Sunday, December 22, 2019

ഹരിനാമകീർത്തനം വ്യാഖ്യാനം-40

മുക്തിക്കു തക്കൊരുപദേശം തരും ജനനമറ്റീടുമന്നവന്

    മേൽ വിവരിച്ച വസ്തുവിന്റെ നിർവികാരസ്ഥിതി സാക്ഷാത്ക്കരിച്ചു സദാ അനുഭവിക്കുന്നയാളാണല്ലോ ബ്രഹ്മനിഷ്ഠനായ ഗുരു. ഈ സാക്ഷാത്ക്കാരം തനിക്കും അനുഭവിക്കാൻ വേണ്ടിയാണ് ശിഷ്യൻ ബ്രഹ്മനിഷ്ഠനായ
ഗുരുവിന്റെ പദാന്തേ ഭജനമാരംഭിക്കുന്നത്. ഗുരു ആദ്യമായി പാകപ്പെട്ട ശിഷ്യന് വസ്തുസ്ഥിതി വ്യക്തമായി വിവരിച്ചുകൊടുത്തിട്ട് സ്വയം ശിഷ്യൻ ജനനമരണരഹിതമായ ആ സത്യവസ്തു തന്നെയാണെന്നും കാട്ടിക്കൊടുക്കുന്നു. ശ്രുതിപ്രസിദ്ധങ്ങളായ തത് ത്വം അസി - 'അതു നീ തന്നെ'
എന്നിത്യാദി മഹാവാക്യങ്ങൾ പാകപ്പെട്ട ശിഷ്യന്മാർക്ക് ഉടനേതന്നെ പ്രത്യക്ഷാനുഭവം പകർന്നുകൊടുക്കാനുള്ള ഗുരുക്കന്മാരുടെ മഹാവാക്യങ്ങളായിട്ടാണ് കരുതപ്പെടുന്നത്. മഹാവാക്യോപദേശത്തോടൊപ്പം ഗുരുകാരുണ്യം നിറഞ്ഞ നോട്ടം കൊണ്ടും സ്പർശം കൊണ്ടും ഒക്കെ അനുഭവം പകർന്നു കൊടുത്തു ശിഷ്യനെ അനുഗ്രഹിക്കുകയും ചെയ്യുന്നു. രാമകൃഷണവിവേകാനന്ദന്മാരുടെ ഗുരുശിഷ്യബന്ധം ഇതിനുത്തമദൃഷ്ടാന്തമാണ്. വസ്തുബോധമുണ്ടാകുന്നതോടെ താൻ ജനിച്ചിട്ടേയില്ലെന്നും ഇനിയൊരിക്കലും മരിക്കുകയില്ലെന്നും ശിഷ്യനു ബോധ്യപ്പെടുന്നു. അതുകൊണ്ടത്രേ 'ജനനമറ്റീടുമന്നവന്' എന്ന് ആചാര്യൻ വെളിപ്പെടുത്തിയിരിക്കുന്നത്. സത്യാനുഭൂതി പകർന്നുതരാനുള്ള ഗുരുവിന്റെ ആശ്ചര്യകരമായ കഴിവിനെപ്പറ്റി 'ശതശ്ലോകി'യിൽ ശങ്കരഭഗവത്പാദർ വിവരിച്ചിരിക്കുന്നതു നോക്കുക:

 ദൃഷ്ടാന്തോ നൈവ ദൃഷ്ഠഃ
 ത്രിഭുവനജഠരേ
 സദ്ഗുരോർജ്ഞാനദാതുഃ
 സ്പർശശ്ചേത് ത്രത കൽപ്യഃ
 സ നയതി യദഹോ
 സ്വർണതാമശ്മസാരം
 ന സ്പർശത്വം തഥാപി
 ശ്രിതചരണയുഗേ
 സദ്ഗുരുഃ സ്വീയശിഷ്യേ
 സ്വീയം സാമ്യം വിധത്തേ
 ഭവതി നിരുപമ-
 സ്തേന വാ ലൗകികോപി.

     ഈ ത്രിഭുവനത്തിലും ജ്ഞാനദാതാവായ ഗുരുവിനു ദൃഷ്ടാന്തമില്ല. ഇരുമ്പിനെ സ്വർണമാക്കുന്നതുകൊണ്ട് സ്പർശമണിയെ ദൃഷ്ടാന്തമായി
എടുത്തുകൂടെ? സ്പർശമണി ഇരുമ്പിനെ സ്പർശമണിയാക്കിത്തീർക്കുന്നി
ല്ലെന്നോർക്കണം. ഗുരു സ്പർശമണിയല്ല. എങ്കിലും തന്റെ പാദങ്ങളെ ആശ്രയിക്കുന്നവരെ അദ്ദേഹം തനിക്കു തുല്യരാക്കിത്തീർക്കുന്നു. അതു
നിമിത്തം ലൗകികൻ പോലും സ്വയം അലൗകികനായി മാറുന്നു.

   കർമ്മമാണ് ബന്ധം. കർമ്മം ഭൗതികഫലത്തിൽ മനസ്സിനെ ആസക്തമാക്കിത്തീർക്കുന്നു. ഫലഭോഗം വീണ്ടും കർമ്മം ചെയ്യാൻ ഹേതുവായും ഭവിക്കുന്നു. ഒരു കർമ്മവും ഫലം ഭുജിക്കുന്നതോടെ അവസാനിക്കുന്നില്ല. ഒരു കർമ്മത്തിന്റെ ഫലം ഭുജിച്ചുകഴിയുമ്പോൾ ആ ഫലഭോഗം വാസനാരൂപത്തിൽ ഉള്ളിൽ അടിയുന്നു. കർമ്മം ആവർത്തിക്കുന്തോറും വാസനയ്ക്കു ശക്തി കൂടിവരും. അതുകൊണ്ട് കർമ്മം ചെയ്തു കർമ്മബന്ധം ഇല്ലാതാക്കാൻ ഒരിക്കലും സാദ്ധ്യമല്ല. തത്ത്വവിചാരത്തോടുകൂടിയ ഈശ്വരസ്മരണ ഒന്നുമാത്രമേ ആത്മാവിനെ കർമ്മബന്ധത്തിൽ നിന്നും വേർപെടുത്തൂ. കർമ്മബന്ധം അകന്നുകിട്ടാൻ  അതുണ്ടാകണേ എന്നാണ് ആചാര്യൻ പതിനൊന്നാം ശ്ലോകത്തിൽ അപേക്ഷിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.

No comments: