Tuesday, December 31, 2019

ശങ്കരാചാര്യരുടെ കാലത്തെ തത്വസമീക്ഷ

Monday 30 December 2019 4:23 am IST
താതു ദര്‍ശനങ്ങളുടെ ആചാര്യന്മാര്‍ ഇടയ്ക്കിടക്ക് ഒത്തുകൂടുകയും പരസ്പരം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വാദത്തില്‍ എതിരാളിയെ തോല്‍പ്പിക്കേണ്ടത് അതാതു ദര്‍ശനത്തിന്റെ മാന്യതയ്ക്ക്, സ്വീകാര്യതയ്ക്ക് ആവശ്യമായിരുന്നു. ഉദാഹരണത്തിന് ഒരു ബൗദ്ധചിന്തകന്‍ പ്രശസ്തനായ ഒരു ന്യായദാര്‍ശനികനേയോ മീമാംസാദാര്‍ശനികനേയോ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ നിരവധി പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന ഒരു പൊതു സംവാദസദസ്സില്‍ പരാജയപ്പെടുത്തിയാല്‍ അയാളുടെ കീര്‍ത്തി അപ്പോള്‍തന്നെ എല്ലായിടത്തും പരക്കുകയും മിക്കവാറും അവിടെ വെച്ചുതന്നെ ധാരാളം അനുയായികളെ സമ്പാദിക്കാന്‍ കഴിയുകയും ചെയ്യുമായിരുന്നു. 
മറ്റു ദാര്‍ശനികരെ വാദവിവാദത്തില്‍ കീഴ്‌പ്പെടുത്താനും അനുയായികളെ സൃഷ്ടിക്കാനുമായി അതാതു ദര്‍ശനങ്ങളുടെ ആചാര്യന്മാര്‍ ഇത്തരം സംവാദസദസ്സുകളില്‍ പങ്കെടുക്കാനായി വിസ്തൃതപ്രവാസം നടത്തിപ്പോന്നു. തന്മൂലം ക്രമേണ ഇത്തരം സംവാദങ്ങള്‍ പൊതുവേ സത്യം കണ്ടെത്താനുള്ള ശാന്തമായ ദാര്‍ശനിക ചര്‍ച്ചകള്‍ക്കു പകരം എതിരാളിയെ തോല്‍പ്പിക്കാനും അതുവഴി താന്താങ്ങളുടെ ചിന്താപദ്ധതിക്കു പ്രാമാണ്യം നേടിയെടുക്കാനുമുള്ള അവസരങ്ങളായി മാറി. സംവാദസദസ്സുകളില്‍ പങ്കെടുക്കാന്‍ ഓരോ ആചാര്യനേയും പ്രേരിപ്പിച്ചത് തന്റെ വ്യക്തിപരമായ വിജയവും തന്റെ ദാര്‍ശനികപ്രസ്ഥാനത്തിന്റെ വിജയവും ആയി മാറി. സംസ്‌കൃതത്തില്‍ എഴുതപ്പെട്ട പ്രമുഖദാര്‍ശനികഗ്രന്ഥങ്ങള്‍ അത്തരം സംവാദത്തില്‍ പങ്കാളികളാകുന്ന ആചാര്യന്മാരുടെ മനോഭാവം വ്യക്തമാക്കുന്നതായി കാണാം. ഇത്തരം സംവാദങ്ങളില്‍ പങ്കെടുക്കുന്നവര്‍ എതിരാളികളുടെ വിഷയാവതരണത്തിലെ പരസ്പരസംബന്ധമില്ലായ്കകളും ആന്തരവൈരുദ്ധ്യങ്ങളും അതിസൂക്ഷ്മങ്ങളായ ന്യായവാദങ്ങള്‍ ഉപയോഗിച്ച് വെളിപ്പെടുത്തുക, എതിരാളിയുടെ ഉത്തരങ്ങള്‍ മുന്‍കൂട്ടി കാണുക, എതിരാളിയുടെ പ്രസ്താവനകളെ നിര്‍വചിക്കാന്‍ ആവശ്യപ്പെടുക എന്നിവ ചെയ്ത് അവസാനം പ്രതിയോഗിയുടെ സിദ്ധാന്തം പരസ്പരസംബന്ധമില്ലാത്തതും ആന്തരവൈരുദ്ധ്യം നിറഞ്ഞതും സര്‍വോപരി അനുഭവത്തിനു നിരക്കാത്തതും ആണെന്നു സ്ഥാപിച്ചെടുക്കും. 
വളരെ ഉയര്‍ന്ന ഒരു ദാര്‍ശനികഗ്രന്ഥം പഠിക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് നിരവധി ന്യായവാദങ്ങളേയും വിതണ്ഡാവാദ (എതിരാളിയെ തറപറ്റിക്കാനുപയോഗിക്കുന്ന ഒരു തരം നിഷേധവാദങ്ങള്‍) ങ്ങളേയും ആണ് ആദ്യം അഭിമുഖീകരിക്കേണ്ടി വരിക..
അതിനു ശേഷമേ അയാള്‍ക്ക് വിവാദത്തിന്റെ അടിത്തട്ടിലുള്ള യഥാര്‍ത്ഥ ദാര്‍ശനികഭിന്നതയെ മനസ്സിലാക്കാന്‍ കഴിയൂ. സിദ്ധാന്തപക്ഷത്തിന്റെ അന്തിമമായ ദാര്‍ശനികഉത്തരം നല്‍കുന്നതിനു മുമ്പ് എതിരാളിയെ നിശ്ശബ്ദനാക്കാനുതകുന്ന സംവാദഅടവുകളെല്ലാം (നിഗ്രഹസ്ഥാനങ്ങളും മറ്റും) എടുത്തു പയറ്റുന്നതും കാണാം. ഒരു പക്ഷത്തും അല്ലാത്ത, അതുകൊണ്ടുതന്നെ ഏതു പക്ഷത്തിന്റെയും ജയത്തോട് ഉദാസീനത പുലര്‍ത്തുന്ന, തത്വചിന്തയുടെ ഒരു ആധുനികവിദ്യാര്‍ത്ഥി മനസ്സിലാക്കേണ്ടത,് താഴെ പറയുന്നവയാണ്. പ്രമാണശാസ്ത്ര (epistemological) പരമായും അതുമായി ബന്ധപ്പെട്ട ഭൗതികാതീതസിദ്ധാന്ത (metaphysical) പരമായും ആയ പ്രശ്‌നങ്ങളെ ദാര്‍ശനികര്‍ നോക്കിക്കണ്ട വിവിധനിലപാടുകളെക്കുറിച്ചുള്ള ശരിയായ അവബോധം (comprehension) ആണ് ഏറ്റവും പ്രധാനം. ഓരോ കാഴ്ച്ചപ്പാടിന്റെയും പോരായ്മ (deficiency) കള്‍ അഥവാ കുറവുകള്‍, പരസ്പരവിമര്‍ശനത്തിന്റെ പ്രാധാന്യം, ഓരോ ചിന്താപദ്ധതിയുടേയും അനുഭവത്തെക്കുറിച്ചുള്ള പരികല്‍പനകള്‍ (speculation), അവയുടെ വിശകലനം (analysis), , തത്വചിന്തയ്ക്ക് അവയുടെ മൊത്തം സംഭാവന എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും കൂടിയേ തീരൂ.

No comments: