Saturday, December 28, 2019

▲───────◇◆◇───────▲

, *പതിനെട്ടരക്കവികൾ*

 ▲───────◇◆◇───────▲


*പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഢിതരും കവിശ്രേഷ്ഠരുമായ പതിനെട്ടു കവികൾ പതിനെട്ടരക്കവികൾഎന്ന പേരിൽ അറിയപ്പെടുന്നു. പതിനെട്ടു രാജകീയ കവികൾ എന്ന അർത്ഥത്തിലുള്ള പതിനെട്ടു അരചകവികൾ ആണ് പതിനെട്ടരക്കവികൾ എന്ന പേരിലറിയപ്പെടുന്നത്. “അരച’ ശബ്ദം പഴയകാലത്ത് അര എന്നായി ലോപിച്ചിട്ടുണ്ട്. അരയാൽ, അരമന, പതിനെട്ടരത്തളികകൾ, ഏഴരപ്പള്ളികൾ, എട്ടരയോഗം,പത്തരഗ്രാമം തുടങ്ങിയവ ഉദാഹരണങ്ങൾ . അര എന്ന പദം ശ്രേഷ്ഠം, മുഖ്യം, രാജകീയം എന്നീ അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. പതിനെട്ടു സംസ്‌കൃതകവികളും അരക്കവിയായി കരുതപ്പെട്ട മലയാളകവിയും ചേർന്നതാണ് പതിനെട്ടരക്കവികൾ എന്ന വാദത്തിന് അടിസ്ഥാനമില്ല* .

*പത്തൊൻപാതമത്തെ അംഗം രാജാവാണെന്നും അരചൻ എന്നതിൽ നിന്നാണ് അര എന്നതുണ്ടായതെന്നും വാദമുണ്ട് . എന്നാൽ പുനം നമ്പൂതിരിയാണ്“അരക്കവി” എന്നു പ്രശസ്തനായത് (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം). ഇവരിൽ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയിൽ തളി ക്ഷേത്രത്തിൽ വച്ചു നടന്നിരുന്ന രേവതി പട്ടത്താനത്തിൽ കിഴി (സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഈ കൂട്ടരിൽ ഉദ്ദണ്ഡശാസ്ത്രികൾ ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടിൽ നിന്നുള്ളവർ ആയിരുന്നു. മലയാളകവിയായ പുനം നമ്പൂതിരി, പയ്യൂർ പട്ടേരിമാർ (8 പേർ), തിരുവേഗപ്പുറ നമ്പൂതിരിമാർ (5 പേർ), മുല്ലപ്പളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി എന്നിവരാണ് പതിനെട്ടരക്കവികൾ*.

*പയ്യൂർ ഭട്ടതിരിമാർ - എട്ട് പേർ*

*ഒരച്ഛനും മക്കളും ആണെന്ന് പറയപ്പെടുന്നു, ഇവരിൽ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങൾ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങൾ ലഭ്യമാണു്. ഗൂരുവായൂരിനടുത്തുള്ള പൂങ്കുന്നം എന്ന സ്ഥലത്താണ് പയ്യൂർ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം. പരമേശ്വരൻ എന്ന മകനും മീമാംസയിൽ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹർഷികൾ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികൾ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളിൽ കാളിദാസനോടും അധ്യാപനത്തിൽ കല്പവൃക്ഷത്തോടും പ്രഭാവത്തിൽ ശിവനോടും തുലനം ചെയ്തിരുന്നു*.

" *തിരുവേഗപ്പുറ നമ്പൂതിരിമാർ - അഞ്ചുപേർ*"

*കൃത്യമായി ഈ അഞ്ചുപേരുടെയും പേരെടുത്തു പറയുവാൻ കഴിയില്ലെങ്കിലും താഴെ പറയുന്നവരാണു് തിരുവേഗപ്പുറ നമ്പൂതിരികൾ എന്നു് കരുതിപ്പോരുന്നു: കാക്കശ്ശേരി ഭട്ടതിരിയുടെ ഗുരുവായ നാരായണൻ, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സും, അഷ്ടമൂർത്തിയും, പിന്നെ അപ്ഫൻ നമ്പൂതിരിമാരായ രാമനും, ഉദയനും*.

മുല്ലപ്പള്ളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരിപ്പാട്

*താന്ത്രിക കർമ്മങ്ങൾ, ശില്പശാസ്ത്രം, വിഗ്രഹ നിർമ്മിതി എന്നിവയ്ക്കു ഇന്നും ആധികാരികഗ്രന്ഥമായി കരുതുന്ന ഗ്രന്ഥസമുച്ചയങ്ങളുടെ കർത്താവാണ്*.

കാക്കശ്ശേരി ഭട്ടതിരി

*ദാമോദര ഭട്ടൻ എന്നും അറിയപ്പെട്ടിരുന്നു. തനിക്കു ലഭിച്ച ആദ്യ സന്ദർഭത്തിൽ വച്ച് പട്ടത്താന സദസ്സിൽ ഉദ്ദണ്ഡശാസ്ത്രിയെ തോല്പിച്ച വ്യക്തിയാണ്. വിവിധ വിഷയങ്ങളിൽ അപാര പാണ്ഡിത്യത്തിനുടമയായിരുന്നു*.

ഉദ്ദണ്ഡശാസ്ത്രികൾ

*ശാസ്ത്രികൾ കർണ്ണാടകത്തിലെ (അന്നത്തെ മൈസൂർ) ലതാപുരത്തായിരുന്നു വസിച്ചിരുന്നത്. രാജാവിന്റെ ആശ്രയം തേടിയാണ് കോഴിക്കോട്ടു വരുന്നത്. വാർഷിക പട്ടത്താനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. കോകിലസന്ദേശം, മല്ലികമാരുതം എന്നിവയാണ്‌ പ്രശസ്തമായ രചനകൾ. കോകിലസന്ദേശം മഹാകാവ്യവും മല്ലികമാരുതം മാലതീമാധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്*.

പൂനം നമ്പൂതിരി

*മലയാളഭാഷയിലാണ് കൃതികൾ മുഴുവനും. പ്രസിദ്ധമായ കൃതി രാമായണം ചമ്പുവാണ്. ഭാരതചമ്പുവും അദ്ദേഹമാണ് രചിച്ചത് എന്ന് ചിലർ അവകാശപ്പെടുന്നുണ്ട്‌*.


*കാരിക്കോട്ടമ്മ -27-12-19*

No comments: