനർ ഏറ്റെടുത്തു . ഇക്കൊല്ലത്തെ തുടര്നാടകത്തിനു സമയം അധികമില്ല .
പ്രിയപ്പെട്ടതും ചേർത്തുനിർത്തുന്നതും അഭിമാനമായതും എല്ലാം ഇകഴ്ത്തി , അപകർഷതാബോധം ജനിപ്പിക്കുക എന്നതാണ് നയം . ഇതൊക്ക മനസ്സിലാക്കുമ്പോൾ ആശങ്ക ആണ് . ക്ഷേത്രം പൊതുസ്ഥലം ആണല്ലോ . അന്യമതസ്ഥർ വെറുതെ കയറിയതാണെന്നൊന്നും വിശ്വസിക്കാൻ വയ്യ . പൊതു സ്ഥലം എല്ലാവര്ക്കും ഒരുപോലെ ആണ് . അവിടെ ഒരാൾ കയറിയാൽ ശുദ്ധികലശം വിവേചനമാണ് . ആ കലവറ അവിടെ ഇരിക്കുന്നിടത്തോളം . വിവാദമായാൽ കോടതിയിൽ വിഷയമെത്തിക്കാം . ഭരണഘടന തന്ത്രശാസ്ത്രങ്ങൾക്ക് മുകളിൽ ആയതു കൊണ്ട് ഏതൊക്കെ നിയമങ്ങൾ വേണമെങ്കിലും 3(ബി) പോലെ വെട്ടിക്കളയാം .
പദ്മവ്യൂഹത്തിലാണ് അകപ്പെട്ടിരിക്കുന്നത് . ഓരോന്നോരോന്നാഴിച്ചെടുക്കുമ്പോളാണ് ശത്രുക്കൾ കരുതിയതിലധികമാണെന്ന് മനസ്സിലാവുക .
നാരായണായ നമ:
No comments:
Post a Comment