Tuesday, November 06, 2018

തല്ക്കാലം ഈ ആത്മസ്വരൂപം പ്രകാശിക്കുന്നുണ്ടെന്നോ പ്രകാശിക്കുന്നില്ലെന്നോ തീർത്തു പറയാൻ വയ്യ. പ്രകാശിക്കുന്നില്ലയെന്നു പറഞ്ഞാൽ അറിയപ്പെടാത്ത ഒന്നിനെ നാം എങ്ങിനെയാണ് അതിരറ്റു സ്നേഹിക്കുന്നത്? പ്രകാശിക്കുന്നുണ്ടെന്നു പറഞ്ഞാൽ ആനന്ദസ്വരൂപമായ ആത്മാവ് പ്രകാശിക്കുന്നുണ്ടെങ്കിൽ പിന്നെയെന്തിനാണ് ബാഹ്യ വിഷയങ്ങളെ അന്വേഷിച്ചു നടക്കുന്നത്? അതുകൊണ്ടു തല്ക്കാലം ആത്മാവ് പ്രകാശിക്കുകയും പ്രകാശിക്കാതിരിക്കുകയും ചെയ്യുന്നുവെന്നേ പറയാൻ നിർവ്വാഹമുള്ളൂ. ഇതെങ്ങനെ സാധ്യമാവും? ഒരേ സമയത്ത് ഒരേ വസ്തുവിൽ പ്രകാശിക്കലും പ്രകാശിക്കാതിരിക്കലും ഒരുമിച്ചിരിക്കുമോ? അനേകം വിദ്യാർത്ഥികൾ ഒരുമിച്ചിരുന്നു വായിക്കുന്ന സ്ഥലത്ത് ഒരു പിതാവ് തന്റെ പുത്രന്റെ വായന കേൾക്കാനായി ചെന്നുവെന്നു കരുതുക. വിദ്യാർത്ഥികളുടെ വായന ശബ്ദം അദ്ദേഹം ഒരുമിച്ചു കേൾക്കുന്നു. അതിൽ തന്റെ പുത്രന്റെ ശബ്ദവുമുണ്ട്. പക്ഷേ അതു വേർതിരിച്ചു കേൾക്കാൻ കഴിയുന്നില്ല. ഇവിടെ പുത്രന്റെ ശബ്ദം കേൾക്കുന്നുണ്ട് എങ്കിലും കേൾക്കുന്നില്ല അതുപോലെയാണ് പ്രപഞ്ചത്തിൽ ആത്മസ്വരൂപവും. പ്രകാശിക്കുന്നുണ്ട് എങ്കിലും പ്രകാശിക്കുന്നില്ല. പുത്രൻ ശബ്ദിക്കുന്നുണ്ടെങ്കിലും പ്രതിബന്ധം കൊണ്ടാണ് കേൾക്കാതിരിക്കുന്നത്. മറ്റു കുട്ടികളുടെ ശബ്ദമാണ് പ്രതിബന്ധം. അതു പോലെ ആത്മാവ് പ്രകാശിക്കുന്നുണ്ടെങ്കിലും പ്രതിബന്ധം കൊണ്ട് പ്രകാശിക്കുന്നില്ലെന്നു തോന്നുന്നു. ഇവിടെ ആത്മസ്വരൂപത്തെ മറച്ച് സകലരേയും വ്യാ മോഹിപ്പിക്കുന്ന അനാദിയായ അവിദ്യ തന്നെയാണ് പ്രതിബന്ധം. ഉണ്ട്, പ്രകാശിക്കുന്നു എന്നു വ്യക്തമായി അനുഭവിക്കാൻ കഴിവുള്ള വസ്തുവിൽ അതിനെ തടഞ്ഞ് ഇല്ല, പ്രകാശിക്കുന്നില്ല എന്ന വിരുദ്ധാനുഭവത്തെയുളവാക്കുകയാണ് ഇവിടെ പ്രതിബന്ധകാരിണിയായ അവിദ്യ ചെയ്യുന്നത്.
(പഞ്ചദശി - വിദ്യാരണ്യ കൃതികൾ - പ്രൊ. ജി. ബാലകൃഷ്ണൻ നായർ )

No comments: