വികടസരസ്വതിയുടെ അനുഗ്രഹം സിദ്ധിച്ച അതുല്യ പ്രതിഭയായിരുന്നു മുട്ടസ്സു നമ്പൂതിരി. വൈക്കം ക്ഷേത്രത്തിന് സമീപത്തായിരുന്നു അദ്ദേഹത്തിന്റെ ഇല്ലം. ക്ഷേത്രസദ്യക്കുള്ള ദേഹണ്ഡത്തിന്റെ ചുമതല ഈ ഇല്ലത്തിന് അര്‍ഹതപ്പെട്ടതാണ്.
മുട്ടസ്സു നമ്പൂതിരിക്ക് വാഗ്‌വിലാസത്തില്‍ വൈഭവം വന്നതിനു പിറകില്‍ ഒരു കഥയുണ്ട്. സമാവര്‍ത്തനം കഴിഞ്ഞിരിക്കുന്ന വേളയില്‍ ഒരിക്കല്‍ അദ്ദേഹം മൂകാംബികയിലെത്തി ഭജനമിരുന്നു. അവിടുത്തെ ത്രിമധുരം സേവിച്ചതില്‍ പിന്നെയാണ് മുട്ടസ്സു നമ്പൂതിരി പ്രഗത്ഭനായതെന്നു പറയപ്പെടുന്നു. പക്ഷേ, ദേവിയുടെ ഈ ദിവ്യപ്രസാദം മലയാളികള്‍ക്ക് ലഭിക്കുന്നത് അപൂര്‍വമായിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ നടയടയ്ക്കുന്നതിനു മുമ്പ് ബിംബത്തിനു മുന്നില്‍ ത്രിമധുരം നേദിക്കും. ദേവന്മാര്‍ അവിടെയെത്തി ദേവിയെ പൂജിച്ച് ത്രിമധുരം കഴിക്കാറുണ്ടെന്നാണ് വിശ്വാസം. അത് മലയാളികള്‍ക്ക് അനന്യമായ വാഗ്‌വിലാസമുണ്ടാക്കുമെന്ന കാരണത്താല്‍, അസൂയാലുക്കളായ പരദേശികള്‍ ഈ ത്രിമധുരം കിണറ്റില്‍ തള്ളുകയായിരുന്നു പതിവ്.
ദേവന്മാര്‍ പൂജ നടത്തിയ ദിവ്യപുഷ്പങ്ങള്‍ പിറ്റേന്നാള്‍ വിഗ്രഹത്തിനു മുമ്പില്‍ കാണും. അതിനാല്‍ തലേന്നു പൂജ നടത്തിയ ശാന്തിയെ പിറ്റേന്ന് പൂജ നടത്താന്‍ നിയോഗിക്കില്ല. 'അകത്തു കണ്ടത് പുറത്തു പറയില്ലെന്ന്' സത്യം ചെയ്യിച്ചിട്ടാണ് ദിവസവും ശാന്തിമാരെ പൂജ ചെയ്യാന്‍ അയയ്ക്കുന്നത്.
മുട്ടസ്സു നമ്പൂതിരി അവിടെയെത്തി കുറച്ചു നാള്‍ പിന്നിട്ടപ്പോള്‍, ഈ ത്രിമധുരം എങ്ങനെയെങ്കിലും സേവിക്കണമെന്ന് മനസ്സിലുറപ്പിച്ചു. അതിനായി തക്കം പാര്‍ത്തിരുന്നു. ഒരു ദിവസം നടതുറക്കാനായി ശാന്തിക്കാരനെത്തിയപ്പോഴേക്കും നമ്പൂതിരിയും കുളി കഴിഞ്ഞ് അവിടെയെത്തി. കണ്ണടച്ച് ജപം തുടങ്ങി. ശാന്തിക്കാരനെത്തി നടതുറന്നു. തലേദിവസത്തെ പൂമാലകളും ത്രിമധുരവും എടുത്തു മാറ്റുന്നതിനു മുമ്പ് അദ്ദേഹം ഒരു കുടം വെള്ളം കോരാനായി കിണറ്റിനരികിലേക്ക് പോയി.
ഈ തക്കത്തിന് മുട്ടസ്സു നമ്പൂതിരി ശ്രീകോവിലിനകത്തു കയറി ത്രിമധുരമെടുത്ത് വായിലിട്ടു. ശാന്തിക്കാരന്‍ ഓടിയെത്തി നമ്പൂതിരിയുടെ കഴുത്തില്‍ പിടികൂടി. എങ്കിലും നമ്പൂതിരി ഒരു വിധത്തില്‍ ത്രിമധുരം വയറ്റിലാക്കി. ശാന്തിക്കാരന്‍ ബഹളം വെച്ചതു കേട്ട് ധാരാളം പേര്‍ ഓടിക്കൂടി നമ്പൂതിരിയെ പ്രഹരിച്ചു.
അന്യനാട്ടില്‍ ഇങ്ങനെയൊരാപത്തു വന്നതില്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ നമ്പൂതിരിക്ക് ദേവീ കടാക്ഷത്താല്‍ ഒരു ഉപായം തോന്നി. അദ്ദേഹം ശ്വാസമടക്കി കണ്ണുമിഴിച്ച് ചത്തതു പോലെ കിടന്നു. കണ്ടു നിന്നവര്‍ ഭയന്നു. നമ്പൂതിരിയെ എടുത്ത് അവര്‍ ക്ഷേത്രത്തിന് വെളിയിലിട്ടു. മരിച്ചെന്നു കരുതി എല്ലാവരും കൂടി അദ്ദേഹത്തെ ഒരു വനത്തില്‍ ഉപേക്ഷിച്ചു. നമ്പൂതിരി പിന്നീട് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ദിവസങ്ങള്‍ കഴിഞ്ഞാണ് ഇല്ലത്തെത്തിയത്. ഒട്ടേറെ ചികിത്സകള്‍ക്കു ശേഷമാണ് അദ്ദേഹം ആരോഗ്യം വീണ്ടെടുത്തത്. അദ്ദേഹത്തിന്റെ ദിവ്യത്വങ്ങള്‍ വെളിപ്പെട്ടു തുടങ്ങിയതും അതിനു ശേഷമാണ്.
ഒരിക്കല്‍ മുട്ടസ്സു നമ്പൂതിരി, ഒരിടത്തു ചെന്നപ്പോള്‍ അവിടെ ഒരു ശാസ്ത്രികള്‍ കുട്ടികള്‍ക്ക് കാവ്യം വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. നമ്പൂതിരി ഇതെല്ലാം ശ്രദ്ധിച്ച് മാറി നിന്നു.
അല്‍പനേരം കഴിഞ്ഞ് ശാസ്ത്രികള്‍ മൂത്രശങ്കയെ തുടര്‍ന്ന് പുറത്തു പോയി. അപ്പോള്‍, രഘുവംശത്തിലെ ഒരു പദത്തിന്റെ പരിഭാഷ കിട്ടാതെ ഒരു കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ടു. ഇതു കണ്ട നമ്പൂതിരി, കുട്ടിയോട് എന്താ മിണ്ടാതെയിരിക്കുന്നത് എന്ന് അനേ്വഷിച്ചു. ഒരു പദത്തിന്റെ പരിഭാഷ കിട്ടിയില്ലെന്ന് കുട്ടി പറഞ്ഞു. കരി എന്നതിന്റെ പരിഭാഷയാണ് കുട്ടിക്ക് അറിയാതെ പോയത്. ഞാന്‍ പറഞ്ഞു തരാം, കരിക്കട്ടെ എന്നു പറഞ്ഞാല്‍ മതിയെന്ന് കുട്ടിയോടായി നമ്പൂതിരി പറഞ്ഞു.
മാഘം പഠിച്ചു കൊണ്ടിരുന്ന മറ്റൊരു കുട്ടിക്കും പരിഭാഷയില്‍ സംശയമുണ്ടായി. 'അച്ഛസ്ഫടികാക്ഷമാല' എന്നതിന്റെ പരിഭാഷയായിരുന്നു കുട്ടിക്ക് അറിയേണ്ടിയിരുന്നത്.
അച്ഛസ്ഫടികാക്ഷമാല, അച്ഛന്റെ സ്ഫടികാക്ഷമാല. അച്ഛന്‍, അമ്മേടെ നായര്. സ്ഫടികാക്ഷമാല എന്താണെന്ന് എനിക്കും നല്ല നിശ്ചയമില്ല ശാസ്ത്രിയോട് ചോദിക്കാം എന്ന് നമ്പൂതിരി പറഞ്ഞു. കുട്ടികളാകട്ടെ നമ്പൂതിരി പറഞ്ഞത് അതേപടി ഉരുവിട്ടു കൊണ്ടിരുന്നു.
ഇതുകേട്ടു കൊണ്ടാണ് ശാസ്ത്രികള്‍ തിരികെയെത്തിയത്. ആരാണ് ഈ അബദ്ധം പറഞ്ഞു തന്നതെന്ന് അദ്ദേഹം കുട്ടികളോട് കയര്‍ത്തു. മുട്ടസ്സു നമ്പൂതിരിയാണെന്ന് കുട്ടികള്‍ പറഞ്ഞു. ഇതെന്താ കുട്ടികള്‍ക്ക് അബദ്ധം പറഞ്ഞു കൊടുത്തതെന്ന് ശാസ്ത്രികള്‍ നമ്പൂതിരിയോട് തട്ടിക്കയറി.
ശാസ്ത്രികള്‍ക്ക് വിവരമില്ലാഞ്ഞിട്ടാണ് എന്നായി നമ്പൂതിരി. പഠിച്ചിട്ടു വേണം മറ്റുള്ളവരെ പഠിപ്പിക്കാനെന്നും ഉപദേശിച്ചു. പിന്നീടത് വാക്തര്‍ക്കത്തിലെത്തി.
'താന്‍ അമരേശം പഠിച്ചിട്ടുണ്ടോ?' എന്ന് നമ്പൂതിരി ശാസ്ത്രികളോട് ആരാഞ്ഞു. ഉണ്ടെന്നു പറഞ്ഞ ശാസ്ത്രികളോട്, അതിലെ 'ഇന്ദിരാ ലോകമാതാ മാ' എന്നും 'ഭാര്‍ഗവീ ലോകജനനീ' എന്നും ഉള്ളിടത്ത്' ലോകമാതാ' എന്നും 'ലോക ജനനീ' എന്നും ഒരുമിച്ച് പ്രയോഗിച്ചതെന്തിനെന്നും ചോദിച്ചു. അവയില്‍ ഏതെങ്കിലും ഒന്നു പോരേ എന്നായിരുന്നു അദ്ദേഹം അര്‍ഥമാക്കിയത്.
ഏതെങ്കിലും ഒന്നു മതിയെന്ന് ശാസ്ത്രികള്‍ സമ്മതിച്ചു. ഇതു കേട്ട നമ്പൂതിരി, ഇതാണ് തനിക്ക് ഒന്നുമറിയില്ലയെന്ന് പറയുന്നതെന്ന് ശാസ്ത്രികളെ കളിയാക്കി. അതിഗംഭീരനായ ഈ ഗ്രന്ഥകര്‍ത്താവ് വെറുതേ ഇങ്ങനെയൊരു പദപ്രയോഗം നടത്തില്ലെന്നു പറഞ്ഞ നമ്പൂതിരി, അതിന്റെ സാരം വ്യക്തമാക്കിക്കൊടുത്തു. 'ആ ലോകമാതാ എന്നും ഈ ലോക ജനനീ' എന്നുമാണ് പറഞ്ഞിരിക്കുന്നത്. അതായത് മഹാലക്ഷ്മി ഒരു ലോകത്തിന്റെ മാത്രമല്ല, പരലോകത്തിന്റെ മാതാവും ഇഹലോകത്തിന്റെ ജനനിയുമാണ് എന്നാണ് നമ്പൂതിരി വിശദീകരിച്ചത്.
No comments:
Post a Comment