Tuesday, November 20, 2018

Pudayoor Jayanarayanan Santhosh Kp ഇവിടെ ശബരിമല എന്നത് കേരളത്തിലെ നാൽപ്പതിനായിരത്തോളം ക്ഷേത്രങ്ങളിൽ ഒന്ന് മാത്രമാണ്. അവിടെയെല്ലാം ബാധകമാകുന്ന വിധം ആചാരങ്ങൾ കോടതി മുറിക്കകത്ത് നിർണ്ണയിക്കപ്പെടുന്നതിൽ അപാകമുണ്ട്. അത് കൊണ്ട് തന്നെ ശബരിമല വിഷയത്തിലെ ഒരു ആചാരമാറ്റത്തെ മാത്രമല്ല തന്ത്രി സമാജം എതിർക്കുന്നത്. ഈ പ്രപഞ്ചമൊട്ടാകെ നിറഞ്ഞ് നിൽക്കുന്ന ഈശ്വരീയ ചൈതന്യത്തെ മനുഷ്യരുടെ ഉപാസനയ്ക്കായി മനുഷ്യനുമായി വളരെ താദാത്മ്യം പുലർത്തുന്ന തലത്തിലേക്ക് തന്ത്രവിധാനത്തിലൂടെ ചുരുക്കി കൊണ്ട് വന്ന് വിഗ്രഹമാകുന്ന ഒരു ഉപാധിയിലേക്ക് അതിനെ സമ്മേളിപ്പിക്കുന്നതാണ് വിഗ്രഹാരാധനയുടെ പൊരുൾ. അപ്പേൾ ഓരോ ക്ഷേത്രത്തിലും ദേവന് ഓരോ വ്യക്തിത്വങ്ങൾ കൈവരുന്നു. ദേവന്റെ ആ വ്യക്തിത്വങ്ങൾ ആണ് ഓരോ ക്ഷേത്രങ്ങളുടേയും പ്രസക്തി. ഗുരുവായൂരപ്പനെ കാണാൻ ഗുരുവായൂരിലും, അയ്യപ്പനെ കാണാൻ ശബരിമലയിലും, രാജരാജേശ്വരനെക്കാണാൻ തളിപ്പറമ്പിലും, ചോറ്റാനിക്കര ഭഗവതിയെക്കാണാൻ ചോറ്റാനിക്കരയിലും ഭക്തൻമാർ ചെല്ലുന്നത് അതത് ക്ഷേത്രങ്ങളിൽ ഈശ്വരീയ ഭാവത്തിന് കൈവരുന്ന ഈ വ്യക്തിത്വങ്ങളുടെ പ്രത്യേകത കൊണ്ടാണ്. ആ വ്യക്തിത്വങ്ങളാണ് ഓരോ ക്ഷേത്രത്തിലെയും വ്യത്യസ്ഥമായ ആചാരങ്ങളെ നിർണ്ണയിക്കുന്നതും.
കാലികമായ വ്യത്യാസങ്ങൾ സാമൂഹികമായ കാരണങ്ങളാലും, സാഹചര്യങ്ങളാലും പല ആചരണങ്ങൾക്കും ഇന്ന് വന്നിട്ടുണ്ട് എന്ന് കാണാം. എന്നാൽ ഓരോ ക്ഷേത്രങ്ങളിലേയും അവിടത്തെ മാത്രം പ്രത്യേകതയായി കണക്കാക്കുന്ന മർമ്മ പ്രധാനമായ ആചരണങ്ങൾക്കൊന്നും തന്നെയും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇനി അങ്ങിനെ സംഭവിച്ചെന്നാൽ അതത് ക്ഷേത്രങ്ങളുടെ ആരാധനാക്രമത്തിന്റെ കാതലായ തത്വം നഷ്ടപ്പെടുന്നു എന്ന് കൂടിയാണ് അർത്ഥം.

ആചാര: പരമോ ധർമ്മ:/ ആചാരമാണ് പരമമായ ധർമ്മം. അതിനാൽ അത് സംരക്ഷിക്കപ്പെടുക തന്നെ വേണം. ഏതെങ്കിലും ഒരു ഘട്ടത്തിൽ ശാസ്ത്രത്തിനും ആചാരത്തിനും തമ്മിൽ തുലനം ചെയ്യേണ്ട ഘട്ടം വന്നാൽ അവിടെ ആചാരത്തിന് പ്രാമുഖ്യത കൊടുക്കേണ്ടതുണ്ട് എന്നും ആചാരത്തെ ലംഘിക്കരുത് എന്നുമാണ് പ്രമാണം. അതായത് ശസ്ത്രത്തേക്കാൾ കവിഞ്ഞ പ്രാധിന്യം അത്തരം ഘട്ടങ്ങളിൽ ആചാരത്തിന് കൈവരുന്നുണ്ട് എന്നാണതിനർത്ഥം.

No comments: