Tuesday, November 20, 2018

കാര്യകാരണ നിയമത്തിനു പുറത്ത് നിലകൊള്ളുന്ന ഒന്നേയുള്ളൂ, അത് ഈശ്വരനാണ്! ബാക്കിയെല്ലാം കാര്യകാരണ ബന്ധിയായിരിക്കുന്നു. അതൊരു ചക്രം പോലെയാണ്.
അതിനാല്‍ സ്വന്തം ജീവിതത്തിലെ എല്ലാ കാര്യകാരണങ്ങളുടെയും ഉത്തരവാദിത്ത്വം നാം സ്വയം ഏറ്റെടുക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഈശ്വരനിലേയ്ക്കുള്ള വഴി തെളിവായി കാണാനാകൂ. അല്ലെങ്കില്‍ സംശയം വരും, ഇത്രയും പ്രാര്‍ത്ഥന നടത്തുന്ന തനിക്ക് എന്താ ദുരിതങ്ങളെന്ന്!
ജീവിക്കുന്ന ഓരോ നിമിഷവും നല്ലതു ചെയ്തുകൊള്ളൂ, ഫലം നന്മയാണ്. ഉള്ളിലും നന്മ പുറത്തും നന്മ. മനസ്സുഖം ഉണ്ടെങ്കിലല്ലേ ശരീരസുഖമുണ്ടാകൂ. നല്ലതു ചെയ്യാതെങ്ങനെ മനസ്സുഖം ലഭിക്കാനാണ്! ഈശ്വരവാദിയാകട്ടെ നിരീശ്വരവാദിയാകട്ടെ ഭൂമിയില്‍ ഒറ്റ നിയമമേയുള്ളൂ- ചെയ്യുന്ന പ്രവൃത്തിയുടെ ഫലം സ്വയം അനുഭവിച്ചുതന്നെയാകണം. അവിടെ ഈശ്വരകോപമോ ഈശ്വരരക്ഷയോ എന്നതല്ല കാര്യം! ചെയ്യുന്നതു ദ്രോഹമാണോ അത് അതേ ഫലം തരും! നന്മയെ സൃഷ്ടിക്കണോ തിന്മയെ സൃഷ്ടിക്കണോ എന്നുള്ളത് നമുക്ക് സ്വന്തം പ്രവൃത്തികള്‍ കൊണ്ട് തീരുമാനിക്കാം.
പിന്നെ ഈശ്വരന്‍ എന്താണെന്ന് ചോദിച്ചാല്‍, നാം ഈ കാര്യകാരണ നിയമത്തിനു അകത്ത് പെട്ടിരിക്കുന്നത് ബന്ധനമല്ലേ? ഇതിനു പുറത്താണല്ലോ നമ്മുടെ സ്വാതന്ത്ര്യം! ആ സ്വാതന്ത്ര്യം തന്നെയാണ് ഈശ്വരന്‍! അത് ഈശ്വരസാക്ഷാല്‍ക്കാരം ജ്ഞാനപ്രാപ്തി മോക്ഷം എന്നെല്ലാം പറയുന്നു. ഒരു നിരീശ്വരവാദിയാകട്ടെ ഈശ്വരവാദിയാകട്ടെ അവര്‍ക്ക് ഒരിക്കലും ഈശ്വരനെ വെല്ലുവിളിക്കാന്‍ ആകില്ല. വെല്ലുവിളിക്കുകയാണെങ്കില്‍ അത് സ്വന്തം കര്‍മ്മഫലത്തെ മാത്രമാണ്. നിരീക്ഷിച്ചാല്‍ അത് വെളിപ്പെടും!,
krishnakumar kp

No comments: