ഭാരതീയ ഗണിതത്തിലെ കേരളീയ സ്പര്‍ശം
Sunday 22 December 2019 6:44 am IST
വൈദിക സുല്‍ബ സൂത്രങ്ങള്‍ മുതല്‍ ശ്രീനിവാസരാമാനുജന്‍ വരെയുള്ള ഭാരതത്തിലെ ഗണിത പൈതൃകം അന്യാദൃശ്യവും അത്ഭുതവുമാണ്. സുല്‍ബ സൂത്രങ്ങള്‍ പിന്‍കാല വൈദിക സാഹിത്യത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കുന്നത്. ആര്യഭടന്‍, ബ്രഹ്മഗുപ്തന്‍, ഭാസ്‌കരാചാര്യര്‍ സംഗമഗ്രാമ മാധവന്‍ തുടങ്ങി ശ്രീനിവാസരാമാനുജനില്‍ എത്തുമ്പോള്‍ എണ്ണിയാലൊടുങ്ങാത്ത ഭാരതീയ ഗണിതശാസ്ത്രജ്ഞരെ കാണാനാകും. ആധുനികനായ ശ്രീനിവാസരാമാനുജന്റെ ജനനവും മരണവും ജീവിത രേഖയും മാത്രമേ നമുക്ക് കൃത്യമായി അറിവുള്ളൂ. അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബര്‍ 22 നാണ് ദേശീയ ഗണിതദിനമായി ആചരിച്ചു വരുന്നത്.
ഗണിത ലോകത്തിലെ ഏറ്റവും ബൃഹത്തായ ഖണ്ഡ(വാല്യ)മാണ് ഭാരതീയഗണിതമെങ്കില്‍ അതിലെ സുവര്‍ണ്ണ അധ്യായമാണ് കേരളീയ ശാഖ. നാലാം ശതകത്തിലെ വരരുചിയില്‍ തുടങ്ങി പതിനെട്ടാം ശതകത്തിലെ ശങ്കരവര്‍മ്മന്‍ വരെ എത്തിനില്‍ക്കുന്ന ആ സരണി.
കേരളീയ പാരമ്പര്യത്തിലെ വരരുചി ,ഹരിദത്തന്‍, ശങ്കരനാരായണന്‍, സൂര്യദേവന്‍, ഗോവിന്ദ ഭട്ടതിരി എന്നിവരുടെ കാലഘട്ടം ജ്യോതിശാസ്ത്രത്തില്‍ നിരീക്ഷണ ഫലത്തിന്റെയും ഗണിതഫലതത്തിന്റെയും അന്തരം കുറയ്ക്കാനുള്ള നിരന്തര പരിശ്രമത്തിന്റെ അന്വേഷണാത്മക കാലമായിരുന്നു. ഹരിദത്തന്റെ പരഹിത ഗണിതവും ശങ്കരനാരായണന്‍ മഹോദയപുരത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രവും അതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. ഈ കാലഘട്ടത്തിലെ ആര്യഭടനും പ്രഥമ ഭാസ്‌കരാചാര്യരും കേരളീയരാണ് എന്ന വാദവും ഒരു വിഭാഗം ഗണിത ചരിത്ര പണ്ഡിതര്‍ക്കുണ്ട്.
പതിനാലാം നൂറ്റാണ്ടിലെ സംഗമഗ്രാമമാധവനില്‍ കൂടി ആരംഭിക്കുന്ന ഗുരുശിഷ്യ പരമ്പര ലോക ചരിത്രത്തിലെ തന്നെ വേറിട്ട അധ്യായമാണ്. ത്രികോണമിതി, ബീജഗണിതം തുടങ്ങി ഇന്ന് 'ആധുനികം' എന്ന് പരിഗണിക്കുന്ന ഗണിത ശാസ്ത്ര ശാഖയ്ക്ക് ഇവര്‍ക്ക് മുമ്പേ ഭാരതത്തില്‍ ഏറെ പ്രചാരമുണ്ടായിരുന്നുവെങ്കിലും അവയെല്ലാം പരിമിത ഗണിത ലോകത്താണ് വിഹരിച്ചിരുന്നത്. എന്നാല്‍ മാധവനിലൂടെ ഗണിത ലോകം അപരിമേയമായ അനന്ത ശ്രേണിയിലേക്കും ആധുനിക ഗണിത അപഗ്രഥന രീതികളിലേക്കും സംക്രമിക്കുന്ന യുഗപരിവര്‍ത്തനാരംഭം രേഖപ്പെടുത്തുന്നു. കലന ഗണിതത്തിന്റെ (കാല്‍ക്കുലസ്) വളര്‍ച്ചയില്‍ ഭാസ്‌കരാചാര്യന് ശേഷം ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ഈ കേരളീയ ഗണിതജ്ഞര്‍ ആയിരുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടു(ഭാസ്‌ക്കാരാചാര്യര്‍) മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ശ്രീനിവാസ രാമാനുജന്റെ രംഗപ്രവേശനം വരെയുള്ള ഭാരതത്തിന്റെ ഗണിത സംഭാവന ശുദ്ധശൂന്യമായിരുന്നു എന്നാണ് ലോക ഗണിത ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇതേ സമയത്ത് കേരളത്തിന്റെ മധ്യഭാഗത്ത് പേരാറിനും പെരിയാറിനുമിടയില്‍ നിരവധി ഗണിത ജ്യോതിസുകള്‍ ഉദയം ചെയ്തു. മലബാറില്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഒരു ഉദ്യോഗസ്ഥനായി വന്ന ചാള്‍സ.് എം വിഷിലൂടെ പതിമൂന്നാം നൂറ്റാണ്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെ കേരളത്തില്‍ നിലനിന്ന ഗണിത ശാസ്ത്ര രംഗത്തെ അണമുറിയാത്ത ഈ ഗുരുശിഷ്യ പരമ്പരയുടെ അത്ഭുതാവഹമായ സംഭാവനകള്‍ ലോകത്ത് അവതരിപ്പിക്കപ്പെടുകയായിരുന്നു. വിഷിലെ ജ്യോതിഷ താല്‍പര്യമാണ് കടത്തനാട്ട് ഇളയരാജാവ് ആയിരുന്ന ശങ്കരവര്‍മ്മനുമായി അദ്ദേഹത്തെ അടുപ്പിച്ചത്.
ശങ്കരവര്‍മ്മനാണ് സംഗമഗ്രാമമാധവന്റെ പരമ്പരയില്‍പ്പെട്ട പ്രമുഖരായ വടശ്ശേരി പരമേശ്വരന്‍, നീലകണ്ഠസോമയാജി, പറക്കോട് ജേഷ്ഠദേവന്‍, പുതുമന സോമയാജി, ശങ്കരവാര്യര്‍ തുടങ്ങിയവരുടെ ഗണിത കണ്ടെത്തലുകള്‍ കോര്‍ത്തിണക്കി സദ്രത്‌നമാല എന്ന സമഗ്രഗണിത ഗ്രന്ഥം രചിച്ചത്. ശങ്കരവര്‍മ്മയില്‍ നിന്നും വിഷ് മനസ്സിലാക്കിയ കാര്യങ്ങള്‍ 1832ല്‍ അദ്ദേഹം റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിച്ചു. എന്നാല്‍ അതിനെ അംഗീകരിക്കുവാന്‍ പാശ്ചാത്യ പണ്ഡിതലോകം അന്ന് തയ്യാറായില്ല.
എന്നാല്‍ ഭാരതത്തിലെ ഒരു കൂട്ടം ഗവേഷണ തല്‍പ്പരര്‍ ഈ രംഗത്ത് പിന്നീട് വളര്‍ന്നു വരികയും ഭാരതീയ ശാസ്ത്ര പാരമ്പര്യത്തില്‍ പ്രത്യേകിച്ചും ഗണിതം, ജ്യോതിശാസ്ത്രം, രസതന്ത്രം എന്നീ മേഖലയിലെ ഭാരതീയ സംഭാവനകള്‍ കണ്ടെത്തി രേഖപ്പെടുത്തുകയും ചെയ്തു. ബി. ബി. ദത്തിന്റെ ഹിന്ദു മാത്തമാറ്റിക്‌സ്, ആചാര്യ പി. സി. റായുടെ ഹിന്ദു കെമിസ്ട്രി തുടങ്ങിയ ബൃഹത് ഗ്രന്ഥങ്ങള്‍ ഈ രംഗത്തെ വലിയ വിവര സ്രോതസ്സുകളായി ഇന്നും നിലനില്‍ക്കുന്നു.
കേരളീയ ഗണിത ശാഖയിലെ സംഗമഗ്രാമ മാധവന്‍, ജ്യേഷ്ഠദേവന്‍, നീലകണ്ഠസോമയാജി തുടങ്ങിയവര്‍ക്ക് ഇന്നും വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല. ആധുനിക ഗണിതത്തില്‍ ന്യൂട്ടന്റെയും ലേബനിറ്റസ്‌ന്റെയും ഗ്രിഗറിയുടെയും കോഷിയുടെയും മറ്റും പേരില്‍ അറിയപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഇരുപത് സിദ്ധാന്തങ്ങള്‍ എങ്കിലും കേരളീയ ഗണിത ശാഖയുടെതാണെന്ന് നിസ്സംശയം പറയാം. അത് അവകാശപ്പെടാനോ സ്ഥാപിച്ചെടുക്കാനോ വേണ്ട ശ്രമങ്ങളോ ഗവേഷണങ്ങളോ ഇന്നേവരെ നടന്നിട്ടില്ല. മാധവാചാര്യരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജന്മഗൃഹം ഇന്നും നിലനില്‍ക്കുന്നു എന്നുള്ളതാണ് മറ്റൊരത്ഭുതം. ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷനു സമീപം കല്ലേറ്റുങ്കരയില്‍ ഇരിങ്ങാടപള്ളി മനയും തൊട്ടടുത്തെ ശ്രീകൃഷ്ണ ക്ഷേത്രവും അവിടെ തന്നെയുള്ള ആചാര്യന്റെ സാധനാ/ നിരീക്ഷണ കരിങ്കല്‍ ഫലകവും ഒരു വലിയ പൈതൃകത്തിന്റെ തിരുശേഷിപ്പുകളാണ്. അവയ്ക്ക് പരിഗണനയോ പരിപാലനമോ കിട്ടുന്നില്ല.
വേണ്വരോഹവും തന്ത്രസംഗ്രഹവും യുക്തിഭാഷയും സദ്രത്‌നമാലയും മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ പോലും ഇത്രകാലമായിട്ടും കേരളം തയ്യാറായിട്ടില്ല. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനും മുമ്പേ അദ്ദേഹത്തിന്റെ തന്നെ നാട്ടുകാരനായ ജ്യേഷ്ടദേവനാല്‍ മലയാളത്തില്‍ എഴുതപ്പെട്ട ഗണിത കൃതി ഗ്രന്ഥമാണ് യുക്തിഭാഷ. ആധുനിക കലന ഗണിതത്തിന്റെ എഴുതപ്പെട്ട ആദ്യ കൃതിയായി ഇന്ന് പണ്ഡിതലോകം യുക്തിഭാഷ അംഗീകരിക്കുന്നു.
No comments:
Post a Comment