Sunday, November 04, 2018

നൃഗചരിതം

ഹരീഷ്. ആര്‍. നമ്പൂതിരിപ്പാട്
Monday 5 November 2018 2:50 am IST
ബാലന്മാരായ പ്രദ്യുമ്‌നന്‍, സാംബന്‍, ഗദന്‍, ചാരുഭാനു എന്നിവര്‍ കൂട്ടുകാരുമൊന്നിച്ച് ഒരു ഉദ്യാനത്തില്‍ എത്തി.  ഏറെനേരത്തെ കളികള്‍ക്കൊടുവില്‍ ക്ഷീണിച്ചു തളര്‍ന്ന  അവര്‍ ദാഹജലം തേടി, ഒരു കിണറിനരികിലെത്തി. ഇരുട്ടുനിറഞ്ഞ, ആ പൊട്ടക്കിണറ്റില്‍ കൂറ്റനൊരു ഓന്ത് കിടക്കുന്നതു കണ്ട് അവര്‍ ആശ്ചര്യപ്പെട്ടു.
നിരുപദ്രവകാരിയായ അതിനെ കരയ്ക്കുകയറ്റാനായി കയറും, ചരടും ഉപയോഗിച്ച് അവര്‍ ഒരു ശ്രമം നടത്തി. എന്നാല്‍ അവര്‍ക്കതു സാധിച്ചില്ല. പരാജിതരായ കുട്ടികള്‍ ശ്രീകൃഷ്ണന്റെ സഹായം തേടി. ഭഗവാന്‍ നിഷ്പ്രയാസം, തന്റെ ഇടതുകൈകൊണ്ട് ഓന്തിനെ പൊക്കിയെടുത്ത് കരയ്‌ക്കെത്തിച്ചു. ഭഗവാന്റെ സ്‌നേഹസ്പര്‍ശമേറ്റ ഓന്ത് നിമഷങ്ങള്‍ക്കകം ദിവ്യതേജസ്സെഴുന്ന ദേവനായി മാറി.
ആശ്ചര്യം നടിച്ചുകൊണ്ട് ശ്രീഹരി ചോദിച്ചു.'നീയാര്? എങ്ങിനെയീ പൊട്ടക്കിണറ്റിലെത്തി? പറയൂ... 
സൂര്യതേജസ്സെഴുന്നകിരീടത്തോടു കൂടിയ ശിരസ്സു നമിച്ച്  അദ്ദേഹം മറുപടി നല്‍കി. ഭഗവാനേ,  ഇക്ഷ്വാകുപുത്രനായ നൃഗനാണ് ഞാന്‍. എല്ലാമറിയുന്ന അവിടുന്ന് എന്നെക്കുറിച്ച് കേട്ടുകാണും. എങ്കിലും പറയാം. മഴത്തുള്ളിപോ
ലെ, മണല്‍ത്തരികള്‍പോലെ നക്ഷത്രക്കൂട്ടംപോലെ എണ്ണിയാലൊടുങ്ങാത്ത പൈക്കളെ കൊമ്പും, കുളമ്പും, സ്വര്‍ണം കെട്ടിച്ച്, ദാനം ചെയ്തു. അനേകം ബ്രാഹ്മണര്‍ക്ക്, സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍, ഗൃഹം, വസ്ത്രം, ഭൂമി, ധനം, ആനകള്‍, കുതിരകള്‍, ദാസീവൃന്ദം, എന്നിങ്ങനെ സകലതും ദാനം ചെയ്തു. നിര്‍ഭാഗ്യവശാല്‍, ഞാന്‍ ദാനം ചെയ്ത പശുക്കളിലൊന്ന് കയറഴിഞ്ഞ് ഗോശാലയില്‍ തിരിച്ചെത്തി. ഇതറിയാതെ ഞാന്‍ വീണ്ടും അതിനെ മറ്റൊരാള്‍ക്ക് ദാനം ചെയ്തു. ദാനം സ്വീകരിച്ചു മടങ്ങുംവഴി പഴയ ഉടമസ്ഥന്‍ പശുവിനെ തിരിച്ചറിഞ്ഞ് വഴക്കുണ്ടാക്കി. ഇരുവരും രാജധാനിയിലെത്തി, സങ്കടമുണര്‍ത്തിച്ചു. ധര്‍മസങ്കടത്തിലായ ഞാന്‍ രണ്ടുപേരോടും പറഞ്ഞു. 'അറിവില്ലാതെ സംഭവിച്ച തെറ്റ് പൊ
റുത്താലും.  ഒന്നിനു പകരം ഒരു ലക്ഷം പശുക്കളെ തരാം. ഇതിനെ വിട്ടാലും.' പക്ഷേ, രണ്ടുപേരും അതിന് തയാറായില്ല. അധികം വൈകാതെ യമകിങ്കരന്‍മാര്‍ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോ
യി. 'അങ്ങേക്ക് അനവധിയുഗങ്ങള്‍ സ്വര്‍ഗത്തില്‍ വാഴാനുള്ള പുണ്യം ലഭിച്ചുകഴിഞ്ഞു. ഒപ്പം കുറഞ്ഞ കാലയളവില്‍ പാപഫലവും അനുഭവിച്ചു തീര്‍ക്കണം, ഏതാണ് ആദ്യം വേണ്ടത്?'   എന്നാല്‍ പാപഫലം തന്നെയാകട്ടെ ആദ്യം എന്നു ചിന്തിച്ച ഞാന്‍, ഈ പൊട്ടക്കിണറ്റില്‍, നിലതെറ്റി വീണു. അങ്ങനെ ഇവിടെക്കിടന്ന് അവിടുത്തെ വരവ് മനസ്സില്‍ സങ്കല്‍പ്പിച്ചു നാള്‍കഴിച്ചു.  ഇന്നതിന് സംഗതിയായി.
ദ്വാരകാവാസികള്‍, നോക്കിനില്‍ക്കെ, ഒരു ദിവ്യവിമാനം, അവിടെയെത്തിച്ചേര്‍ന്നു. ഭഗവാനെ വലം വച്ച് നമസ്‌കരിച്ചശേഷം നൃഗന്‍ വിമാനത്തിലേറി ദേവലോകത്തേക്കു ഗമിച്ചു.എല്ലാവരും കേള്‍ക്കുമാറ് ഭഗവാന്‍പറഞ്ഞു. അന്യന്റെ മുതല്‍, അതും ബ്രഹ്മസ്വം, അറിയാതെപോലും ആരും മോഹിക്കരുത്.
വിഷതുല്യമാണ് മോഷണം. അഗ്നിപോല്‍ ജ്വലിക്കുന്ന, ജലത്തിനാല്‍ കെടാത്ത, കാളകൂടത്തേക്കാള്‍ വിഷമയമായ പ്രവൃത്തിയാണത്. അതിനാല്‍, അന്യന്റെ ധനം അപഹരിക്കുവാന്‍ പാടില്ല. ബ്രഹ്മസ്വം കൈയ്ക്കലാക്കി, അന്ധകാരകൂപത്തില്‍ പതിക്കാന്‍ ആര്‍ക്കും ഇടവരാതിരിക്കട്ടെ എന്ന് ഉദ്‌ബോധിപ്പിച്ചശേഷം ദ്വാരകാധീശന്‍ പരിവാരസമേതം കൊട്ടാരത്തിലേക്കു മടങ്ങി. 

No comments: